Untitled design 20250112 193040 0000

 

 

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി. എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാടാണ്. കുറവ് തൃശ്ശൂരും. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് പോളിം​ഗ്. നൂറിലേറെ ബൂത്തുകളിൽ യന്ത്രത്തകരാർ സംഭവിച്ചിരുന്നു. എന്നാൽ അതൊക്കെ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

കണ്ണൂരിൽ വിവിധ ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി പരാതി. ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ച്‌ മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി മുജീബ് റഹമാനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. കള്ളവോട്ട്‌ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് മർദനം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതുപോലെ ശ്രീകണ്ഠാപുരത്തെ ബൂത്തില്‍ വനിതാ സ്ഥാനാർത്ഥിക്കും മർദനമേറ്റെന്ന് പരാതിയുണ്ട്.

 

വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ശ്രമം പൊളിഞ്ഞത്. ഇയാളെ പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.

 

15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു.പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു.

 

ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പൊങ്ങിയപ്പോൾ പുറത്താക്കിയ നേതാവിന് കോൺഗ്രസ് പ്രവർത്തരുടെ സ്വീകരണം. വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ ബൊക്കെ നൽകിയാണ് കോണ്‍ഗ്രസ് പ്രവർത്തകര്‍ സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കൾ എല്ലാം പറയുമ്പോഴും രാഹുൽ തങ്ങളുടെ എംഎല്‍എ ആണെന്നാണ് കെഎസ്‍യു ജില്ലാ സെക്രട്ടറി അടക്കം പറയുന്നത്. രാഹുലിനൊപ്പം പോയാൽ എന്താണെന്നും പാലക്കാട്ടെ എംഎൽഎ അല്ലേയെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

 

സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരും ഉള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കി ചോദിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇത്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയിലെ മുഖങ്ങളെക്കൂടി ഓര്‍ക്കണം. യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണം മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നതെന്നും കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

 

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി. കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി. ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലീസ് അറിയിച്ചു

 

നടിയെ ആക്രമിച്ച കേസിൽ ആരാണ് പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്ത് വരുമെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികൾ തല കുത്തി മറിഞ്ഞാലും ഈ കേസിൽ ഇനിയൊരു വിധി വരില്ല. കാരണം ദിലീപ് അല്ല ഇത് ചെയ്തത് എന്നതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയിൽ ജയിക്കുമെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.

 

കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നൽകാത്തതിനാൽ ലാപ് ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.

 

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

 

തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളിൽ, വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനക്കെതിരെ(എസ്ഐആര്‍) രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ സ്ത്രീകളോട് അവർ ആഹ്വാനം ചെയ്തു. കൃഷ്ണനഗറിൽ നടന്ന റാലിയിലാണ് മമതയുടെ ഈ ശക്തമായ പ്രതികരണം.

 

അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോൾ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷൻ തള്ളി. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. എസ്ഐആർ ചർച്ചയിൽ പാർലമെൻറിൽ ഭരണ പ്രതിപക്ഷ വാക്പോര് തുടരുകയാണ്.

 

വോട്ട് ചോരി’യില്‍ താന്‍ നടത്തിയ വാർത്താസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അമിത് ഷാ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും അദ്ദേഹം മാനസികമായി സമ്മര്‍ദത്തിലാണെന്നും അതാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

 

 

ദില്ലി കലാപകേസിൽ ഉമർ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഈമാസം 16 മുതൽ 29 വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണരുതെന്നും വീട്ടിലും വിവാഹ ചടങ്ങു നടക്കുന്നിടത്തും മാത്രം പോകണമെന്നുമുള്ള നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. 2020 സപ്റ്റംബറിൽ അറസ്റ്റിലായ ഉമർ ഖാലിദ് അഞ്ച് വർഷത്തിലധികമായി ജെയിലിലാണ്. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിട്ടുള്ളത്.

 

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ റെയ്ഡുകൾ നടത്തി. മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) പിന്തുണയോടെയാണ് സംഘങ്ങൾ നടത്തിയതെന്നും മറ്റ് മേഖലകളിൽ കേന്ദ്ര സുരക്ഷാ സേന സഹായിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) പുലർച്ചെ 40 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയത്.

 

അമേരിക്കക്ക് പിന്നാലെ, ഇന്ത്യക്ക് മേൽ 50 ശതമാനം നികുതി ചുമത്തി മെക്സിക്കോ. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ അംഗീകാരം നൽകി. ആഭ്യന്തര വ്യവസായത്തെയും ഉൽപ്പാദകരെയും സംരക്ഷിക്കുന്നതിനായാണ് മറ്റ് രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നത്. താരിഫുകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

 

ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നതിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ്. യുഎസിൽ വൻ ചർച്ചയായിരിക്കുകയാണ് ഇന്ത്യൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചേർന്ന് കാറിൽ ഇരുന്നെടുത്ത സെൽഫി. വെറുമൊരു സെൽഫിയല്ലെന്നും ആയിരം വാക്കുകൾ സംസാരിക്കുന്ന ചിത്രമാണെന്നും ഇതിന് കാരണം ഇന്ത്യയ്ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തലതിരിഞ്ഞ നയങ്ങളാണെന്നും സിഡ്നി കാംലഗർ-ഡവ് തുറന്നടിച്ചു.

 

പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യയും വിൽക്കുന്നതിനായി 686 (6191 കോടി ഇന്ത്യൻ രൂപ) മില്യൺ ഡോളറിന്റെ ഒരു പ്രധാന ആയുധ കരാറിന് അമേരിക്ക അംഗീകാരം നൽകിയതായി റിപ്പോർട്ട്. ലിങ്ക്-16 സിസ്റ്റങ്ങൾ, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഏവിയോണിക്‌സ് അപ്‌ഡേറ്റുകൾ, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സി‌എ) യുഎസ് കോൺഗ്രസിന് അയച്ച കത്ത് ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *