night news hd 13

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചു. ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ – എം.വി.ജയരാജൻ, കാസർകോട് – എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.

സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയതെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. LDF ഇരുപതിൽ ഇരുപതും നേടും. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. അതിനായി ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിചേർക്കും.എല്ലാവരും പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക.ഏതു പ്രതിസന്ധിയിലും ഉലയാതെ നിൽക്കുന്ന മതനിരപേക്ഷതയാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വടകര തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മുൻപ്  പ്രവർത്തിച്ചതുപോലെ ഇനിയും മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തിൽ ചർച്ചയാവില്ല.ആർഎംപിയുടെ പ്രവർത്തനം എൽഡിഎഫിൻ്റെ ജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്നം ഇല്ല. ജനങ്ങൾ അവസരം തന്നാൽ അവർ നിരാശരാകില്ല എന്നും ശൈലജ പ്രതികരിച്ചു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ഞായറാഴ്ച. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോർജ്  പറഞ്ഞു.

ടിപി ചന്ദ്രശേഖരൻ വധകേസിലെ ഹൈക്കോടതി ഉത്തരവിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ജയിൽ ശിക്ഷ അനുഭവിക്കുന്നതോടൊപ്പം , ടി പിയുടെ ഭാര്യ കെ കെ രമക്കും മകനും കനത്ത പിഴ നൽകണമെന്നാണ് കോടതി വിധിച്ചത്. കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നൽകണം.പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിയുണ്ട്.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോ, യുഡിഎഫ് ആണ് നിരപരാധികളായവരെ ഉൾപ്പെടുത്തിയത്. കോടതി ശിക്ഷിച്ചത് കൊണ്ട് ആരും കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു.

തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി  ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്  അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുo. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ഫിയോക്ക്ചെയർമാൻ ദിലീപ് അറിയിച്ചു.

ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്ന് കെ രാധാകൃഷ്ണൻ. ജനങ്ങളിൽ വിശ്വാസമുണ്ട്പാർട്ടി തീരുമാനിച്ചത് അനുസരിച്ചാണ് സ്ഥാനാർത്ഥിയാകുന്നത്. പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുo. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു.വയനാട് മാതൃകയിൽ RRT സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും, പിഎംഎൽഎ നിയമം അനുസരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

താനും ഒരു രാഷ്‌ട്രീയ പ്രവർത്തകയാണെന്നും തന്‍റെ ജീവനും ഇനി ഭീഷണി ഉണ്ടാവരുതെന്നും കെ കെ രമ എംഎല്‍എ. അതിന് ടിപി വധക്കേസിലെ വിധി സഹായകരം ആകണമെന്ന്  കെ കെ രമയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.

കൈക്കൂലി വാങ്ങവേ ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനും വിജിലൻസ് പിടിയിൽ. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആണ് ഇവർ വിജിലൻസിന്റെ പിടിയിലായത്.

ശബരിമല മേൽശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.  മലയാള ബ്രാഹ്മണരെ മാത്രം നിയമക്കാനുള്ള   തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.എന്നാൽ മേൽശാന്തി നിയമത്തിനുള്ള അതോറിറ്റി ദേവസ്വം ബോർഡ് ആണെന്നും, ഇക്കാര്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

രാജ്യം പുരോഗമിക്കുമ്പോൾ ഇന്ത്യൻ നാവികസേനയും പരിവർത്തനത്തിന്‍റെ പാതയിലാണെന്ന് അഡ്മിറൽ ആർ ഹരികുമാർ . നേവി വെറ്ററൻസിനെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിമുക്ത ഭടന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പാക്കി.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടിയുടെ ജില്ലാ സെക്രട്ടറി ചുമതലയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമെന്ന്എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂരിലെ പാ‍ർട്ടിയെ നയിക്കാൻ പകരക്കാനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരായിരിക്കണം പുതിയ സെക്രട്ടറിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വിവിരിച്ചു.

അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവർ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അഭ്യര്‍ത്ഥിച്ചു.

അനിമല്‍ പോലെയൊരു സ്‌ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് നടിയും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്​ബു സുന്ദര്‍.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. മുബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം എടുക്കുകയായിരുന്നു. ബസവരാജ് പാട്ടീലിന്‍റെ രാജി മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേര്‍ന്നത്.

കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു.വോട്ടെടുപ്പിൽ രണ്ട് ബി ജെ പി എം എൽ എമാർ കോൺഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി.

പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും പതഞ്ജലിയുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും കോടതിയെ വെല്ലുവിളിക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു. ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ രാംദേവ് സന്ന്യാസിയാണെന്ന് പറഞ്ഞ അഭിഭാഷകനോട് അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പ്രതികരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *