സംസ്ഥാന പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം. തെറ്റിനെതിരെ കടുത്ത നടപടിയെടുക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ ഉറപ്പ് നഷകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ പ്രതികരണം.
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
എയ്ഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തിൽ കെസിബിസിയുമായി സമവായത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാത്തോലിക്ക ബാവയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. സഭയുടെ ആശങ്ക തീർക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ലെന്നും ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കിയെന്നും വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്ന് വന്നതാണ്. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോർഡുകൾക്ക് കീഴിലുളള കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും സ്വത്തുക്കൾ പരിശോധിച്ച് രേഖപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സമഗ്രമായ പരിശോധന ക്ഷേത്ര ഭൂമിയിലും സ്വർണ്ണ ശേഖരത്തിലും ആവശ്യമാണ്. ശബരിമലയിൽ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ഇതുവരെ 25,000 ഏക്കർ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങൾക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചു പിടിക്കാൻ ബോർഡുകൾ യാതൊന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ദേവസ്വം മന്ത്രിയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ അപലപനീയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രിയെ ‘കള്ളൻ’ എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രഹ്മഗിരിക്കെതിരെ പോലീസിൽ പരാതി. ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 14 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നൗഷാദ് ആണ് പരാതി നൽകിയിരിക്കുന്നത്. മുൻപ് കൊടുത്ത പരാതി ബ്രഹ്മഗിരി സിഇഒ ആയിരുന്ന സുനിൽകുമാർ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു എന്ന് നൗഷാദ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സിഇഒ പരാതി പിൻവലിപ്പിച്ചതെന്നും നൗഷാദ് പറഞ്ഞു. ബ്രഹ്മഗിരിയുടെ ആസ്ഥാനം ഉൾപ്പെടുന്ന മീനങ്ങാടി സ്റ്റേഷനിലാണ് നൗഷാദ് പരാതി നൽകിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് ഇൻ്റസ്ട്രിയൽ എന്റർപ്രൈസിസ് എംഡിയായ ഡോ.ശ്രീകുമാറിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ മ്യൂസിയം പൊലീസ് അപേക്ഷ നൽകി. ഓഫീസിൽ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ശ്രീകുമാർ പെരുമാറിയെന്നാണ് പരാതി. എന്നാൽ പിഎഫിലെ അടക്കം ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ പരാതിയെന്നാണ് ശ്രീകുമാർ പറയുന്നത്.
പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ചൊക്ലി ലോക്കൽ സെക്രട്ടറി ടി ജയേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ എത്തിയ പൊലീസ് സംഘത്തെ ഇന്നലെ രാത്രിയാണ് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവര്‍ തടഞ്ഞത്. കത്തികൊണ്ട് വരയ്ക്കുമെന്നും ചൊക്ലി സ്റ്റേഷനിൽ നിന്നെയൊന്നും നിർത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്‍റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്.
സിഎംആര്‍എൽ -എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി എ റഹീം എംപി. മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന രോഗമാണെന്നാന്നും ഇപ്പോഴത് സുപ്രീം കോടതിയും ശരിവച്ചെന്ന് റഹീം പരിഹസിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയതായിരുന്നു കുഴൽനാടനെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൊല്ലം അഞ്ചലിൽ അമിത വേഗതയില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം. അഞ്ചൽ എസ്ഐ പ്രജീഷ്കുമാറിനെയാണ് പനയഞ്ചേരി സ്വദേശി സുരാജും മക്കളായ അഹമ്മദും അബ്ദുള്ളയും ചേർന്ന് ആക്രമിച്ചത്. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
എറണാകുളം കോതമംഗലത്ത് ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടി അരൂരിൽ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍. അരൂർ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി ഷാക്കിർ, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും രണ്ട് കാറുകളും പിടിച്ചെടുത്തു.
ലവ് ജിഹാദി’ന് ഇരയായ നിങ്ങളുടെ മകൾ തിരികെ വരാൻ വിസമ്മതിച്ചാൽ വിഷം കൊടുത്ത് കൊല്ലണമെന്ന വിവാദ പരാമർശവുമായി എംഎൽഎ. തെലങ്കാനയിലെ ഗോഷാമഹൽ എംഎൽഎ ടി രാജാ സിങാണ് കൊലവിളി പരാമർശം നടത്തിയത്. മധ്യപ്രദേശിൽ ദസറ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.
വ്യാജ പർച്ചേസ് ഓർഡറുകളും രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപയുടെ സ്വർണ്ണ നാണയങ്ങൾ കൈക്കലാക്കിയ ജീവനക്കാരൻ മുംബൈയിൽ അറസ്റ്റിൽ. സുനിൽ ഗുപ്ത എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. വാൻറായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും, മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎയുടെ വാദം. ഭരണകൂടം അനുമതി നൽകിയ മരുന്ന് കുറിച്ച് നൽകിയ ഡോക്ടർ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രതികരിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ രാകേഷ് കിഷോറിനെ വിട്ടയച്ചു. കേസ് എടുക്കേണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് വിട്ടയച്ചത്. അതേസമയം, ഇയാളെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കൗൺസിൽ അച്ചടക്ക നടപടികളും ആരംഭിച്ചിട്ടുണ്ട്.
ലഡാക്കിൽ ലോക റെക്കോർഡ് സ്ഥാപിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ). ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ പാതയെന്ന റെക്കോർഡ് ഇനി മിഗ് ലായ്ക്ക് സ്വന്തം. സമുദ്രനിരപ്പിൽ നിന്ന് 19,400 അടി ഉയരത്തിലാണ് പുതുതായി പൂർത്തിയാക്കിയ ലികാരു–മിഗ് ലാ–ഫുക്ചെ റോഡ് സ്ഥിതി ചെയ്യുന്നത്.
തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ കൂട്ടിച്ചേർത്തു. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹം ആണിത്.
ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബർ 14 നാണ്. വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
പാകിസ്ഥാൻ അപൂർവ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കൻ കമ്പനിയുമായി കഴിഞ്ഞ മാസം ഒപ്പിട്ട കരാറിന് പിന്നാലെയാണ് ആദ്യ ഘട്ടമായി ധാതുസമ്പത്ത് അയച്ചത്. ഈ കരാറും ചരക്ക് നീക്കവും പാകിസ്താനിൽ പ്രതിഷേധങ്ങൾക്കിടയാക്കി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ), ഇത് രഹസ്യ ഇടപാട് ആണെന്ന് ആരോപിച്ചു.
2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
ഇസ്രയേലും ഹമാസും തമ്മിൽ ഈജിപ്തിൽ ഇന്ന് തുടങ്ങുന്ന ഗാസ സമാധാന ചർച്ച തുടങ്ങും മുന്നേ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന ചർച്ച വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്നാണ് ട്രംപ് പറഞ്ഞത്. മധ്യസ്ഥത ചർച്ചക്കായി നിയോഗിക്കപ്പെട്ടവരോട് കാര്യങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്നും യു എസ് പ്രസിഡന്‍റ് വിവരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ തിരിച്ചറിയാൻ ബിഹാറിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ബിഹാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അംഗൻവാടി ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക.
ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ആയുധങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചതായി ഉന്നത പാക് സൈനിക ഉദ്യോഗസ്ഥന്‍. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പാക് സായുധസേനയുടെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി ഈ അവകാശവാദം ഉന്നയിച്ചത.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ സുപ്രീം കോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.
