Untitled design 20250112 193040 0000 1

 

 

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്.

 

സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നത് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ തൃശ്ശൂർ അതിരൂപത വിദ്യാഭ്യാസ ജാഗ്രത സമിതി യോഗം ചേർന്ന ശേഷമാണ് പ്രതികരണം. മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ​ഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. കോപ്പിയടിക്കുന്നതിനിടെയാണ് മുഹമ്മദ് സഹദ് പിടിയിലായത്. ഇയാൾ നേരത്തെ പി എസ് സിയുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

 

ശബരിമലയുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തം. എൻ എസ് എസ് നേതൃത്വത്തിനെതിരെ കൊല്ലം ശാസ്താംകോട്ട വേങ്ങയിലും ബാനർ ഉയർന്നു. സമുദായത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടെന്നാണ് ബാനറിലെ വാചകം. എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ കെട്ടിയത്. വേങ്ങയിലെ എൻ എസ് എസ് അനുഭാവികളെന്നാണ് ബാനറിലെ പരാമർശം.

 

സമദൂരത്തിലെ ശരിദൂരമാണ് എൻഎസ്എസിന്‍റെ ഇപ്പോഴത്തെ നിലപാടെന്ന് ഇന്നത്തെ പ്രതിനിധി സഭാ യോഗത്തിൽ നിലപാട് വ്യക്തമാക്കിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ വീണ്ടും വ്യാപക പോസ്റ്ററുകള്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. പത്തനംതിട്ട കലഞ്ഞൂർ എൻഎസ്എസ് കരയോഗ കെട്ടിടങ്ങൾക്ക് മുന്നിലാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ പ്രതിനിധിസഭ യോഗ തീരുമാനത്തിലൂടെ അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നാണ് പോസ്റ്ററിലെ ആക്ഷേപം.

 

സിപിഎം നേതാവ് കെ.ജെ.ഷൈന്‍റെ പരാതിയിലെടുത്ത കേസില്‍ അനാവശ്യ തിടുക്കം കാണിച്ചെന്ന വിമര്‍ശനമുയര്‍ന്നതോടെ വെട്ടിലായി പൊലീസ്. കെ.എം.ഷാജഹാനെ അറസ്റ്റ് ചെയ്തതതില്‍ കോടതിയുള്‍പ്പെടെ എതിരായതോടെ അന്വേഷണസംഘം ഇന്ന് യോഗം വിളിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങി മുന്നോട്ട് പോകേണ്ടെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം മതി തുടര്‍ നടപടികളെന്നുമുള്ള വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍.

 

എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

 

മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദത്തിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചു. മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്. അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചുവെന്നും ലോകം അമ്മ എന്ന പേരിൽ അറിയപ്പെടുന്ന അമ്മയെ ആദരിച്ചുവെന്നും മന്ത്രി പറഞ്ഞു.

 

കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയിൽ ബിജെപിക്കുള്ളിലും തർക്കം തുടരുകയാണ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെ, കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് എം.ടി രമേശ്. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും, ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.

 

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കണക്കുകൾ. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സർക്കാരിന്‍റെ പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവെച്ചു കൊന്നതെന്ന് കണക്കുകൾ പറയുന്നു.

 

തൃശൂര്‍ കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്‍ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്‍ഷം തടവുമാണ് തൃശൂര്‍ രണ്ടാം അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പതിനൊന്ന് കൊല്ലം മുമ്പ് നവംബര്‍ പത്തൊമ്പത്തിന് കണിമംഗലത്തെ കൈതക്കോടന്‍ വീട്ടിൽ വിന്‍സന്‍റ് എന്ന 79കാരനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടു പ്രതികളെ കോടതി ശിക്ഷിച്ചത്.

 

ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്.

 

റേഷന്‍ ഡിപ്പോ കൈക്കൂലി കേസിലെ സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിനെതിരെ അടൂര്‍ പ്രകാശ് എംപി സുപ്രീം കോടതിയിയെ സമീപിച്ചു. 475 ദിവസം വൈകി നൽകിയ അപ്പീൽ ഫയലില്‍ സ്വീകരിച്ച കേരള ഹൈക്കോടതി നടപടിക്കെതിരെയാണ് അടൂര്‍ പ്രകാശ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അടൂര്‍ പ്രകാശിനെ കോഴിക്കോട് വിജിലന്‍സ് കോടതി കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. അപ്പീല്‍ വൈകിയതില്‍ സര്‍ക്കാരിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും അടൂര്‍ പ്രകാശ് അപ്പീലില്‍ പറയുന്നു.

 

എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്നും മതഭ്രാന്തിനൊപ്പമല്ലെന്നും ബിനോയ് വിശ്വം. യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളത്. എന്നാൽ, മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കവി വി. മധുസൂദനന്‍നായര്‍ ആണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

 

കൊച്ചി കോർപ്പറേഷൻ നിർമിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ക്രെഡിറ്റ്‌ തർക്കം മുറുകുന്നു. തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിനാണെന്ന നിലപാടിലാണ് കോൺഗ്രസ്. പദ്ധതി തുടക്കം കുറിച്ചത് യുഡിഫ് ആണെന്ന് കൊച്ചിയിലെ മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവർ പറഞ്ഞു. എല്ലാം നടപടി ക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ആണ്. അതിനെതിരെ കൗൺസിൽ യോഗത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎം ആണ്.

 

എൻഎസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എൻ.എസ്.എസ് വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യണോ അത് മുസ്ലിം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നുംപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

 

 

: ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. അവശേഷിച്ച അവശിഷ്ടങ്ങൾ പലയിടങ്ങളിളായി സംസ്കരിച്ചുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോട് വെളിപ്പെടുത്തി. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം.

 

കൊല്ലത്തെ സ്വകാര്യ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അമൽ ശങ്കറിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതകളുണ്ടെന്ന് കുടുംബം. ഭർത്താവിനൊപ്പം സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്ന വ്യക്തിയാണ് അമൽ ശങ്കറിന്റെ ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ രേഖ കുമാരി ആരോപിക്കുന്നു.അമലിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

 

പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവർത്തനങ്ങൾ പുലർത്തിയതിന് എച്ച്.എൽ.എല്ലിന് അംഗീകാരം. എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയ്ക്കാണ് 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാർജ് സ്കെയിൽ വ്യവസായ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമായത്.

 

ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസൻ വധക്കേസിലെ അറുപത്തിയഞ്ചാം പ്രതി ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ കോടതിയിൽ സമ‍ർപ്പിച്ചു. മൂന്നുവർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ഏപ്രിലിലാണ് പിടികൂടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സജീവ പ്രവർത്തകനാണ്. തീവ്രവാദ ആക്രമണങ്ങൾക്കായി ഇയാൾ പരിശീലനം നേടിയിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്.

 

നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്.

 

വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ കുഴഞ്ഞു വീണതായും ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്.

 

 

കർണാടകയിൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ റഷ്യക്കാരിയെയും പ്രായപൂർത്തിയാകാത്ത മക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കും. ഇവർക്ക് യാത്രാ രേഖകൾ കൈമാറാൻ കേന്ദ്ര സർക്കാരിന് കർണാടക ഹൈക്കോടതി അനുവാദം നൽകി. കുട്ടികളുടെ പിതാവെന്ന് അവകാശപ്പെട്ട് ഇസ്രയേലി പൗരൻ ഷ്ലോമോ ഗോൾഡ്‌സ്റ്റൈൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതി ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പൊലീസ് ഇ ത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയടക്കം 50 പേരെ യുപി ബറേലിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ വെടിയുതിർത്തെന്നും, 10 പൊലീസുകാർക്ക് പരിക്കേറ്റെന്നും ഡിഐജി അറിയിച്ചു. കുറ്റക്കാർക്കുനേരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്നേഹ പ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രിമാര്‍. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്നായിരുന്നു ഇരുവരെയും വിമര്‍ശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പരാമര്‍ശം. ഇതിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി. രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വിവാദമായിട്ടും ന്യായീകരണം തുടരുകയാണ് വിജയ് വര്‍ഗിയ.

 

രാഷ്ട്രീയ സ്വയംസേവക സംഘ(ആർഎസ്എസ്)ത്തിന്റെ പ്രാർത്ഥന ഭാരതമാതാവിന് സമർപ്പിച്ചിട്ടുള്ളതാണെന്ന് ആർഎസ്എസ്.മേധാവി മോഹൻ ഭാഗവത്. ”അത് ഭാരത മാതാവിനോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

സാഫ് അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ച് സമനിലയില്‍ കലാശിച്ചിരുന്നു. ഏഴാം തവണയാണ് ഇന്ത്യ കിരീടത്തിൽ.മുത്തമിടുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *