ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്.ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ദില്ലിയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് കശ്മീരി മുസ്ലീങ്ങൾക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള മുസ്ലിംങ്ങളെല്ലാം തീവ്രവാദിയല്ലെന്നും ഇവിടെ ജീവിക്കുന്നവരെല്ലാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരല്ലെന്നും ഉമർ അബ്ദുള്ള പ്രതികരിച്ചു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച, ഉമർ അബ്ദുള്ള സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ എംപി. ചെങ്കോട്ടയിൽ ഉണ്ടായത് സുരക്ഷാ വീഴ്ച്ചയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. സ്ഫോടനത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെക്കണം. മുംബൈ ആക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ചു. രാജ്യ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ത്യൻ തലസ്ഥാനമായ ദില്ലിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ബന്ധപ്പെടുത്തി വരുന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി തുർക്കി. മാധ്യമ റിപ്പോർട്ടുകൾ തികച്ചും വിവരക്കേടാണെന്നും തുർക്കി പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ ഉഭയകക്ഷി ബന്ധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും തുർക്കിയുടെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഫോർ കൗണ്ടറിംഗ് ഡിസ്‌ഇൻഫോർമേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ഹരിപ്പാട് സ്വദേശിയായ രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജേഷിന്‍റെ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ.ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള പാർലമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള മണ്ഡലം പാർലിമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തും.
തൃശ്ശൂർ കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു. നീണ്ട പതിനഞ്ച് വർഷമായി കൗൺസിലറായി പ്രവർത്തിക്കുന്ന ഷീബ ബാബുവാണ് മുന്നണി വിട്ടത്. ജെഡിഎസ് നേതാവായ ഇവർ ബിജെപിയുടെ സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നഗരസഭയിലെ കൃഷ്‌ണപുരം ഡിവിഷനിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ഷീബയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു.
ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ പ്രതികളെ കോടതി വെറുതേവിട്ടു. അഡ്വ. പ്രശാന്ത് വി. കുറുപ്പ് അടക്കം നാല് പ്രതികളെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് വെറുതേവിട്ടത്. കസ്റ്റഡി മര്‍ദനങ്ങളില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി മധുബാബു, പത്തനംതിട്ട സിഐ ആയിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ച്, വെള്ളിയാഴ്ച വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി 501 കിലോ ലഡ്ഡു ഓർഡർ ചെയ്തു. വെള്ളിയാഴ്ചയാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്. എൻഡിഎ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. തുടർന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ ആഘോഷത്തിന് തയാറെടുക്കുന്നത്.
കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി. പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമൻസ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കർണാടക ഹൈക്കോടതി യെദ്യൂരപ്പയുടെ ഹർജി തള്ളിയത്. വിചാരണ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും യെദ്യൂരപ്പയെ കോടതി ഒഴിവാക്കി.
പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സെഷൻസ് കോടതിയുടെ വിധിയെ പ്രശംസിച്ച് ഗുജറാത്ത് സർക്കാർ. ഗോസംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ഗുജറാത്ത് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. 2017 ലെ ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിന് കീഴിലുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ വിധി.
സർക്കാർ സ്കൂളിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിർത്തെന്ന് ആരോപിച്ച് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അലിഡഗ് ജില്ലയിലെ സ്കൂളിലാണ് സംഭവം. ഷാഹ്പൂർ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ഷംഷുൽ ഹസനെയാണ് സസ്പെൻഡ് ചെയ്തത്.
ദില്ലിയിലെ വായു മലിനീകരണം അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. മലിനമായ വായു ശ്വസിക്കുന്നത് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ അഭിഭാഷകര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ നിര്‍ദേശിച്ചു. ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം. കോടതിയില്‍ കേസുകള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് നിര്‍ദേശം.
തമിഴ്നാട്ടിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയിൽ പുതുകോട്ടയിലെ നാർത്തമലയിൽ ആണ് സംഭവം. രണ്ട് ട്രെയിനി പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഫ്രാൻസിലെ വടക്കൻ മേഖലയിലെ നോർമാൻഡിയിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങൾ തള്ളി വത്തിക്കാൻ. ലിയോ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ ആണ് വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള അവകാശ വാദം തള്ളിയത്. ഡൊസൂളിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമാകാന്‍ ഏറ്റവുമാദ്യം ആഡംബര പെട്രോള്‍-ഡീസല്‍ കാറുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയല്ലേ വേണ്ടതെന്ന ചോദ്യവുമായി സുപ്രീം കോടതി. ഇ.വി നയം കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി … പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ബിഹാറിലെ ജനവിധിയില്‍ എന്തെങ്കിലും വിധത്തിലുള്ള ക്രമക്കേടുണ്ടായാല്‍, ബംഗ്ലാദേശിലും നേപ്പാളിലുമുണ്ടായതിന് സമാനമായ വന്‍പ്രതിഷേധം സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ജെഡി നേതാവ് സുനില്‍ സിങ്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തെത്താനിരിക്കെയാണ്ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗമായ സുനിൽ സിങ്ങിന്‍റെ പ്രതികരണം.
