ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു.

 

ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥനായ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറാണ് നിലവിൽ സുനിൽ കുമാർ. രണ്ടു ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ സർവീസിൽ ഉള്ളത്. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.

 

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ വിദ്യാർത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ വ്യക്തമാക്കി.

 

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.

 

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സ്കൂൾ അധികൃതരുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്ന പരിഹാരത്തിനു ശേഷവും സർക്കാർ കൂടുതലായി ഇടപെടൽ നടത്തുന്നുവെന്ന് സംശയിക്കുന്നതായും മന്ത്രി വർ​ഗീയത ആളിക്കത്തിക്കുന്നതായും അവർ പറഞ്ഞു.ഉത്തരവ് സ്കൂൾ അധികൃതർക്ക് കിട്ടിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടിയെടുക്കുമെന്നും സ്കൂൾ അധികൃതരുടെ അഭിഭാഷക വ്യക്തമാക്കി.

 

യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചുകൊണ്ടുള്ള അബിൻ വർക്കിയുടെ വാർത്താസമ്മേളനത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി. അബിൻ വർക്കിയെ പിന്തുണച്ചുകൊണ്ടാണ് ഹൈബിയുടെ പ്രതികരണം. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനാകേണ്ടിയിരുന്നത് അബിനാണെന്നും ഹൈബി അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം വിശദീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അബിൻ അധ്യക്ഷനാകാൻ അർഹനായ നേതാവാണെന്ന് പറഞ്ഞ ഹൈബി ഈഡൻ അബിൻ പാർട്ടി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്നും കൂട്ടിച്ചേർത്തു.

 

വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ നൂറുകണക്കിന് അനധികൃത എയർ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങൾക്കാണ് പിടിവീണത്. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

 

കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മംഗാലപുരത്ത് നിന്നും യശ്വന്ത്പുരയിലേക്ക് പോകുന്ന വീക്ക്ലി എക്സപ്രെസിന് നേരെയാണ് കല്ലേറുണ്ടായത്. സ്ലീപ്പർ കോച്ചിൽ മംഗലാപുരത്തുനിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുൺ എന്നയാളുടെ കൈക്കാണ് പരിക്കേറ്റത്. ഇയാളുടെ ഫോണും കല്ലേറിൽ തകർന്നു. അരുണിന്റെ പരാതിയിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി.

 

പ്രസംഗിക്കുന്നതിനിടെ എയർ ഹോൺ മുഴക്കിയതിൽ അരിശം തീരാതെ ഗതാഗതമന്ത്രി. വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കാനാണ് കെ ബി ഗണേഷ് കുമാറിന്‍റെ നിര്‍ദേശം. കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ ഉണ്ടായ അനുഭവത്തിന്‍റെ കലിപ്പിലാണ് ഗണേഷ് കുമാറ്. നിറയെ ആളെ കയറ്റി അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ സ്വകാര്യ ബസ്സിനെ കയ്യോടെ പിടികൂടിയ മന്ത്രി എയര്‍ ഹോൺ വിരുദ്ധ പോരാട്ടം കേരളമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണെതിരായ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നെന്നും പരിഹാരക്രിയ വേണമെന്നും തന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. പള്ളിയോട സേവാസംഘം പ്രതിനിധികളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരസ്യമായി പരിഹാരക്രിയ ചെയ്യണമെന്നാണ് തന്ത്രിയുടെ നിർദേശം.

 

കേരളത്തിലെ 2 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കാസർകോഡ് ജില്ലകളിൽ രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

എറണാകുളം പറവൂർ നീണ്ടൂരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് കുടുംബം. അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

 

മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് എംഎ ബേബി പറഞ്ഞു. പല മാധ്യമങ്ങളും ഇഡിയുടെ ഏജൻ്റുമാരാകുന്നു. വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗമാണെന്നും എംഎ ബേബി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. യുഡിഎഫിൻ്റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തു.ചെന്നൈയിലെ പ്രതികരണം തലനാരിഴകീറി വിമർശിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.

 

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20ൽ അധികം പേർക്ക് രോഗം പിടിപെട്ടു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്. ഒന്നരമാസത്തിനിടെ 61 പേർക്കാണ് രോഗം പിടിപെട്ടത്. പതിനഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

 

കണ്ണൂരിൽ മിന്നലേറ്റ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റ അസം സ്വദേശി ഗൗതം (40) ചികിത്സയിലാണ്. ഇയാളുടെ നില ​ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകൾ റിപ്പോർട്ട് ചെയ്യുന്ന യാത്രക്കാർക്ക് പ്രതിഫലം നൽകുന്ന പ്രത്യേക ശുചിത്വ യജ്ഞo ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, ‘രാജ്മാർഗ് യാത്ര’ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന സാധുവായ ഓരോ റിപ്പോർട്ടിനും ഫാസ്‌ടാഗ് ക്രെഡിറ്റായി 1,000 രൂപ ലഭിക്കും. ഈ വർഷം ഒക്ടോബർ 31 വരെ എല്ലാ ദേശീയപാതകളിലും ഈ പദ്ധതി ബാധകമാണ്.

 

ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 15 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമാണ് കമ്പനി നടത്തുക. ആന്ധ്രപ്രദേശിൽ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാനാണ് ഈ പണം ഉപയോഗിക്കുക.അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്‍റെ എറ്റവും വലിയ എഐ ഹബ്ബാകും ആന്ധ്രയിലേതെന്ന് ഗൂഗിൾ ക്ലൗണ്ട് വിഭാഗം സിഇഒ തോമസ് കുര്യൻ ദില്ലിയിൽ പറഞ്ഞു

 

രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശത്തിന് പുതുക്കിയ ഷെഡ്യൂൾ ആയി. ഈ മാസം 21ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലയക്കലിലേക്ക് തിരിക്കും. 10.20ന് നിലയക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്‍റെ പ്രത്യേക ഖുർഖാ ജീപ്പിലാണ് വാഹന വ്യൂഹം ഒഴിവാക്കി മലകയറുക. തിരിച്ച് റോഡ് മാർഗം നിലയക്കലിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 24ന് മടങ്ങും.

 

ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാലയിൽ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. നാലുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അടിയന്തര നടപടി വേണമെന് ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇന്നലെയാണ് അതിക്രമം നടന്നത്. ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ അതിക്രമിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടരുന്നതിനിടെ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ വസതിക്ക് മുന്നില്‍ സീറ്റ് ആവശ്യപ്പെട്ട് ഒരു കൂട്ടം നേതാക്കള്‍ പ്രതിഷേധിച്ചു. അതേസമയം, പ്രമുഖ നാടോടി ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു. രണ്ടാംഘട്ട പട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്നും അലിനഗർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ.

 

വെടിനിർത്താൽ നിലവിൽ വന്നിട്ടും തീരാത്തെ ഗാസയിലെ ഇസ്രായേൽ ആക്രമണവും മരണവും. ഗാസയിൽ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ മരിച്ചു. ഗാസ സിറ്റിയിലെ ഷുജേയ മേഖലയിലാണ് സംഭവം. സൈനികർക്ക് നേരെ വന്നവർക്കെതിരെയാണ് വെടി വെച്ചതെന്നാണ് ഇസ്രായേൽ സേനയുടെ വിശദീകരണം. അതിനിടെ, ഗാസയിൽ 250 മൃതദേഹങ്ങൾ കൂടി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് കണ്ടെത്തി. ഗാസയിൽ ഹമാസ് തങ്ങളെ എതിർത്തവരെ പരസ്യമായി കൂട്ടക്കൊല നടത്തിയെന്ന് ഇസ്രായേൽ ആരോപിച്ചു.

 

ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇനിയെന്തെന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം. തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മാത്രം മൃതദേഹം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുളളവരുടെ മൃതശരീരം വീണ്ടെടുക്കാൻ ആയില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്ന് ബന്ദികളുടെ കുടുംബങ്ങൾ പറയുന്നു. തടവ് കാലത്ത് ക്രൂര പീഡനം ഏറ്റെന്ന് ഇരു പക്ഷത്തും മോചിതരായവർ ആരോപിക്കുന്നു. ഹമാസ് പൂർണ്ണമായും നിരായുധരായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.

 

പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ലോകരാജ്യങ്ങളിലെ സൈനിക മേധാവിമാരോട് വിശദീകരിച്ച് ഇന്ത്യ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് യു എൻ സമാധാന സേനയിലെ സൈനിക മേധാവിമാരോട് ഇന്ത്യൻ കരസേനയാണ് വിശദീകരണം നടത്തിയത്. ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല ഓപ്പറേഷൻ സിന്ദൂർ. കൃത്യമായ ആസൂത്രണത്തിലൂടെയാണ് നടപ്പാക്കിയത്. ഭീകരതയ്ക്ക് നേരെയുള്ള ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഇതെന്നും ഇന്ത്യൻ കരസേന, യു എൻ സമാധാന സേനയിലെ സൈനിക മേധാവിമാരോട് വിശദീകരിച്ചു.

 

 

യുക്രൈനുമായിട്ടുള്ള കലാപം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായില്ലെങ്കിൽ യുദ്ധത്തിന്റെ ​ഗതി മാറ്റുമെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ ഭീഷണി.

 

ചുമമരുന്ന് ദുരന്തത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ക്ക് ഓരോ കുപ്പി മരുന്നിനും കൃത്യമായ കമ്മീഷന്‍ ലഭിച്ചിരുന്നതായി പോലീസ്. ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. പ്രവീണ്‍ സോണിയാണ് ചോദ്യംചെയ്യലില്‍ തന്റെ കമ്മീഷനെക്കുറിച്ച് വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ശ്രേസന്‍ ഫാര്‍മ നിര്‍മിച്ച ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്.

 

ദിവസങ്ങള്‍ നീണ്ടുനിന്ന അടച്ചിടലിന് ശേഷം തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ചെന്നൈയിലെ ആസ്ഥാനം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കരൂര്‍ ദുരന്തത്തിന് പിന്നാലെ 17 ദിവസം അടച്ചുകിടന്ന ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള പന്നയൂരിലെ ഓഫീസാണ് ചൊവ്വാഴ്ച വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *