തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം നേടിയ മുന്നണി നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണിയെ മലര്‍ത്തിയടിച്ചു. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിൻറെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അപ്രതീക്ഷിത തിരിച്ചടിയെന്ന് വിലയിരുത്തൽ. ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിലെ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിത്. പാർട്ടിയുടെയോ, എൽഡിഎഫിന്റെയോ ദൃഷ്ടിയിൽ പെടാത്ത ചില പ്രവണതകൾ ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നുവേണം ഇപ്പോഴുണ്ടായ പ്രതീക്ഷിക്കാത്ത തോൽവിയിൽ നിന്ന് മനസ്സിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ സ്വർണം കട്ടവരെ സംരക്ഷിക്കുന്ന പാർട്ടിയുടെ നിലപാടിനെതിരായിട്ടുള്ള വിധിയെഴുത്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിനേക്കാൾ ശക്തമായി തരംഗം ആഞ്ഞടിക്കും’- കെ.സി വേണുഗോപാൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാത്ത ജനവിധിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍.ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി ജനങ്ങളില്‍ ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ നടപടികളെ തുറന്നുകാട്ടി ജനങ്ങളെ മതനിരപേക്ഷ പക്ഷത്ത് അണിനിരത്താന്‍ വേണ്ടിയിട്ടുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ ജയിച്ചുകയറി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിൽ അടിപതറി ട്വന്റി 20. അധികാരത്തിലിരുന്ന രണ്ട് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായപ്പോൾ ഒരു പഞ്ചായത്ത് അധികമായി നേടാൻ കിഴക്കമ്പലത്തെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം കൈവരിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിധിയെഴുത്താണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിൻ്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലായിടങ്ങളിലും യുഡിഎഫിനു മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണെന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ് സംഘർഷം ഉണ്ടായത്. സഹോദരനുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു. ഇയാളുടെ സഹോദരൻ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റാണ്.
കുന്നത്തുനാട്ടിൽ എൽഡിഎഫും യുഡിഎഫും ട്വന്‍റി 20ക്കെതിരെ ഒന്നിച്ചെന്ന് ട്വന്‍റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്ബ്. ട്വന്‍റി20 സ്ഥാനാർഥികൾക്കെതിരെ എല്ലായിടത്തും അപരന്മാരെ നിർത്തി. രണ്ട് പഞ്ചായത്തുകൾ നഷ്ടമാകാൻ കാരണം ഈ മുന്നണിയാണ്. പുതുതായി മത്സരിച്ച സ്ഥലങ്ങളിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ജനവിധി സന്തോഷത്തോടെ ഏറ്റെടുക്കുന്നു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തെന്നും സാബു എം ജേക്കബ് പറഞ്ഞു.
തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി നൽകി ജനവിധി. തൃശൂര്‍ കോര്‍പ്പറേഷന്‍ പത്തു വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാൻ മടികാട്ടിയില്ല. ‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണ് എന്നത് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും പി ജെ കുര്യൻ വിമർശിച്ചു.
ഇടുക്കി ജില്ലയിലെ തകർപ്പൻ വിജയം നേടിയ യുഡിഎഫിന് മുൻ എംഎൽഎ ഇഎം അഗസ്തിയുടെ പരാജയം നാണക്കേടായി. കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐ വിട്ട് കോൺഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. 196 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺഗ്രസി സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചത്. ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്‍റെ വിമര്‍ശനം.
മൂന്നാം തുടര്‍ഭരണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി തദ്ദേശ തെരഞ്ഞെടുപ്പിനിറങ്ങിയ സിപിഎം നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി. ശക്തി കേന്ദ്രങ്ങളിൽ പോലും പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. തിരുവനന്തപുരത്ത് ബിജെപി നേടിയ അട്ടിമറി വിജയവും കൊല്ലം, കോഴിക്കോട് കോട്ടകളിലെ കനത്ത തിരിച്ചടിയും ഇടത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തിൽ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തത്. ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തിലുണ്ട്.
മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. ടി വി ചിഹ്നത്തിൽ ഒന്നാം വാർഡ് കുന്തിപ്പുയയിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ സി അബ്ദുൽ റഹ്‌മാൻ ആണ് 301 വോട്ട് നേടി വാർഡില്‍ നിന്ന് ജയിച്ചത്. വാർഡിലെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. ‘കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി’ എന്നാണ് സജന കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതൽ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്ന സൂചനയാണിത് എന്നും പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു.
കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ ദേശീയ തലത്തിൽ ബി ജെ പിക്ക് വലിയ ആഹ്ളാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. ഇതിനകം എക്സിൽ 4 കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബി ജെ പി ദേശീയ നേതാക്കളുമെല്ലാം ‘തലസ്ഥാന’ വിജയം ആഘോഷമാക്കിയിട്ടുണ്ട്. എല്ലാവർക്കും പ്രിയം മലയാളത്തിലെ കുറിപ്പ് തന്നെയാണെന്നാണ് പ്രത്യേകത.
ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് അപകടമുണ്ടായത്.
