തൃശൂരിലെ മറ്റത്തൂരിൽ ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നിന് പോലും ഒരാളെ ബാക്കിയാക്കാതെ എല്ലാവരെയും ബിജെപി എടുത്തു. സംഘപരിവാറിന് നിലം ഒരുക്കുന്നത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ലിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തൃശൂർ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരിച്ച് നടപടി നേരിട്ട കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്തിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ടിഎം ചന്ദ്രനും. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് ഇന്നലെ മറ്റത്തൂരിൽ കണ്ടതെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യത്താൽ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ടിഎം ചന്ദ്രൻ പറഞ്ഞു.
തൃശൂരിലെ മറ്റത്തൂരിലെ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡീ സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴും പരിഹാസം പറയുന്നതിലാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും തോറ്റിട്ടില്ല എന്ന് വിചാരിച്ചാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഇരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. തോൽവിയെ കുറിച്ചാണ് എൽഡിഎഫ് പഠിക്കേണ്ടത്. ഒന്നും കിട്ടാത്തതുകൊണ്ട് മറ്റത്തൂര്‍ പഞ്ചായത്തിലുണ്ടായ കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനും ബിജെപിയ്ക്കും ഇപ്പോഴുള്ളത് എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് ജയിച്ചാലും മതിയെന്ന് തെളിയിക്കുന്നതാണ് മറ്റത്തൂരും കുമരകത്തും സംഭവിച്ചതെന്ന് എം സ്വരാജ് പറയുന്നു. പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
2026ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ഥാനാർത്ഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും 50% ടിക്കറ്റുകൾ നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു കേരളത്തിൽ നടപടി ഉണ്ടാകുന്നില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ എല്ലാം കേസെടുത്തു എന്നു പറഞ്ഞ മന്ത്രി, കേരളത്തിൽ ആക്രമിക്കപ്പെട്ടവർക്ക് എതിരെയാണ് കേസെടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടിയിൽ പരിഷ്കാരങ്ങൾ വേണമെന്ന മുതിർന്ന സഹപ്രവർത്തകൻ ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാർട്ടിയിൽ വാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങൾ സുഹൃത്തുക്കളാണ്. സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം. അതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ട് നാടകീയ നീക്കവുമായി കൌണ്‍സിലർ ആർ ശ്രീലേഖ. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല ചെറിയ പ്രശ്നം നിങ്ങൾ വിവാദമാക്കരുത്. എന്‍റെ അനിയൻ തന്നെയാണ് പ്രശാന്ത്. പ്രശാന്തിന് മൂന്ന് മാസം തുടരണമെങ്കിൽ തുടരട്ടെ. എനിക്ക് വിരോധമില്ല. അല്ലാതെ എനിക്ക് നിവൃത്തിയില്ല എന്ന് ശ്രീലേഖ പറഞ്ഞു. അതേസമയം ഏഴ് വർഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതു കൊണ്ട് തനിക്കില്ലെന്നായിരുന്നു വി കെ പ്രശാന്ത് എംഎൽഎയുടെ പ്രതികരണം.
ജനകീയനായ എം.എൽ.എയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കമെന്നും മന്ത്രി പ്രതികരിച്ചു. സഖാവ് വി.കെ പ്രശാന്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.
വികെ പ്രശാന്തുമായുള്ള സൗഹൃദം വെച്ചാണ് ആര്‍ ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറയണമെന്നില്ല. ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോര്‍പ്പറേഷൻ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കുമെന്നും, രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാമെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരം മേയർ വിവാദത്തിൽ അതൃപ്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി ആ ശ്രീലേഖ. മേയർ പദവി കിട്ടാത്തതിൽ പ്രതിഷേധം ഇല്ല. നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്ന് പറഞ്ഞതാണ്. മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത്. കൗൺസിലരായി 5 വർഷവും വാർഡിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി.
എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തർക്കവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ഉണ്ടായത് ചെറിയ ചെറിയ പരാതികൾ മാത്രമാണെന്ന് ഷിയാസ് അവകാശപ്പെട്ടു. നൂറു ശതമാനം എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ വച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍റെ ഫോട്ടോ എടുത്തു മാറ്റിയതിനെ ചൊല്ലി വിവാദം. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയാണ് പുതിയ ഹാള്‍ നിർമ്മിച്ച് വിഎസിന്‍റെ പേരും നൽകിയത്. സ്പീക്കറാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഇന്നലെ യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ ഫോട്ടോ മാറ്റിയെന്നാണ് സിപിഎം ആരോപണം. ഫോട്ടോ മാറ്റിയതിന്‍റെ ചിത്രങ്ങളും സിപിഎം പുറത്തുവിട്ടു.
എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയിൽ കോൺഗ്രസ് ഭരണം പിടിച്ച ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ വീണ്ടും നടപടി. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെ കോൺഗ്രസ് പുറത്താക്കി. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി. കുന്നംകുളത്തെ പൊലീസ് മർദ്ദനത്തിന് ഇരയായ സുജിത്തിനെ സംരക്ഷിച്ച കോൺഗ്രസ് നേതാവ് വർഗീസിന്റെ ഭാര്യയാണ് സബേറ്റ. പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ എമ്മിനെയും നേരത്തെ പുറത്താക്കിയിരുന്നു.
കുമരകത്ത് ബിജെപിയിൽ നടപടി. വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്ത മൂന്ന് പേരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. പി കെ സേതു, സുനിത് വി കെ, നീതു റെജി എന്നീ അംഗങ്ങളെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡൻ്റായിരുന്നു.
വടകര ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം. ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി.
മാലിന്യം വിറ്റ് കാശ് സമ്പാദിച്ചതിന് കേന്ദ്രമന്ത്രി നിർമല സീതാരാമന്‍റെ പ്രശംസ പിടിച്ചു പറ്റിയ ഇടുക്കിയിലെ ഇരട്ടയാർ പഞ്ചായത്തിൽ, ഹരിത കർമ സേനാംഗം തന്നെ പ്രസിഡന്‍റായി. യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച കെ എ രജനിയെയാണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.പതിനഞ്ചിൽ ഒൻപത് വാർഡിലും ജയിച്ച് ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ രജനിയെ പ്രസിഡൻറാക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
നാവായിക്കുളം പഞ്ചായത്തിലെ അട്ടിമറിയിൽ നാല് വിമതർക്കെതിരെ നടപടിക്ക് കോൺഗ്രസ്. എൽഡിഎഫിനൊപ്പം നിന്ന് നേടിയ പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെടും. രാജിയില്ലെങ്കിൽ അയോഗ്യതാ നടപടിയിലേക്ക് കടക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കോൺഗ്രസ് പ്രഖ്യാപിച്ച് വീട് നിർമാണത്തിൽ ചോദ്യവുമായി സിപിഎം. കോൺഗ്രസിനെയും ടി സിദ്ദിഖിനെയും വിമർശിച്ച് വയനാട് സിപിഎം സെക്രട്ടറി രംഗത്തെത്തി. ഡിസംബർ 28ന് വീട് നിർമ്മാണം തുടങ്ങും എന്നായിരുന്നു പ്രഖ്യാപനമെന്നും എവിടെയാണ് നിർമ്മാണ പ്രവർത്തനം തുടങ്ങിയതെന്ന് വെളിപ്പെടുത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.
പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു.
എറണാകുളം കണ്ണമാലിയില്‍ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാക്കള്‍. പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണെന്ന് അപകടത്തിൽ പരിക്കേറ്റ അനിലിന്‍റെ സുഹൃത്ത് രാഹുൽ പറഞ്ഞു.അതേസമയം, കണ്ണമാലിയിലെ പൊലീസിനെതിരായ ആരോപണം തള്ളുകയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. യുവാക്കൾ മദ്യപിച്ചിരുന്നു എന്നാണ് പരിശോധനയിൽ മനസ്സിലാക്കുന്നതെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല എന്ന വാദം ശരിയല്ലെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
കാട്ടുപന്നി, മയിൽ എന്നീ വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിൽ നൂറുകണക്കിന് വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഓണമടക്കം വിപണിയിൽ പേരെടുത്ത ചെങ്ങഴിക്കോടൻ എന്ന നേന്ത്രവാഴയുടെ ഉത്ഭവ കേന്ദ്രമാണ് കരിയന്നൂർ ഗ്രാമം. ഇവിടെ വാഴകൃഷി ഇറക്കിയ കർഷകരുടെ നേന്ത്രവാഴകളും, നാടൻ വാഴകളുമാണ് ഇന്നലെ രാവിലെ കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചത്.
പാലക്കാട് ചിറ്റൂരിലെ ആറ് വയസ്സുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സുഹാന്‍റെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാനെ കാണാതായത്.
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മരണത്തിൽ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. അമ്പാട്ടുപാളയം മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ ഇളയമകൻ, ആറു വയസ്സുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
കർണാടകയിൽ സംഭവിച്ച ബുൾഡോസർ കുടിയൊഴിപ്പിക്കൽ നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ആയിരുന്ന ഡോക്ടർ എ ജെ ഷഹനയുടെ ആത്മഹത്യ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എം സലാഹുദ്ദീനെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമാണ് എം സലാഹുദ്ദീൻ.
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ (ഡിസംബർ 29) വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി 30ന് രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93 മത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും
ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 63 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1441 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് ചേവായൂര്‍ പൊലീസ് കലാപാഹ്വാനത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനില്‍ വീണ്ടും ഹാജരാകും. എന്നാല്‍, വീണ്ടും കസ്റ്റഡിയിലെടുക്കയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ തടയുമെന്നും സ്റ്റേഷന്‍ ഉപരോധത്തിലേക്ക് പോകുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി. കേന്ദ്ര സര്‍ക്കാരിന്‍റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകും. ആദ്യഘട്ടമായി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ മന്ത്രിമാരും എംഎൽഎമാരും അണിനിരക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയം സംഘടിപ്പിക്കും
നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
ബെംഗളൂരു യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനം. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി നിർണായക യോഗം വിളിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകുന്നേരമാണ് യോഗം നടക്കുക
മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2026 പ്രതീക്ഷകളുടെ വർഷം ആണെന്നും രാജ്യം കൂടുതൽ ഊർജ്ജത്തോടെ മുന്നേറുമെന്നും മോദി മുൻ കീ ബാത്തിൽ പറഞ്ഞു.ഈ ഒരു ‘
ഒമാനിലെ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 4:44-നാണ് ഭൂചലനം ഉണ്ടായത്.
രണ്ട് വർഷത്തിനിടെ പാകിസ്താനിൽ നിന്ന് വൻതോതിൽ പ്രൊഫഷണലുകൾ വിദേശത്തേക്ക് കുടിയേറുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മോശം സാമ്പത്തികാവസ്ഥയും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് പ്രൊഫഷണലുകളുടെ ഈ കൂട്ടപ്പലായനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ 24 മാസത്തിനിടെ പാകിസ്താനിൽ നിന്ന് 5,000 ഡോക്ടർമാരും 11,000 എഞ്ചിനീയർമാരും 13,000 അക്കൗണ്ടന്‍റുമാരും രാജ്യം വിട്ടു എന്നാണ് റിപ്പോർട്ട്.
മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. റാംപുർ ബാഗേലൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് യുവതി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം താമസക്കാരുടെ വീടുകൾ തകർത്ത സംഭവത്തിൽ സ്ഥലം സന്ദർശിച്ച് എ എ റഹീം എം പി. അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു’ എന്നാണ് ഔദ്യോഗിക വിശദീകരണം. അത് ശുദ്ധ അസംബന്ധമാണ്. എല്ലാവർക്കും ഈ ഭൂമിയിൽ അവകാശ രേഖയുണ്ട് എന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ സ്ഥിരീകരിക്കുന്നുവെന്നും എം പി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ എന്തിനാണ് ബുൾഡോസറുകൾ അയച്ചതെന്നും എ എ റഹീം ചോദിച്ചു.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ. ജമ്മുകശ്മീരിലെ നിലവിലുള്ള സംവരണ നയത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. മകൾ ഇൽതിജ മുഫ്തി, ശ്രീനഗർ എംപി റുഹുള്ള മെഹ്ദി, പിഡിപി നേതാവ് വഹീദ് പര എന്നിവരെയും വീട്ടുതടങ്കലിലാക്കി. ഒമർ അബ്ദുള്ള സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയത്.
ഉന്നാവ് കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത. ഹൈക്കോടതിയിൽ സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകി. ഇതിനിടെ, ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി.
ഡെറാഡൂണിൽ വംശീയ ആക്രമണത്തിന് ഇരയായ ത്രിപുര യുവാവ് മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തനിക്കും ഇളയ സഹോദരനും നേരെ വംശീയ അധിക്ഷേപം നടത്തിയ ഒരു കൂട്ടം ആളുകളെ നേരിട്ട 24 കാരനായ എംബിഎ വിദ്യാർഥി ആഞ്ചൽ ചക്മയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. അത് തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആഞ്ചൽ ചക്മ പറഞ്ഞതിനെ തുടർന്നാണ് കുത്തേറ്റത്. ആറ് പേരാണ് അക്രമി തെന്നാണ് വിവരം.
ബഹ്റൈനില്‍ സ്വകാര്യ കബഡി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ചതിന് പാകിസ്ഥാന്‍ ഉബൈദുള്ള രജ്പുതിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ കബഡി ഫെഡറേഷനാണ് (പികെഎഫ്) തീരുമാനമെടുത്തത്. നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായി ശനിയാഴ്ച നടന്ന അടിയന്തര യോഗത്തിലാണ് ഫെഡറേഷന്‍ വിലയിരുത്തി. പിന്നാലെയായിരുന്നു നടപടി.
ഓപ്പറേഷൻ സിന്ദൂറിൽ വ്യോമതാവളത്തിന് നാശമുണ്ടായെന്ന് പരസ്യമായി സമ്മതിച്ച് പാക് ഉപ പ്രധാനമന്ത്രി. 2025 മെയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ തന്ത്രപ്രധാനമായ നൂറ്‍ ഖാൻ വ്യോമതാവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഡിസംബർ 27-ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
ബംഗ്ലാദേശിലെ യുവരാഷ്ട്രീയ പ്രവർത്തകനും ഇൻക്വിലാബ് മോഞ്ചോ നേതാവുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നു എന്ന ബംഗ്ലാദേശിന്റെ അവകാശവാദം തള്ളി ബിഎസ്എഫും മേഘാലയ പോലീസും. അക്രമികൾ സംസ്ഥാനത്തേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പോലീസിന്റെ അവകാശവാദം മേഘാലയയിലെ സുരക്ഷാ ഏജൻസികൾ ഞായറാഴ്ച തള്ളി.
