Untitled design 20250112 193040 0000 2

 

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് കേരളാ ​ഗവൺമെന്റിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവവേദ്യമായ പഠനം എന്നിവയ്ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

 

പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിത്. ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ. 8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ‌പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും എം വി ​​ഗോവിന്ദൻ വ്യക്തമാക്കി.

 

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് കടന്ന് സിപിഐ. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു. മന്ത്രിസഭയെ അപമാനിച്ചു. രണ്ട് തവണ ചർച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതി. പാർട്ടിക്ക് തീരുമാനം എടുക്കാമെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രിമാർ പറഞ്ഞു.

 

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രാഷ്ട്രീയ യുവജനതാദൾ ആർ എസ്.എസ്. വീക്ഷണമുള്ള ദേശീയ സങ്കൽപ്പങ്ങൾ വിദ്യാഭ്യാസ നയത്തിലൂടെ അവതരിപ്പിക്കുക എന്ന ഗൂഢലക്ഷത്തിന് കേരള സംസ്ഥാനവും വിധേയപ്പെടുന്നത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആർ.വൈ ജെ.ഡി. അഭിപ്രായപ്പെട്ടു.

 

 

സിപിഐയേക്കാൾ സിപിഎമ്മിന് പ്രധാനം ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി ബിനോയ് വിശ്വം സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ചു. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘സംതിങ് റോങ്’. നിതിൻ ഗഡ്‌കരിയുടെ വീട്ടിൽ വച്ചാണോ നരേന്ദ്ര മോദിയെ കണ്ടപ്പോഴാണോ പിഎം ശ്രീയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്? സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്‍റെ തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്ത്. ‘ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ’ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുലിന്‍റെ പരിഹാസം. ‘ശ്രീ.പി.എം ശ്രിന്താബാദ്’ എന്ന പരിഹാസം സി പി എമ്മിനെതിരെയും രാഹുൽ ഉന്നയിച്ചു.

 

പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ. സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. പിഎം ശ്രീയിൽ ഒപ്പുവെച്ചതിൽ ശിവൻകുട്ടി സഖാവിനെ എബിവിപി അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ സഖാവും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ തെറ്റായ പാതയിലാണ്. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ലെന്നും ജിസ്മോൻ വിമര്‍ശിച്ചു.

 

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി എം ശ്രീയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. ഇതല്ല എല്‍ഡിഎഫിന്‍റെ ശൈലി. ഇതാകരുത് എല്‍ഡിഎഫിന്‍റെ ശൈലി. മുന്നണി മര്യാദയുടെ ലംഘനമാണെന്നും സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്‍റെ വഴിയല്ല, തിരുത്തപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പിഎം ശ്രീയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. എൻഇപി പദ്ധതി ഗൂഢ ഉദ്ദേശത്തോടെ ഉള്ളതാണ്. ചോദ്യം ചെയ്യാതിരിക്കാൻ പഠിപ്പിക്കലാണ് അതിന്റെ ലക്ഷ്യം. പിഎംസി ഫണ്ട് ഫണ്ട് സ്വീകരിക്കാനുള്ള നീക്കം അപ്രതീക്ഷിതമാണ്. ഫണ്ട് സ്വീകരിക്കുമ്പോൾ അതിന്റെ വ്യവസ്ഥകൾ സ്വീകരിക്കേണ്ടി വരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.

 

പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പിഎം ശ്രീ പദ്ധതി വിശദീകരിക്കാൻ ശിവൻകുട്ടി ഇന്ന് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരിഹാസം. പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായെന്നും അയാള്‍ ശിവൻകുട്ടിയല്ലെന്നും ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

 

സംസ്ഥാനത്തെ ജനങ്ങളുടെ ആയുസും ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള 280 കോടി ഡോളർ (ഏകദേശം 2458 കോടി രൂപ) വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നൽകി. സംസ്ഥാനത്തെ വയോധികരും ആരോഗ്യപരമായി ദുർബലരായവരുടെയും ആയുർദൈർഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്കാണ് വായ്‌പ അനുവദിച്ചത്.

 

കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ യാത്രയ്ക്ക് ഒരുക്കിയ രണ്ട് പൊലീസ് വാഹനങ്ങൾ ട്രാഫിക് പിഴ അടയ്ക്കാത്തവയെന്ന് പരാതി. പമ്പയ്ക്ക് പോയ വാഹനത്തിന് 2023 മുതൽ അഞ്ച് പിഴകളുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിനുള്ളത് രണ്ടു പിഴകളാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.

 

സംസ്ഥാന സ്കൂൾ കായിക മേളയിൽ വടംവലി മത്സരം വിവാദത്തിൽ. ചെളിക്കുളമായ ഗ്രൗണ്ടിൽ വടംവലി മത്സരം നടത്തിയതാണ് വിവാദമായത്. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ​ഗ്രൗണ്ടിൽ ചെളി നിറഞ്ഞിരുന്നു. മത്സരം തുടങ്ങിയതോടെ മത്സരാർത്ഥികൾ ചെളിയിൽ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു.

 

ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ സ്ഥാപിച്ചു.

 

കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത്. ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത്.കാണാതായവര്‍ക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങി.

 

ഇടുക്കി മറയൂരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. പതിനഞ്ച് സഞ്ചാരികൾക്കും ആറ് ജീപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറിൽ വെച്ചാണ് സംഭവം. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബസ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടർച്ചയായി ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്തത് തർക്കത്തിനും സംഘർഷത്തിനും കാരണമായത്.

 

താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പൊലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി. സംഘര്‍ഷം ഉണ്ടായ ദിവസം ഉടമകളിലൊരാള്‍ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ ആരോപിച്ചു. അതിനിടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍.

 

പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ചവർ പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. ഇവർ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു.മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും.

 

സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് പാ‍‍‍ർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ അംഗത്വം രാജി പ്രഖ്യാപിച്ച ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.

 

മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ട് മരിച്ച തേവലക്കര സ്വദേശി ശ്രീരാഗിന്‍റെ മൃതശരീരം നാളെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ രാവിലെ 7.30ഓടു കൂടി കൊല്ലം തേവലക്കരയിലെ വീട്ടിലെത്തിക്കുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. മൃതദേഹം ഇന്ന് മുംബെയിലെത്തി. രാത്രി 12.20ന് മുംബൈയിൽ നിന്നും AI 2544 വിമാനത്തിൽ കൊച്ചിയിലേക്ക് അയയ്ക്കും. പുലർച്ചെ 2.20ന് കൊച്ചിയിൽ എത്തും.

 

പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാർത്ഥികളും അധ്യാപകരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. പന്തലിന് മുകളിൽ മഴവെള്ളം നിറഞ്ഞതാണ് പന്തൽ വീഴാൻ കാരണമായതെന്ന് സംഘാടകർ പറഞ്ഞു.

 

അതിശക്തമായ മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ), എന്നീ നദികളിലാണ് പ്രളയസാധ്യതാ മുന്നറിയിപ്പിൻ്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

 

തിരുവനന്തപുരം ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം മംഗലത്തുകോണം കാട്ടുനട ക്ഷേത്ര ഭരണസമിതി ബാലരാമപുരം പൊലീസിൽ പരാതി നൽകി.

 

 

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

ഇന്ത്യൻ അതിർത്തി രക്ഷാ സേനയുടെ ഭാഗമാക്കിയ തദ്ദേശീയ വേട്ടപ്പട്ടികൾ ഈ വരുന്ന ഒക്ടോബർ 31 ന് ഗുജറാത്തിൽ നടക്കുന്ന ദേശീയ ഐക്യ ദിന പരേഡിൽ പങ്കെടുക്കും. വേഗതയ്ക്കും കരുത്തിനും ആക്രമണത്തിനും പേരുകേട്ട റാംപൂർ ഹൗണ്ട്, മുധോൾ ഹൗണ്ട് എന്നിവയാണ് ബിഎസ്എഫ് ജവാന്മാർക്കൊപ്പം പരേഡിൽ പങ്കെടുക്കുക. ഇന്ത്യയുടെ അതിർത്തി കാക്കുകയെന്ന അഭിമാന പദവിയിലേക്ക് ഉയർത്തപ്പെട്ട നായകളാണ് ഇവ.

 

കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹർജി കോടതി തള്ളി. മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും പറഞ്ഞു.

 

ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്. ശരാശരി വായു ഗുണനിലവാര സൂചിക ഇന്ന് 300ൽ താഴെയാണ്. ആനന്ദ് വിഹാറിൽ മാത്രമാണ് വായു മലിനീകരണ സൂചിക 350ന് മുകളിൽ രേഖപ്പെടുത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു.

 

പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. പിന്‍ഗാമിയെ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രലായം ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് കത്തെഴുതി. നവംബര്‍ 23വരെയാണ് ജസ്റ്റിസ് ഗവായിയുടെ കാലാവധി. നിലവിലെ സാഹചര്യത്തില്‍ ജസ്റ്റിസ് സൂര്യകാന്തിനാണ് സാധ്യത. സീനിയോറിറ്റിയില്‍ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്തിന്‍റെ പേര് നിര്‍ദ്ദേശിച്ചാകും ജസ്റ്റിസ് ഗവായ് കത്ത് നല്‍കുക. കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും കിട്ടിയാല്‍ ജസ്റ്റിസ് സൂര്യകാന്ത് 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും.

 

രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷവും ഇസ്രയേൽ ജയിലിൽതുടരുന്ന പലസ്തീൻ തടവുകാരുടെ മോചനത്തിനായി ഡൊണാൾഡ് ട്രംപ് ഇടപെടണമെന്ന് ഇസ്രയേൽ തടവുകാരനായ മർവാൻ ബർഗൂതിയുടെ കുടുംബം. വെടിനിർത്തൽ ധാരണ അനുസരിച്ച വലിയൊരു ഭൂരിപക്ഷം പലസ്തീൻ തടവുകാരെ തിരിച്ചയച്ചെങ്കിലും ഇപ്പോഴും ജയിലിലാണ് മർവാൻ ബർഗൂതി. ഭർത്താവിന്റെ മോചനത്തിനായി ഡൊണാൾഡ് ട്രംപ് ഇടപെടണമെന്നാണ് മർവാൻ ബർഗൂതിയുടെ ഭാര്യ ആവശ്യപ്പെട്ടിട്ടുള്ളത്.

 

പൊലീസിന് നേരെ കട്ടയും പടക്കവും ചില്ലുകുപ്പികളുമായി പ്രതിഷേധക്കാർ. അയർലൻഡിൽ കുടിയേറ്റക്കാർക്കെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്. മൂന്ന് പൊലീസുകാർക്ക് ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റു. 24 ഓളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരും യുവാക്കളുമാണ് പ്രതിഷേധക്കാരിൽ ഏറെയും. അറസ്റ്റിലായവരിൽ 5 ആൺകുട്ടികളുമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 

ലഹരിയുപയോഗിച്ച് സെമിട്രെക്ക് ദേശീയ പാതയിൽ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറ്റി അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ വംശജൻ. കാലിഫോർണിയയെ നടുക്കിയ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. തെക്കൻ കാലിഫോർണിയയിലെ ദേശീയ പാതയിലാണ് അമിത വേഗത്തിലെത്തിയ സെമി ട്രെക്ക് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്.

 

സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ 39-കാരൻ പിടിയിൽ. മെഹുൽ ഗോസ്വാമിയാണ് യു.എസ്. അധികൃതരുടെ പിടിയിലായത്. മോഷണ (ഗ്രാൻഡ് ലാർസനി) കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘ‍‍‍ർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്‍റെ നീക്കം. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ തീരുമാനം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 

അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. നിലവിൽ നടക്കുന്ന ചർച്ചകൾക്ക് ഇന്ത്യ തയ്യാറാണെന്നും എന്നാൽ സമയപരിധി വച്ചുള്ള നീക്കങ്ങൾക്കില്ലെന്നും ഗോയൽ പറഞ്ഞു.

 

രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ മാളും ഒരു പൊതു പാർക്കും ഉൾപ്പെടെ, തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ തയ്യാറെടുക്കുകയായിരുന്ന ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ) ത്തിന് പിന്നാലെ സമാന നടപടി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നുമുതല്‍ ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കാന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *