വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്‍റിന്‍റെ ഈ സെഷനിൽ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വഖഫ് ബിൽ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു ചോദിച്ചു.

 

വഖഫ് ബില്ലിനെ പൂർണ്ണമായും എതിർക്കാതെ ചില വ്യവസ്ഥൾക്കെതിരായി മാത്രം വോട്ടു ചെയ്യുക എന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ. വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിർദ്ദേശങ്ങൾ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. മുനമ്പം സമരം ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, സങ്കുചിത താത്പര്യങ്ങൾ മാറ്റിവയ്ക്കണമെന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ധനമന്ത്രി നിർമ്മല സീതാരാമനും കെസിബിസി നിലപാട് സ്വാഗതം ചെയ്തു.

 

കെസിബിസിക്ക് പിന്നാലെ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐയും. വഖഫ് നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതല്ലെന്ന നിലപാടാണ് സിബിസിഐ മുന്നോട്ട് വെക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെടണമെന്നും മതന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയില്‍ പറയുന്നു.

 

വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂർണമായി അനുകൂലിക്കാൻ കെസിബിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല, വ്യവസ്ഥകൾ അറിഞ്ഞശേഷം അതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഒരിക്കലും ഹനിക്കപ്പെടില്ല, വിശദമായ ചർച്ചകൾക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ അദ്ദേഹം വ്യക്തമാക്കി.

 

157 നഴ്സിങ് കോളജുകൾ കേന്ദ്രം അനുവദിക്കുമ്പോൾ ഒന്നു പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ വലിയ വിഷമം ഇല്ല, എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ അർഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നേഴ്സിങ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശാ സമരക്കാർ. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സർക്കാർ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം.ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യത്തിനും പെൻഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോക്ക് വക്കുന്നത്.

 

സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആശ വർക്കർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ മുടിമുറിച്ച് പ്രതിഷേധിക്കുന്നതിന് ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി നേതാക്കൾ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

 

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അനുമതി. സ്വദേശ് ദര്‍ശന്‍ 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

 

കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കോവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തിയെന്നും നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ നിലപാടെടുത്തു.

 

തൃശൂർ പൂരം വെടിക്കെട്ട് അനുമതിയിൽ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

 

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാൽ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കും.

 

 

കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ പദ്ധതി വിഹിതത്തിൽ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികൾ ട്വന്‍റി ട്വന്‍റി പാർട്ടി പ്രഖ്യാപിച്ചു. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് വൈദ്യുതി, പാചകവാതക ബില്ലിൽ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടു പഞ്ചായത്തുകളിലുമായി പ്ലാൻ ഫണ്ടിൽ മിച്ചംവന്നം 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

 

 

അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം.

 

 

യാക്കോബായ സഭയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ മലങ്കര സഭയിലെ തർക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്നും ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കിൽ കൈവശം വെച്ച പള്ളികൾ തിരികെ നൽകണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു.

 

 

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

 

 

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെൻഡറുകൾ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികൾക്ക് കടൽ മണൽ ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

 

മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായും ഭരണകൂടം അറിയിച്ചു.

 

 

മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയിൽ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന തുടങ്ങി. നാളെ താൽകാലിക ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. തകർന്ന ബുദ്ധവിഹാരത്തിൽ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

 

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തർ മേഖലയിലെ ബിജാപൂർ ദന്തേവാഡാ ജില്ലകളുടെ അതിർത്തിയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്.

 

പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ വീണ്ടും പൊലീസിന്റെ ബുൾഡോസർ നടപടി. ജലന്ധറിൽ ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ട ആളുടെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി. സംഘത്തിൽ ഉൾപ്പെട്ട ആളുടെ 50 കോടിയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു. ജലന്ധറിലെ നകോദറിലെ ഫൈസലാ ഗ്രാമത്തിൽ ഞായറാഴ്ചയാണ് പൊലീസ് നടപടിയുണ്ടായത്.

 

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ജെൻസ് ഫ്രെഡറിക് നീൽസൺ. ഗ്രീൻലന്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഫ്രെഡറിക് നീൽസൺ.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *