Untitled design 20250112 193040 0000 1

 

തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേറ്റു. 50 വോട്ടുകളാണ് ആശ നാഥിന് കിട്ടിയത്. ഒരു വോട്ട് അസാധുവായി. എൽഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളും ഒരു വോട്ട് അസാധുവുമായി. യുഡിഎഫിന്റെ മേരി പുഷ്പത്തിന് 19 വോട്ടുകളുമാണ് ലഭിച്ചത്. വിവി രാജേഷാണ് തിരുവനന്തപുരത്തെ മേയർ. രാവിലെയാണ് മേയറായി വിവി രാജേഷ് ചുമതലയേറ്റത്. 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്.

 

ആർ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് തിരുവനന്തപുരം മേയ‍ർ വിവി രാജേഷും ഡെപ്യൂട്ടി മേയ‍ർ ആശ നാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. രാവിലേ മേയരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിവി രാജേഷിന്‍റെ വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടർ സേതുനാഥിനോടും സംസാരിച്ചു. എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും രാജേഷ് പ്രതികരിച്ചു.

 

തൊടുപുഴ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും കോൺഗ്രസിൽ തർക്കം. കോൺഗ്രസിന് അധ്യക്ഷസ്ഥാനം കിട്ടുന്ന ടേണിൽ ലിറ്റി ജോസഫിന് ചുമതല കൊടുക്കണമെന്ന് മിനിറ്റ്സിൽ ബ്ലോക്ക് പ്രസിഡന്‍റ് എഴുതിച്ചേർത്തതാണ് വിവാദമായത്. സംഭവത്തിൽ അമർഷം രേഖപ്പെടുത്തിയ ഡിസിസി പ്രസിഡന്‍റ്, മിനുട്സ് തിരുത്താൻ നിർദേശം നൽകി. ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നീക്കത്തിനെതിരെ കെപിസിസിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് കൗൺസിലറും കെപിസിസി ജനറൽ സെക്രട്ടറിയുമായ നിഷ സോമൻ അറിയിച്ചു.

 

പാലക്കാട്‌നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗൺസിലർ പ്രശോഭിനെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് മാറ്റിനിർത്തിയത്. കൗൺസിൽ യോഗം ചേർന്ന് മിനിറ്റുകൾ വൈകി 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിങ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

 

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ പുതുതായി 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരാതി. ഭൂമി ശാസ്ത്ര പരമായ അതിര്‍ത്തികള്‍ പാലിക്കാതെയാണ് ബൂത്തുകള്‍ തിരിച്ചതെന്നാണ് പരാതി. ചിലയിടങ്ങളിൽ ഒരു വീട്ടിലെ വോട്ടര്‍മാര്‍ തന്നെ രണ്ട് ബൂത്തിലാകുന്ന സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്.

 

പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് പിന്നാലെ എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് എംഎൽഎ ഓഫീസ് നഷ്ടമായി. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. ഇവരെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് എംഎൽഎ ഓഫീസ് എൽദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത്. എംഎൽഎ ഓഫീസിൻ്റെ ബോർഡ് ഇളക്കി മാറ്റി. ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചാണ് കെട്ടിട ഉടമ അരിശം തീർത്തത്.

 

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സെക്രട്ടറിയേറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.

 

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മണിക്ക് എസ്ഐടിയുടെ നോട്ടീസ്. എം എസ് മണിയെന്നയാൾക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് എസ്ഐടിയുടെ നോട്ടീസ്. എന്നാല്‍, നോട്ടീസ് നൽകിയിട്ടില്ലെന്നാണ് മണി പറയുന്നത്.

 

ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താൻ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയിൽ നിന്നും അന്വേണ സംഘം വീണ്ടും മൊഴിയെടുക്കും. താൻ ഡി മണിയല്ല എന്നും എംഎസ് മണിയാണെന്നുമാണ് മണിയുടെ വാദം. പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു.

 

 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തെ ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് കേരള പോലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി പരിശോധന തുടർച്ചയായി നടത്താനും പിടിക്കപ്പെടുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

 

തലസ്ഥാനത്ത് ആദ്യമായി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി ജെ പി കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മാരാർജി ഭവനിന് മുൻപിൽ നിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് മുൻ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രം പങ്കുവച്ച് ‘കട്ട വെയ്റ്റിംഗ് KERALA STATE -1’ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

 

ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വിൽപ്പന നടന്നെന്ന് കണക്ക്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഉണ്ടായത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്.

 

ഇടുക്കി മേരികുളത്തിനു സമീപം മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻറ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ തോമസ് (40) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിൻറെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷം. പഞ്ചായത്ത് പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ടാണ് തർക്കം. രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം വേണമെന്ന് മുസ്ളിം ലീഗ് മുന്നണിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസിഡൻ്റ് പദവി പങ്കുവെക്കാനില്ലെന്നും വൈസ് പ്രസിഡൻ്റ് സ്ഥാനം മാത്രമേ നൽകൂവെന്നുമാണ് കോൺഗ്രസിൻ്റെ നിലപാട്. കോൺഗ്രസ് നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാത്ത സാഹചര്യത്തിൽ നാളെ നടക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് മുസ്ലിം ലീഗിൻ്റെ തീരുമാനം.

 

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ. 53 അംഗ കൗൺസിലിൽ 32 വോട്ട് നേടിയാണ് ഫസൽ വധക്കേസിൽ എട്ടാം പ്രതിയായി ജാമ്യത്തിൽ കഴിയുന്ന ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. 2013 മുതൽ കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യത്തിലാണ്.

 

ഇടുക്കി നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജൻ അയ്യപ്പൻ്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

 

ബെംഗളൂരുവിലെ ബുൾഡോസർ നടപടിയിൽ കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദം. സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ച് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്ത നടപടിയെ ചൊല്ലിയാണ് വിവാദം. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ വിമർശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

 

ക്രിസ്‌മസ് ആഘോഷങ്ങൾക്കിടെ രാജ്യത്ത് പലയിടത്തായി ക്രൈസ്‌തവർക്കെതിരെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. തീവ്ര വലതു സംഘടനകൾ നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഈ മൗനം അക്രമികൾക്കുള്ള പരോക്ഷ പിന്തുണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി. 17 വർഷം ലണ്ടനിൽ അഭയാർത്ഥിയായി കഴിഞ്ഞ ശേഷമാണ് മടങ്ങിവരവ്. ഇതിനെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. എന്നാൽ താരിഖ് റഹ്മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി നേതാവും അഭിഭാഷകനുമായ ഷഹരിയാർ കബീർ. ധാക്കയിലെത്തിയ താരിഖ് റഹ്മാൻ തൻ്റെ കാഴ്‌ചപ്പാട് വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഭീഷണി.

 

ജപ്പാനെ നടുക്കി അജ്ഞാത ദ്രാവകം കൊണ്ടുള്ള ആക്രമണം. മിഷിമ നഗരത്തിലെ യോക്കോഹാമ റബ്ബർ കമ്പനിയുടെ ഫാക്ടറിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്. കത്തികൊണ്ട് തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, അജ്ഞാതമായ ഒരു ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റതായി പ്രാദേശിക അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ ടോമോഹാരു സുഗിയാമ അറിയിച്ചു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *