Untitled design 20250112 193040 0000

 

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയമാണ്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്.എറണാകുളത്തിന്‍റെ തീരമേഖലയിൽ അടക്കം 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തൃശൂർ, കാസർഗോഡ്, വയനാട് , മലപ്പുറം, കണ്ണൂർ, എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസർകോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

നിലമ്പൂരിൽ നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളുടെ പ്രശ്നങ്ങളാണ് തങ്ങൾ പറയുന്നതെന്നും എന്നാൽ വർഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നതെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണ്, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മുന്നണികൾക്ക് ആവേശമായി പ്രമുഖ നേതാക്കൾ കളം നിറയുന്നു. യുഡിഎഫ് അണികളിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി റോ‍ഡ്ഷോ നടത്തിയപ്പോൾ സ്വരാജിനെ ജയിപ്പിക്കാൻ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി നിലമ്പൂരിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുകയാണ്. എൻഡിഎ ജയിച്ചാൽ നിലമ്പൂര്‍-നഞ്ചൻകോട് റെയിൽപാത യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി.

ജമാ അത്തെ ഇസ്ലാമിയോട് കോൺഗ്രസ് നിലപാട് എന്താണെന്ന് പ്രിയങ്ക ഗാന്ധി മറുപടി പറയില്ല എന്ന് മനസ്സിലാക്കിയാണ് താൻ മറുപടി പറയാമെന്ന് പറഞ്ഞതെന്നും രാഷ്ട്രീയമായി ഇതിനെ നേരിടാൻ അവർക്ക് കഴിയില്ലെന്നും യുഡിഎഫ് ആയുധമില്ലാതെ അടരാടുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചോട്ടെ നിയമപരമായി അതിനെ നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഏഴ് മാസം, മൂന്ന് പദ്ധതികൾ, ഇത് നിലമ്പൂരിലെ ജനങ്ങൾക്ക് ബിജെപി നൽകുന്ന വാക്കാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. ഇത് എൽഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല മറിച്ച് 11 വ‍ർഷത്തെ പ്രവർത്തനമികവിന്‍റെ രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണെന്നും വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ അഡ്വ. മോഹൻ ജോർജ്ജിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ എന്നാൽ വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്‍റെ പേരിൽ ആക്കുന്നു അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നുവെന്നും ആദ്യഗഡു നൽകാൻ താൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന മൊഴിയിൽ ഉറച്ച് ഭർത്താവ് ബിനു. തന്നെയും കാട്ടാന പതിനഞ്ച് അടിയോളം ദൂരേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. സീതയെ രണ്ടു തവണ കാട്ടാന ആക്രമിച്ചു. തന്നെ കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നുവെന്നാണ് ബിനുവിന്‍റെ പ്രതികരണം.

കേരളതീരത്ത് കടലില്‍ കത്തിയ വാന്‍ ഹായ് 503 കപ്പലിനെ സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ നാളെ മുതൽ തീരത്തടിയാൻ സാധ്യത. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വിവരം അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസിൽ പ്രതിയായ ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഒറ്റ ബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ് കുറ്റസമ്മത മൊഴി നൽകി. ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് മൊഴി. കുറ്റകൃത്യത്തിൽ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.

തന്നെ വ്യാജ ലഹരിക്കേസിൽ കുടുക്കിയതിൽ മരുമകള്‍ക്കും പങ്കുണ്ടെന്ന് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി. സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീലാ സണ്ണി പറഞ്ഞു.

പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇഎം മുഹമ്മദിനെയാണ് പ്രതികൾ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്.

ഉത്തരാഖണ്ഡിൽ ഹെലികോപ്ട‍ർ തകർന്നുണ്ടായ അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.

പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 20ലധികം ആളുകൾ ഒഴുക്കിൽ പെട്ടെന്നാണ് സൂചന. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയിലാണ് അപകടം നടന്നത്. അപകടത്തിൽ ആറുപേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ ഔദ്യോഗികമായി അറിയിച്ചു.

ഇറാന്‍ ഭരണകൂടം ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധത അറിയിച്ചെന്ന് വിവരം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ സേന. ഇറാനിലെ സൈനിക ആയുധ നിർമ്മാണശാലകളിലും സഹായ സ്ഥാപനങ്ങളിലും നിലവിലുള്ളവരും അങ്ങോട്ട് പോകാനിരിക്കുന്നവരും ഉടന്‍ തന്നെ ആ പ്രദേശങ്ങള്‍ വിട്ടുപോവുകയും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തിരികെയെത്തുകയും ചെയ്യരുതെന്നും ഇറാനിലെ ആയുധ നിര്‍മ്മാണശാലകള്‍ക്ക് സമീപമുള്ള സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് ഐഡിഎഫ് വക്താവിന്‍റെ മുന്നറിയിപ്പ്.

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു നിരവധി കെട്ടിടങ്ങൾ തകർന്നു നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണനങ്ങളിൽ തെഹ്റാൻ അടക്കം നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്.

ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക്. ഇറാനില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ലഭ്യമാക്കിയ മസ്കിന്‍റെ തീരുമാനം രാഷ്ട്രീയ വിവാദമാകാന്‍ സാധ്യതയുണ്ട്.

അമേരിക്കയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്നും ആക്രമണമുണ്ടായാൽ സായുധ സേനയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ് . ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവർത്തിച്ചു.

ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പയുടെ പ്രതികരണം. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനായി പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾ നടക്കണം ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുതെന്നും പോപ്പ് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകി. ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് തകരാർ കണ്ടെത്തിയത്. ഹിൻഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 1511 എന്ന വിമാനം, റൺവേയിൽ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകുകയായിരുന്നു.

യുഎഇയിൽ ഇന്ന് മുതൽ ഉച്ചസമയജോലികൾക്ക് നിരോധനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കുന്നതാണ് ഈ നിയമം. യുഎഇയിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിലാണിത്. നിയമം സെപ്റ്റംബർ 15 വരെ തുടരും.

ഇറാനും ഇസ്രയേലും തമ്മിൽ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ ഇടപെടൽ പല സംഘർഷഭരിത രാജ്യങ്ങൾക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് വ്യാപാരം ഉപയോഗിച്ചുവെന്ന തന്‍റെ വാദവും ഡോണൾഡ് ട്രംപ് ആവർത്തിച്ചു.

 

ഈ വർഷത്തെ ഇലക്ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പിന്‍റെ ആഗോള അംബാസഡറായി ലോക ഫുട്‌ബോൾ താരവും അൽ നസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തതായി ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ അറിയിച്ചു. ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് ടൂർണമെന്‍റ് നടക്കുക.

 

36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈജിപ്ത്, ടാൻസാനിയ, നൈജീരിയ, ഘാന, കാമറൂൺ അടക്കം പട്ടികയിൽ 25 ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തുന്നത്. ഈ രാജ്യങ്ങൾ അമേരിക്കൻ വിദേശകാര്യ വകുപ്പ് നിർദേശിച്ച മാറ്റങ്ങൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണം. അല്ലെങ്കിൽ പ്രവേശന വിലക്ക് ബാധകമാകും.

 

വലിയ രീതിയിൽ നാശം വിതച്ച് ഇസ്രയേൽ – ഇറാൻ വ്യോമാക്രമണം മൂന്നാം ദിവസം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് കെയ‍ർ ഗിവർ, നഴ്സ്, ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തി. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *