സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘തായേ തായേ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ‘കഥ തുടരും’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ഗോപകുമാറും ഇതിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധര്‍ സംഗീതം നല്‍കിയ ഈ ഗാനം തെലുങ്കില്‍ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസര്‍ നല്‍കിയത്. ‘ദൂരദര്‍ശന’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
