‘മോദി ഗ്യാരണ്ടി’കള്‍ എണ്ണിയെണ്ണിപ്പറഞ്ഞും ഭരണ നേട്ടങ്ങള്‍ വിവരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തൃശൂരില്‍ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘മോദിയുടെ ഗ്യാരണ്ടിയാണു നാട്ടിലെങ്ങും ചര്‍ച്ച. എന്നാല്‍ സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നതെ’ന്നു പറഞ്ഞുകൊണ്ടാണു മോദി ഗ്യാരണ്ടിയെക്കുറിച്ചുള്ള ആത്മസ്തുതികള്‍ ആരംഭിച്ചത്. നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു മോദിയുടെ ഗ്യാരണ്ടി എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. തുടരെത്തുടരെ മോദി ഗ്യാരണ്ടി ആവര്‍ത്തിച്ചതോടെ സദസും മോദി ഗ്യാരണ്ടി എന്ന് ഏറ്റുപറഞ്ഞു.
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണം കടത്തിയതെന്ന് അറിയാമെന്നു മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറയാതെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കണക്കു ചോദിക്കാന്‍ പാടില്ലെന്നാണ് കേരളത്തിലെ സര്‍ക്കാര്‍ പറയുന്നത്. കണക്ക് ചോദിച്ചാല്‍ പദ്ധതികള്‍ക്കു തടസമുണ്ടാക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണ്. തൃശൂര്‍ പൂരത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചു. ശബരിമലയുടെ കാര്യത്തിലും പിടിപ്പുകേടുണ്ടായി. കേരളത്തില്‍ ഇടതു പക്ഷവും കോണ്‍ഗ്രസും ഒറ്റസഖ്യമാണ്. ഇവര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു.
നിയമസഭകളിലും പാര്‍ലമെന്റിലും വനിതാ സംവണം ഏര്‍പ്പെടുത്തിയതു മാത്രമല്ല മോദി ഗ്യാരണ്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം മോദി ഗ്യാരണ്ടിയാണ്. അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സാ സൗകര്യവും സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു സംവരണവും സംഘര്‍ഷ മേഖലകളില്‍നിന്ന് മലയാളികളെ നാട്ടിലെത്തിച്ചതും മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിനു നാലു ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്തീകള്‍ എന്നീ നാലു വിഭാഗങ്ങളേയും സര്‍ക്കാര്‍ സഹായിക്കുകയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും അവരെ ഗൗനിച്ചിരുന്നില്ല. എല്ലാ മതവിഭാഗങ്ങളെയും ബിജെപി ബഹുമാനിക്കുന്നു. ക്രിസ്മസ് വിരുന്നിന് എത്തിയവര്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു. അവര്‍ക്ക് നന്ദി പറയുന്നു.
‘കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ’ എന്നു മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിഭാഷ കഴിഞ്ഞ് ഓരോ തവണ പ്രസംഗം പുനരാരംഭിക്കുമ്പോഴും അതേ അഭിസംബോധന ആവര്‍ത്തിച്ചു. കേരളത്തിലെ വനിതകള്‍ സ്വാതന്ത്ര്യ സമര രംഗത്തും സ്‌പോര്‍ട്‌സ് അടക്കമുള്ള വിവിധ മേഖലകളിലും മികച്ച സംഭാവനകള്‍ ചെയ്തവരാണ്. കേരളത്തിലെ വനിതകള്‍ അഭിമാന പുത്രിമാരാണെന്ന് മോദി പ്രശംസിച്ചു. പലരുടേയും പേരെടുത്തു പറഞ്ഞെങ്കിലും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കാവുന്ന സുരേഷ് ഗോപിയുടെ പേരു പരമാര്‍ശിച്ചില്ല.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയശേഷമാണ് തേക്കിന്‍കാട് മൈതാനിയിലെ വേദിയിലേക്കു മോദി എത്തിയത്. റോഡ് ഷോ കാണാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ക്കപ്പുറത്തു കാത്തു നിന്ന ജനത്തിന് മോദി അഭിവാദ്യമേകി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ്‌ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്ന് സിനിമാ നടി ശോഭന ‘സ്ത്രീശക്തി മോദിക്കൊപ്പം’ വേദിയില്‍ പ്രസംഗിച്ചു. പി.ടി ഉഷ, മിന്നു മണി, ബീന കണ്ണന്‍, ഉമ പ്രേമന്‍, മറിയക്കുട്ടി തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വനിതാ പ്രതിഭകള്‍ വേദിയിലുണ്ടായിരുന്നു. ബിന കണ്ണന്‍ വെള്ളിനൂലുകൊണ്ടു തയാറാക്കിയ ഷാള്‍ മോദിയെ അണിയിച്ചു.
കേരള എന്‍ജിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി നടത്തും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഈ വര്‍ഷം മുതല്‍ കീം പരീക്ഷ ഓണ്‍ലൈനാകും. ജെ.ഇ.ഇ. മാതൃകയിലാണ് ഇനി പരീക്ഷ നടത്തുക.
ജയിലുകളില്‍ ജാതിവിവേചനം ഉണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പെടെ ഏഴു സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. കേരളത്തിനു പുറമേ, തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ക്കണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണു നോട്ടീസ്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരിച്ചു നല്‍കിയെന്ന് മന്ത്രി വി.എന്‍. വാസവന്‍. സഹകരണ ബാങ്ക് പൂര്‍വ സ്ഥിതിയിലേക്ക് വൈകാതെ എത്തുമെന്നും മന്ത്രി പറഞ്ഞു.
ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. ബിജെപി കണ്‍വീനര്‍ ആലപ്പുഴ ഹരീഷ് ആര്‍ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.
സഹകരണ നിക്ഷേപ സമാഹരണം ജനുവരി പത്തിന് ആരംഭിക്കും. 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി 10 വരെയാണു നിക്ഷേപ സമാഹരണം.
മലപ്പുറം കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സനായി മുസ്ലിം ലീഗിലെ ഡോ. കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗണ്‍സിലറുടേത് ഉള്‍പ്പെടെ 20 വോട്ടാണ് ഹനീഷയ്ക്ക് ലഭിച്ചത്. ഒരു സി പി എം കൗണ്‍സിലര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്നു. സിപിഎമ്മിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടു ലഭിച്ചു.
അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഇത്തിഹാദ് പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടെ ഈ സെക്ടറുകളില്‍ 363 സീറ്റുകള്‍ കൂടി പ്രതിദിനം അധിമായി ലഭിക്കും.
പിഎസ്‌സി 179 തസ്തികകളിലേക്കു നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി എന്നിങ്ങനെ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഗ്രേഡ്, എല്‍പി – യുപി സ്‌കൂള്‍ അധ്യാപകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എസ്‌ഐ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ 179 തസ്തികകളിലാണ് നിയമനം.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പഴയ വിഗ്രഹം ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്കു പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല. ശ്രീരാമന്‍ ഹൃദയത്തിലുണ്ട്. അദ്ദേഹം പറഞ്ഞു.
പോലീസിന്റെ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ പുകയാക്രമണ കേസിലെ പ്രതി നീലം ആസാദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണ കോടതി പരിഗണിക്കട്ടെയെന്നാണ് ഹൈക്കോടതി പറഞ്ഞത്.
പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി. കേസ് മാര്‍ച്ച് 11 നു പരിഗണിക്കും.
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും മകള്‍ ശര്‍മിളയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. നാളെ വൈഎസ്ആര്‍ടിപി എന്ന തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും.
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പങ്കെടുത്ത 50 കാരനെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്ത് 30 വര്‍ഷത്തിനു ശേഷമാണ് ഹുബ്ബള്ളി ജില്ലയിലെ ശ്രീകാന്ത് പൂജാരിയെ അറസ്റ്റു ചെയ്തത്.
ഇന്ത്യന്‍ വംശജരായ കോടീശ്വര കുടുംബം അമേരിക്കയില്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും പൊലീസ്. യുഎസിലെ മസാച്യുസെറ്റ്സില്‍ രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), 18 വയസുള്ള മകള്‍ അരിയാന എന്നിവരെ പുറത്തുള്ള ആരോ കൊലപ്പെടുത്തിയതാണ്. മരിച്ചു കിടന്നിരുന്ന രാകേഷിന്റെ കൈയ്യിലുണ്ടായിരുന്ന തോക്കിലെ ബുള്ളറ്റുകളല്ല ശരീരത്തിലേറ്റതെന്ന് പോലീസ് കണ്ടെത്തി.