കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ എസ്ഐആര്‍ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16 ന് കരട് പട്ടികയും അന്തിമ പട്ടിക ഫെബ്രുവരി 14 നും പുറത്തിറക്കും.

 

മുനമ്പത്തു സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പുതിയ സമരപ്പന്തലില്‍ സമരം ആരംഭിച്ച് വിമതര്‍. 414 ദിവസമായി സമരം നടക്കുന്ന വേദിയിൽ നിന്ന് ബിജെപി അനുകൂലികളായ നാട്ടുകാർ പുതിയ സമരത്തിലേക്ക് ഇറങ്ങുകയാണ് ഉണ്ടായത്. ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് അവരുടെ പ്രഖ്യാപനം.

 

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ഇത് താൽക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യർ പറഞ്ഞു. വഖഫ് ബോർഡ് ആസ്തിപട്ടികയിൽ നിന്ന് ഭൂമി മാറ്റൽ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദർ ആന്റണി സേവ്യർ വ്യക്തമാക്കി.

 

രാഹുൽ മാങ്കുട്ടത്തിലിന്‍റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിസിടിവി ഡിവിആറിന് ബാക്ക്അപ്പ് കുറവാണെന്നാണ് വിവരം. സമീപത്തെ കൂടുതൽ സിസിടിവികൾ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മെയ് അവസാന ആഴ്ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റിൽ എത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫ്ളാറ്റിൽ എത്തി പരിശോധന നടത്തി.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാൻ യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക. യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.

 

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് എതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിഡി സതീശൻ പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സൈബർ ആക്രമണത്തെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും പാർട്ടി അന്വേഷിക്കേണ്ട ഗൗരവം വിഷയത്തിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു, രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ല എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും കെ മുരളീധരൻ. കൂടാതെ രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുത് എന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസില്ലെന്ന് വി ടി ബൽറാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാൽ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഇല്ലെന്നും വി ടി ബൽറാം പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് പാർട്ടിയുടെ അറിവോടെയല്ലെന്നും അതിനുള്ള അനുമതി പാർട്ടി നൽകിയിട്ടില്ല, രാഹുലിനെ ഒളിവിൽ കഴിയാൻ കോൺഗ്രസ് നേതാക്കൾ സഹായിച്ചിട്ടില്ല. അത്തരം ആരോപണങ്ങൾ തെറ്റാണ് എന്നും എ തങ്കപ്പൻ പറഞ്ഞു.

 

 

ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തൽ. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു

 

യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തേക്കും. രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.

 

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിലെത്തി. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലാണ് പൊലീസെത്തിയത്. അതേസമയം, പൊലീസ് സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഫെന്നി ഫൈനാൻ പറയുന്നു. സംഭവത്തെ തുടർന്ന് കെഎസ്‌യു നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഫെന്നി നൈനാൻ അടൂർ പൊലീസ്.

 

രാഹുല്‍ മാങ്കൂട്ടത്തിനും സൈബര്‍ സംഘത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി വനിതാ നേതാവ് പത്മജാ വേണുഗോപാല്‍. പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്നുവെന്നും എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരുമെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടന്ന ഇവന്റെ ഒരു തൊലിക്കട്ടിയെന്നും പത്മജ വ്യക്തമാക്കി.

 

വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോഗം ചെയ്തതായും ആഭ്യന്തര വകുപ്പിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

 

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണെന്നും അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്, ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.

 

 

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ്ഐടി അന്വേഷണത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5 ന് അവസാനിക്കാനിരിക്കെ പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു.

 

പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്‍റെയും വനം വകുപ്പ് നിർദേശം.

 

 

തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർ മരിച്ചു. അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണ്ണമായും തകർന്നു. സ്ഥലത്ത് ആംബുലൻസുകളെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

 

45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരം നശിപ്പിച്ചെന്നും, നഗരം വീണ്ടെടുക്കാൻ അധികാരം ലഭിച്ചാൽ നാല്പത്തഞ്ച് ദിവസത്തിനകം വികസന രേഖ അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയും വികസന രേഖയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

 

 

സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

 

 

തൃശ്ശൂരില്‍ ബിജെപി കണ്‍വെൻഷനിൽ സംസാരിക്കവെ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നും അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും വികസനം ചർച്ച ആക്കണമെന്നും വികസനം മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നാണ് തന്‍റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ച് എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു. ജോലിയിൽ വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഈ നിർദേശമാണ് നിലവിൽ മാറ്റിയിട്ടുള്ളത്. വിവാദ ഉത്തരവ് ഇന്നലെ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ അമർഷത്തിലായിരുന്നു.

 

കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ പൂർത്തിയാക്കാതെ സ്പോൺസർ ജിസിഡിഎയ്ക്ക് കൈമാറി. സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്ക് സമയം അനുവദിക്കുന്നതിനൊപ്പം ജിസിഡിഎയും നവീകരണ പ്രവര്‍ത്തനം നടത്തുമെന്നാണ് വിവരം. നിലവിലെ സ്റ്റേഡിയത്തിന്‍റെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം പരിശോധിക്കും.

 

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിന്‍റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

 

മാമി തിരോധാനക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് ആദ്യ അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ മനപൂര്‍വ്വമായി വീഴ്ച വരുത്തിയിട്ടില്ലെന്നാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്. മാമിയെ അവസാനമായി കണ്ട അരയിടത്തുപാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും വകുപ്പ് തല അന്വേഷണം നടത്തിയ എ സി പിക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

 

ക്രിസ്മസ് പുതുവത്സര സീസണിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16000 രൂപ വരെയായി. കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം രൂപയും കൊച്ചിയിലേക്കുള്ള ടിക്കറ്റിന് 12000 ത്തിലേറെ രൂപ കൊടുക്കണം. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് 9000 രൂപ മുതൽ 16500 വരെയാണ് നിരക്ക്. വരും ദിവസങ്ങളിൽ ഇനിയും ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.

 

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചെന്ന് സംശയം. കളമശ്ശേരി എച്ച്എംടിക്ക് സമീപം സൂരജ് ലാമയുടെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു.

 

സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജനങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു മോദിയുടെ ആഹ്വാനം. ക്രിസ്മസ് പുതുവത്സര സമയങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളാണ് താൻ ലോക നേതാക്കൾക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു

 

ദില്ലി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി (എഎപി) നേതാവും രണ്ട് തവണ എംഎൽഎയുമായ രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. ദില്ലി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രവർത്തകരെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളായി കെജ്രിവാൾ കണക്കാക്കിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം കെജ്രിവാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ദില്ലി പൊലീസിന്‍റെ ഇക്കണോമിക് ഒഫൻസസ് വിംഗ് ആറ് പേർക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐആറിൽ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. എഫ്ഐആറിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്.

 

കര്‍ണാടകയിൽ 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകി. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്.

 

ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് പിടിഐ സെനറ്റർ ഖുറം സീഷൻ. മുൻ പ്രധാനമന്ത്രി ജീവിച്ചിരിപ്പുണ്ടെന്നും നിലവിൽ അഡിയാല ജയിലിലാണെന്നും സീഷൻ പറഞ്ഞു. രാജ്യത്തെ ഭരണകൂടം ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിടാൻ അവർ അനുവദിക്കാത്തതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.

 

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികൾ എന്നിവരാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.

 

 

ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. മൊറാദാബാദിലാണ് സംഭവം. 46 കാരനായ സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. ഭ​ഗത്പൂർടണ്ടയിലെ സ്കൂളിൽ അധ്യാപകനാണ് സർവേഷ് സിങ്.

 

 

ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ ‘വികസിത ഭാരതത്തിന്റെ’ ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.”ഹൃദയത്തിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ, ഒരു ടീമായി പ്രവർത്തിക്കുവൻ കഴിയുമെങ്കിൽ ഒരുപാട് തവണ വീണിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ്,” എന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

അഴിമതിക്കേസുകളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മാപ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ അഴിമതിക്കേസുകള്‍..രാജ്യത്തെ കീറിമുറിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *