സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന കപ്പല്‍ കൊച്ചിയിലുള്ള ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എം വി ഇമാനാണ് കടല്‍കൊളളക്കാര്‍ റാഞ്ചിയത്. കൊച്ചിയില്‍നിന്നു 700 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കപ്പലില്‍ നിന്നും അപായ സന്ദേശം ലഭിച്ചതോടെ ഇന്ത്യന്‍ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്ര കടല്‍കൊളളക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. പിറകേ യുദ്ധകപ്പലിലെ ധ്രുവ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാദൗത്യം നടത്തി. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണ്. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയി.
ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. അതോടെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാകില്ല. കെ റെയില്‍ വരുമെന്നു പറയുന്നതുപോലെയല്ല ഇതെന്നും കണ്ണൂരില്‍ അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങി. കാസര്‍ഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്‌സണ്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് കീഴടങ്ങിയത്. അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്കു കൂട്ടസ്ഥലമാറ്റം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് മുമ്പായി കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്കാണ് അധ്യാപകരെ സ്ഥലം മാറ്റിയത്. കോന്നിയിലേക്ക് 33 പേരെയും ഇടുക്കിയിലേക്ക് 28 പേരെയുമാണ് മാറ്റിയത്. കൂട്ടസ്ഥലമാറ്റത്തില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു. ഒഴിവുകള്‍ സൃഷ്ടിക്കുകയും നികത്തുകയും വേണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലേക്കു പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജെബി മേത്തര്‍ എംപിക്ക് പരിക്കേറ്റു. എംപിയെ ആശുപത്രിയിലേക്കു മാറ്റി. മൂന്നു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
അയോധ്യാക്കേസില്‍ രാംലല്ലക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനെയാണ് മുഖ്യമന്ത്രിക്കു പേടിസ്വപ്നമായ എക്സാലോജിക് കേസ് കൈകാര്യം ചെയ്യാന്‍ കേരള സര്‍ക്കാരിനുവേണ്ടി കെഎസ്‌ഐഡിസി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിതെന്നും സുധാകരന്‍.
സംസ്ഥാനത്തെ കോളജുകളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മഹാരാജാസ് കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ പ്രകാശന്‍ എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റേയും ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍എ കോടതി തള്ളി. ഭാസുരാംഗന്റെ ഭാര്യ, മകള്‍, മരുമകന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഫെബ്രുവരി അഞ്ചിനു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചു.
കണ്ണൂര്‍ പൂവത്ത് റോഡിലെ അപകട സാധ്യത ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീ ബസിടിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സിസ്റ്റര്‍ സൗമ്യ മരിച്ച ശേഷമാണ് ഈ പ്രദേശത്തു വേഗത നിയന്ത്രിക്കാനുള്ള ബാരിക്കേഡ് പൊലീസ് സ്ഥാപിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ എസ്പിയും ആര്‍ടിഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് സുരേന്ദ്രന്‍ കിണറില്‍ മരിച്ച നിലയില്‍. വിഴിഞ്ഞം വെണ്ണിയൂരുള്ള വീട്ടുവളപ്പിനു സമീപത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിക്കാന്‍ നാലു മാസം ശേഷിക്കേയാണ് മരണം. വിവാഹമോചനം നേടിയ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു.
കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെ.എസ്.യു നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചതിലും കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ബൈജുവിനെയും നെസ്ഫല്‍ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.
രാജ്യസഭയിലെ ഒഴിവുള്ള 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലായാണ് ഇത്രയും ഒഴിവുള്ളത്. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരന്‍, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്ണവ്, ഭുപേന്ദ്ര യാദവ് തുടങ്ങിയവരുടെ കാലാവധി അവസാനിക്കുകയാണ്.
തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 30 നഗരങ്ങള്‍ 2026 ല്‍ ഭിക്ഷാടന മുക്ത നഗരങ്ങളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനു മുന്നോടിയായി ഭിക്ഷാടകരെക്കുറിച്ച് സര്‍വേ നടത്തും. അവരെ പുനരധിവാസത്തിനു പദ്ധതി തയാറാക്കും. രാജ്യത്തുടനീളം 30 നഗരങ്ങളെ കേന്ദ്രം കണ്ടെത്തി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ജാതി സെന്‍സസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്രസര്‍ക്കാരാണെന്ന് കേരളം സുപ്രീം കോടതിയില്‍. സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
രാഹുല്‍ഗാന്ധിക്ക് ബംഗാളിലും വിലക്ക്. ബുധനാഴ്ച മാല്‍ദ ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് ബംഗാള്‍ സര്‍ക്കാര്‍ തള്ളിയത്. അതേ ദിവസം മമത ബാനര്‍ജി മാല്‍ദയില്‍ എത്താനിരിക്കെയാണ് രാഹുലിന് അനുമതി നിഷേധിച്ചത്.
ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലെ എല്ലാ കേസുകളും കല്‍ക്കട്ട ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കു മാറ്റി. ഡിവിഷന്‍ ബെഞ്ചിലേയും സിംഗിള്‍ ബെഞ്ചിലെയും ജഡ്ജിമാരുടെ പോരിനിടെയാണ് സുപ്രീംകോടതി നടപടി. ജാതി സര്‍ട്ടിഫിക്കറ്റ് കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സൗമന്‍ സെന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവാണ് കേസ് സുപ്രീംകോടതിയില്‍ എത്തിച്ചത്.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതി ഫെബ്രുവരി രണ്ടിനു റിപ്പോര്‍ട്ട് തരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിമി സംഘടനയുടെ നിരോധനം അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരമാണു നിരോധനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് നിരോധന ഉത്തരവില്‍ പറയുന്നു.
കര്‍ണാടകയിലെ മണ്ഡ്യയില്‍ ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തി. കരെഗോഡു ഗ്രാമത്തില്‍ പഞ്ചായത്ത് അനുമതി ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തേണ്ട കൊടിമരത്തിലാണു ഹനുമാന്‍ പതാക ഉയര്‍ത്തിയത്. പോലീസ് ഇടപെട്ട് ഹനുമാന്‍ പതാക നീക്കം ചെയ്തു. ഇതിനെതിരേ പ്രതിഷേധിച്ച് അക്രമാസക്തരായ ബിജെപി, ജെഡിഎസ്, തീവ്രഹിന്ദുസംഘടനകള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ലാത്തിവീശി.
ഉത്തര്‍പ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. പള്ളിയില്‍ സര്‍വേ നടത്താന്‍ കമ്മീഷ്ണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
അയോധ്യയില്‍ നൂറു മുറികളുള്ള റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സ്ഥാപനമായ അഞ്ജലി ഇന്‍വെസ്റ്റ്മെന്റ് എല്‍എല്‍സിയുമായി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് കരാര്‍ ഒപ്പിട്ടു.
ജോയ്ആലുക്കാസ് ഷോറൂമുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഗ്രാന്‍ഡ് ഓഫര്‍ ഫെബ്രുവരി 18 വരെ ലഭിക്കും.