Untitled design 20250112 193040 0000 2

 

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്. കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണം, വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല.മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. നിലപാട് എല്‍ഡിഎഫില്‍ അറിയിക്കും എന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

 

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല ഇന്നും അദ്ദേഹം വ്യക്തമാക്കി.

 

പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ. ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാർട്ടികൾക്കും ഒരേ നിലപാട് ആണെങ്കിൽ എങ്ങനെ കരാർ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു.

 

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് സമസ്‌ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി. 1.98 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് ചെലവഴിക്കുന്ന ജനാധിപത്യ സര്‍ക്കാർ കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന അതിനിഷ്ഠൂരമായ നിലപാടാണ് ഇത്. ഇതിനെതിരെ സാര്‍വത്രികമായ പ്രചാരണം നടത്തപ്പെടുകയും ജനത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

 

കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്‍റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

 

കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച ‘മെറിടോറിയ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്.

 

സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്.

 

ലത്തീൻ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോൺസിഞ്ഞോ‍ർ ആന്‍റണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചത്. രൂപതാ ആസ്ഥാനമായ ഫോർട്ട് കൊച്ചിയിലും വൈകിട്ട് മൂന്നരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടന്നു.

 

റോഡ് ഉദ്ഘാടനത്തിനു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട്‌ നഗരസഭ ചെയർപേഴ്സണും. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. പിന്നീട് കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎൽഎ പങ്കെടുത്തിരുന്നു.

 

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന യുവാവിനെ രാജസ്ഥാനില്‍ നിന്നും വയനാട് സൈബര്‍ ക്രൈം പൊലീസ് പിടികൂടി. രാജസ്ഥാന്‍ ബികനീര്‍ സ്വദേശിയായ ശ്രീരാം ബിഷ്‌ണോയിയെ (28) ആണ് വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.

 

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്. കോട്ടയം മീനച്ചിലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയൽവാസിക്ക് കോടതി 20 വർഷം കഠിന തടവ് വിധിച്ചു. വള്ളിച്ചിറ സ്വദേശി ടി ജി സജിയെയാണ് ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

 

ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച ടൂറിസം സർവീസ് സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ​മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവ്സ് വക്കേഷൻ (Doves Vacation) എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

 

അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷകബാല്യം’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ വനിതാ-ശിശു വികസന ഡയറക്ടർ നൽകിയ മാർഗനിർദ്ദേശങ്ങൾ അങ്കണവാടികൾ പാലിക്കുന്നതായി ഡയറക്ടർ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം അർബൻ മൂന്നിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ കൃത്യമായ അളവിൽ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് നടപടി.

 

 

സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു എൻ വി വൈശാഖൻ. വൈശാഖൻ കുറ്റം ചെയ്തിട്ടില്ലെന്ന് പിന്നീട് പാർട്ടി കണ്ടെത്തി. തുടർന്നാണ് വൈശാഖനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

 

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലൂടെ അതിക്രമിച്ച് കയറിയ യുവാക്കൾക്കെതിരേ പോലീസ് നടപടി. കേരള പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമലംഘനവും അതിൻ്റെ പ്രത്യാഘാതങ്ങളും വ്യക്തമാക്കുന്ന ഒരു ട്രോൾ രൂപേണെയാണ് പോലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.

 

വൈത്തിരി ലക്കിടിയിൽ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു.

 

സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു.പൂര്‍ത്തിയാക്കിയ 7 നിര്‍മ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഞായറാഴ്ച ഉച്ചക്കുശേഷം 2.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുo.

 

ഏഴ് വയസ്സുകാരനായ തലാസീമിയ രോഗിക്ക് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാദം. രോഗിയുടെ രക്തം നൽകിയെന്ന കുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇതിനോടകം 25 യൂണിറ്റോളം രക്തം നൽകിയിട്ടുണ്ട്. ബ്ലഡ് ബാങ്കിൽ നിന്ന് ലഭിച്ച രക്തം വഴി കുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന് കുടുംബം വെള്ളിയാഴ്ച ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

 

 

കർണൂലിൽ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിന് കാരണക്കാരനായ ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കർണൂലിൽ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിന് കാരണക്കാരനായ ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

 

ആന്ധ്രാ, തെക്കൻ ഒഡിഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥ വിഭാഗം നൽകിയിട്ടുണ്ട്. 27ന് രാവിലെയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മോന്ത ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

 

ദില്ലിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ദില്ലിയിലെ ശരാശരി വായുഗുണനിലവാര സൂചികയിൽ 100 പോയിന്റിന്റെ കുറവുണ്ടായി. ശരാശരി എക്യുഐ 260 ആണ് ഇന്ന് രേഖപ്പെടുത്തിയത്. വായുമലിനീകരണം കുറയ്ക്കാൻ ദില്ലിയിലെ പൊതു ഇടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്ക്ളറുകൾ സ്ഥാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും വായുമലിനീകരണം കുറച്ചു.

 

കരീബിയനിലേക്ക് അമേരിക്കയുടെ അത്യാധുനിക വിമാന വാഹിനി കപ്പൽ കൂടിയെത്തുന്നു. വെള്ളിയാഴ്ചയാ് പെൻറഗൺ ഇക്കാര്യം വിശദമാക്കിയത്. മയക്കുമരുന്ന് കാർട്ടലുകളുമായി ട്രംപ് നേരിട്ട് ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം വലിയ രീതിയിലുള്ള സൈനിക വിന്യാസമാണ് കരീബിയൻ തീരത്ത് അമേരിക്ക നടത്തുന്നത്. ലഹരിമരുന്നുകളുമായി എത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ചെറു കപ്പലുകൾക്കും ബോട്ടുകൾക്കും നേരെ സൈന്യത്തിന്റെ മാരകായുധങ്ങൾ പ്രയോഗിക്കാനാണ് കരീബിയൻ തീരത്ത് ട്രംപിന്റെ നീക്കം.

 

മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന് ദീർഘകാലം അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. പാകിസ്ഥാൻ്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് മുഷാറഫ് നൽകിയെന്നും ബേനസീർ ഭൂട്ടോ വിദേശത്ത് ആഡംബര ജീവിതം നയിച്ചുവെന്നുമടക്കം വെളിപ്പെടുത്തലുകൾ ഇദ്ദേഹം ഉയർത്തി.

 

അഫ്ഗാനിസ്ഥാനുമായി ഇസ്താംബുളിൽ നടക്കുന്ന ചർച്ചകളിൽ ഒരു ഉടമ്പടിയിൽ എത്താൻ സാധിച്ചില്ലെങ്കിൽ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നതായും എന്നാൽ ഒരു ധാരണയിലെത്താൻ സാധിക്കാത്തത് തുറന്ന യുദ്ധം എന്നാണ് അർഥമാക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിളിച്ചതിന് ന്യായീകരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി. ദീപാവലി ദിനത്തിൽ അമേരിക്കൻ ഹിന്ദു വോട്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ മംദാനി ന്യായീകരിച്ചത്. താൻ വളർന്നത് ബഹുസ്വരതയെ ബഹുസ്വരതയെ ആഘോഷിക്കുന്ന ഒരു ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഗാസയിലെമുൻ ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ മൃതദേഹം കത്തിച്ച് സംസ്‌കരിക്കാൻ സുരക്ഷാ കാബിനറ്റിനോട് നിർദ്ദേശിച്ചതായി ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗേവ്. ഇസ്രയേലി വെബ്‌സൈറ്റായ കോൾ ബരാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെഗേവ് ഇത് പറഞ്ഞത്.

 

വരാനിരിക്കുന്ന ഏഷ്യൻ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. കിമ്മുമായി വലിയ ബന്ധമുണ്ടെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ടെന്നും എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

 

 

2028-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്. തൻ്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡൻ്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

 

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെ ബിസിസിഐ ശക്തമായി അപലപിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുമെന്നും ബിസിസിഐ അറിയിച്ചു. സംഭവത്തില്‍ ഒരാളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

സാമ്പത്തിക പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിൽ എൽഐസി(ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) 33,000 കോടി രൂപ നിക്ഷേപിച്ചത് സമ്മർദ്ദത്തിന് വഴങ്ങി മോദി സർക്കാർ.നടത്തിയ ‘മൊബൈൽ ഫോൺ ബാങ്കിങ്’ ആണെന്ന് കോൺഗ്രസ്. അദാനി ഗ്രൂപ്പിനെ സഹായിക്കാനായി കേന്ദ്ര സർക്കാർ എൽഐസിയെ നിർബന്ധിക്കുകയായിരുന്നുവെന്ന വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ആരോപണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *