രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പരാതി എത്തിയിരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺ​ഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സം​ഗ പരാതിയുമായി രം​ഗത്തെത്തിയത്. എന്നാൽ കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. നിയമപരമായി നേരിടാൻ യുവതിയ്ക്ക് താൽപ്പര്യമില്ലാത്തതിനാലായിരുന്നു കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ പരാതി കോൺ​ഗ്രസ് നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. വിഷയത്തില്‍ കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട്. പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്. വന്ന പരാതി ഉടൻ പൊലീസിന് കൈമാറി. സിപിഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെയാണ് കോണ്‍ഗ്രസ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്‍റ് പരാതി ഉടൻ ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ സിപിഎമ്മിനുള്ളിൽ തീർത്ത ചരിത്രമാണുള്ളതെന്നും സതീശൻ വിമര്‍ശിച്ചു. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരണവുമായി സുഹൃത്ത് ഫെന്നി നൈനാൻ. പരാതി പച്ചക്കള്ളമാണെന്നും പിന്നിൽ ​ഗൂഢാലോചനയെന്നും ഫെന്നി വ്യക്തമാക്കി. പരാതി പറഞ്ഞ വ്യക്തിയെ അറിയില്ല. ഇങ്ങനെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടുമില്ല അറിയുകയുമില്ല. ഡിജിപിക്ക് പരാതി നൽകി കഴിഞ്ഞു. ഉടൻ നിയമ നടപടിയും സ്വീകരിക്കും. പ്രചരണം നിർത്തി എന്നത് വ്യാജ പ്രചരണമാണ്. ഇപ്പോഴും എപ്പോഴും വീടുകയറി വോട്ട് തേടുകയാണെന്നും ഫെന്നി മാധ്യമങ്ങളോട് വ്യക്തമാക്കി.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്.രാഹുൽ രാജി വെക്കണം, തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നുവെന്നും ബിനോയ് വിശ്വം വിമർശിച്ചു.

 

 

 

ഇന്ത്യ- മാലിദ്വീപ് സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി. എക്സസൈസ് എക്യുവെറിൻ (EKUVERIN) എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഈ മാസം 14 വരെയാണ് പരിപാടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്.

 

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും തൃശൂർ പ്രസ് ക്ലബിന്‍റെ വോട്ട് വൈബ് പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ഭരണം വീട്ടുപടിക്കൽ എന്നതാണ് ലക്ഷ്യം. ഭരണശൈലിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തടയാതെ സുപ്രീംകോടതി. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നല്‍കി. എസ്ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാൾ കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

 

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

 

ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന്‌ മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട്. വ്യാപകമായ മഴ സാധ്യതയല്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ലഭിക്കാൻ സാധ്യതയുണ്ട്.

 

 

ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാകില്ലെന്ന് പുതുച്ചേരി പൊലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പൊലീസ് പറഞ്ഞു.

 

വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ ചര്‍ച്ച നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂർ നേരം പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കും. ഉടന്‍ ചര്‍ച്ചയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിച്ചിരുന്നു. എസ്ഐആറിലെ ചര്‍ച്ചക്ക് മുന്‍പ് സര്‍ക്കാര്‍ അജണ്ടയായ വന്ദേ മാതരത്തില്‍ ചര്‍ച്ച നടക്കും.

 

 

പുതിയ എല്ലാ മൊബൈലുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷവും വിവിധ സംഘടനകളും വിമർശിച്ചു. ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താവിന് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രമന്ത്രിയടക്കം വിശദീകരിക്കുന്നുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഉത്തരവിന് വിരുദ്ധമാണിത്. നടപടി അം​ഗീകരിക്കില്ലെന്ന് ആപ്പിൾ നിലപാടെടുത്തു.

 

 

ഫോണുകളിൽ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പാത്ര വാര്‍ത്താസമ്മേളനം നടത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ചത്. സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതിൽ രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപി സംബിത് പാത്ര പറഞ്ഞു.

 

 

കോൺഗ്രസ് ഹൈക്കമാന്റുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കൾ സമയം നൽകിയാൽ ദില്ലിയിലെത്തി കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയത്. നാളെ കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി നേരിട്ട് കാണും.

 

കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.

 

 

ശ്രീലങ്കക്ക് സാധന സാമഗ്രികൾ അയച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് പാകിസ്ഥാൻ. അയച്ച സാധനങ്ങളെല്ലാം എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊളംബോയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ കിറ്റിന്റെ ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്. മിനിറ്റുകൾക്കുള്ളിൽ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുവരും ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഇരുവരും റാഞ്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം.

 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിരോധ ഇടപാടുകള്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും, അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് വിവരം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *