തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം ‘ഹിറ്റ് 3’ ട്രെയിലര്‍ എത്തി. വയലന്‍സും ആക്ഷനും നിറഞ്ഞ ചിത്രത്തില്‍ പരുക്കന്‍ ഗെറ്റപ്പിലാണ് നാനി എത്തുന്നത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വാള് പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മേയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍, വളരെ വയലന്റ് ആയ പൊലീസ് കഥാപാത്രമായാണ് നാനി ‘ഹിറ്റ് 3’യില്‍ എത്തുക. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പന്‍ ബജറ്റില്‍ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകന് ശൈലേഷ് കോലാനു.
നാനി ചിത്രം ‘ഹിറ്റ് 3’ ട്രെയിലര്‍ എത്തി
