കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനു കാരണം നികുതി പിരിവിലെ അലംഭാവമല്ല, കേന്ദ്രം അവഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ ബജറ്റിനെതിരേ സമരം ചെയ്യാത്ത പ്രതിപക്ഷം കേരളത്തിനെതിരേയാണ് സമരം നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ മഞ്ചേശ്വരം കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ച എന്താണെന്നു ജനങ്ങള്‍ ചോദിക്കുന്നു. ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്നും പിണറായി പറഞ്ഞു. യാത്ര മാര്‍ച്ച് 18 നു തിരുവനന്തപുരത്തു സമാപിക്കും.
സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. 10 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു ബില്ല് മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണു നിയന്ത്രണം.
എറണാകുളം സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യപിപ്പിച്ച് കോഴിക്കോട്ട് കൂട്ടബലാല്‍സംഗം ചെയ്തു. സൂഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കസബ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറെ നാലുദിവസത്തേക്കുകൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി വാദിച്ചു.
ആര്‍എസ്എസുമായി 2017 ല്‍ ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹമാന്‍. ചര്‍ച്ചയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ആര്‍എസുഎസുമായി ഒറ്റയ്ക്കല്ല ജമാ അത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മത്സരമുണ്ടാകുമോ എന്ന് അറിഞ്ഞശേഷം മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തിലേക്കു പോകില്ല, കേരളത്തില്‍തന്നെ തുടരും. മഹാരാഷ്ട്രാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ദൗത്യം എഐസിസി ഏല്‍പിച്ചതിന് കേരളം വിടുന്നുവെന്ന അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല.
വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോള്‍ അംഗികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ മുഹമ്മദ് ഫൈസലിനു നോട്ടീസ് നല്‍കുമെന്നും കോടതി അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. അറ്റകുറ്റ പണികള്‍ക്കായി റണ്‍വേ അടയ്ക്കുന്നതിനാലാണ് 12.30 മുതല്‍ 4.30 വരെയുള്ള സര്‍വീസുകള്‍ പുനഃക്രമീകരിച്ചത്.
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍. ഷുഹൈബ് വധക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേന പൊലീസ് ഹര്‍ജി നല്‍കി. 2018 ഫെബ്രുവരി 12 നാണ് ഷുഹൈബിനെ വെട്ടിക്കൊന്നത്.
തില്ലങ്കേരിയിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമല്ലെന്നു സിപിഎം നേതാവ് പി. ജയരാജന്‍. തില്ലങ്കേരിയിലെ പാര്‍ട്ടി ഈ പ്രദേശത്തെ പ്രവര്‍ത്തകരും നേതാക്കളുമാണ്. ആകാശും കൂട്ടരും അല്ല. പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തിനു പിറകേ പോയിട്ടില്ലെന്നും ജയരാജന്‍. തില്ലങ്കേരിയില്‍ സിപിഎം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയും പങ്കെടുത്തു. ആകാശിനെ കഴിഞ്ഞ ദിവസം ജാമ്യത്തിലിറക്കിയതു രവിയാണ്.
ട്രെയിനില്‍ വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡു ചെയ്തത്. കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തത്.
വിവാഹം മുടക്കാന്‍ ശ്രമിച്ചെന്നു സംശയിച്ച് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സണ്‍ ചിന്നുവിനാണു മര്‍ദനമേറ്റത്. അമ്പാടി ഉണ്ണിക്കെതിരേയാണു പരാതി.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ.എ അസീസാണ് ഷിബുവിന്റെ പേരു നിര്‍ദേശിച്ചത്. ‘ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും’ സ്ഥാനമേറ്റ ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ പോലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയി. അധ്യാപകര്‍ പൊലീസ് സ്റ്റേഷനിലെത്തിയോടെ കസ്റ്റഡിയില്‍ എടുത്ത ഏഴു പേരെയും വിട്ടയച്ചു. പൊലീസ് കോളജില്‍ എത്തിയത് അനുമതി തേടാതെയാണെന്നും പരാതി നല്‍കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആദായ നികുതി വകുപ്പ് നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു. ഫഹദ് ഫാസിലിന്റെ വീട്ടിലും സ്ഥാപനത്തിലും നേരത്തെ പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തി മൊഴിയെടുത്തത്.
കൊള്ളപ്പലിശക്കാരുടെ കെണിയില്‍ കുടുങ്ങിയാണ് കഴിഞ്ഞ വര്‍ഷം ബഹറിനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തതെന്നു കുടുംബത്തിന്റെ പരാതി. മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണു അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയിലും ബഹ്‌റൈനിലും പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണു രാജീവന്‍ മരിച്ചത്.
സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം നിശ്ചയിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണു ഹര്‍ജി നല്‍കിയത്.
തമിഴ്‌നാട്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന്‍ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജന്‍.
ലുഡോ ഗെയിം കളിച്ച് ഉത്തര്‍പ്രദേശിലെ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി എത്തിയ പാക്കിസ്ഥാന്‍കാരിയായ പത്തൊമ്പതുകാരി ഇഖ്‌റയെ പാക്കിസ്ഥാനിലേക്കു തിരിച്ചയച്ചു. വിസയും യാത്രാരേഖകളുമില്ലാതെയാണ് ഇഖ്‌റ ഇവിടെയെത്തി 26 കാരനായ മുലായം സിംഗ് യാദിവുമൊത്തു താമസം ആരംഭിച്ചത്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വോട്ടവകാശം ഉത്തര്‍പ്രദേശ് പിസിസിയില്‍ നിന്ന്. പ്രിയങ്കഗാന്ധി ഡല്‍ഹി പിസിസി പട്ടികയിലാണുള്ളത്. രാജസ്ഥാനിലെ പട്ടികയില്‍ അശോക് ഗലോട്ടിന്റെ വിശ്വസ്തര്‍ പുറത്താണ്. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരായ മൂന്നു പേര്‍ പട്ടികയിലുണ്ട്.
പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാതയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങളിലേക്കു പോകാന്‍ സര്‍വീസ് റോഡ് ആവശ്യപ്പെട്ട് അതിവേഗപാത ഉപരോധിച്ചവര്‍ക്കെതിരേ ലാത്തിച്ചാര്‍ജ്. കര്‍ഷകരും നാട്ടുകാരുമാണു റോഡ് ഉപരോധിച്ചത്.
രാജ്യത്ത് മാസ്‌ക് ഒഴിവാക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സീന്‍ ഉറപ്പാക്കിയതുകൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. അമേരിക്കയില്‍ ജോ ബൈഡന്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നു. അമേരിക്കയില്‍ 67 ശതമാനം പേര്‍ക്കു മാത്രമാണ് വാക്‌സീന്‍ കിട്ടിയതെന്നും ജെപി നദ്ദ പറഞ്ഞു. കര്‍ണാടക ഉഡുപ്പിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നദ്ദ.
മുഖ്യമന്ത്രി സ്ഥാനം കിട്ടാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കാലില്‍ വീണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ അപൂര്‍വയിനം തത്തയെ വളര്‍ത്തിയ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കറിന് അഞ്ചു ലക്ഷം രൂപ പിഴ. തമിഴ്‌നാട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് പിഴ ചുമത്തിയത്. യൂട്യൂബ് ചാനലിലൂടെ വീട് പരിചയപ്പെടുത്തുന്ന ഹോം ടൂര്‍ വീഡിയോയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് അലക്‌സാന്‍ഡ്രൈന്‍ തത്തകളയും കാണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ബുക്കു ചെയ്ത ഐ ഫോണിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയ ഇരുപതുകാരന്‍ കര്‍ണാടകയിലെ ഹാസനില്‍ അറസ്റ്റിലായി. കൊലപാതകത്തിനുശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. ക്യാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ഫോണ്‍ എത്തിച്ച ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക് എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഹേമന്ത് ദത്തയാണു പിടിയിലായത്.
വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിലായി. ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഭര്‍തൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദന കലിതയും കാമുകനായ ധന്‍ജിത് ദേകയുമാണു പിടിയിലാത്. ഏഴു മാസം മുമ്പാണ് സംഭവം. മൃതദേഹം കഷ്ണങ്ങളാക്കി മൂന്നു ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചിറാപുഞ്ചിയില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞെന്നാണു പൊലീസ് പറയുന്നത്.
അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നത് തുടരുമെന്ന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ലോകത്തിലെ ഏറ്റവും വലിയ ചേരി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രോജക്ടിന് ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന് അധിക പണം അനുവദിക്കുമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ചദ്ദ പറഞ്ഞു.
അപ്രതീക്ഷിതമായി യുക്രൈന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ യുദ്ധത്തില്‍ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവിലാണ് ബൈഡന്‍ എത്തിയത്. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ബൈഡന്‍ കൂടിക്കാഴ്ചയും നടത്തി.
അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവച്ചു കൊല്ലാന്‍ അമേരിക്കയിലെ ന്യൂമെക്സിക്കോ സംസ്ഥാനത്തെ ഗില മേഖലയിലെ ഭരണകൂടം. അലഞ്ഞു തിരിയുന്ന നൂറ്റമ്പതോളം പശുക്കളെയാണ് കൊല്ലാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.