ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് കൂണ്‍. ഭക്ഷണത്തിലെ നാരുകള്‍ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ അളവു കുറയ്ക്കുന്നതിനും കൂണ്‍ സഹായിക്കും. കൂണില്‍ അടങ്ങിയ പ്രോട്ടീന്‍-പോളിസാക്കറൈഡ്
സംയുക്തങ്ങളാണ് അവയ്ക്ക് ഔഷധമൂല്യം നല്‍കുന്നത്. ഇവയ്ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അര്‍ബുദം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനും കഴിവുണ്ട്. ചില ഇനം കൂണുകള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായ തോതില്‍ തടയുന്നു. ചിപ്പിക്കൂണിലുള്ള ആന്റി ഓക്സിഡന്റിന് നീര് കുറയ്ക്കാന്‍ കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂട്ടം കൂടുന്നത് തടയാനും കഴിയും. ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക, കരള്‍രോഗങ്ങള്‍ എന്നിവയെ തടയുന്നതിനൊപ്പം ഈ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും കൂണുകള്‍ സഹായിക്കുന്നു. റേഡിയേഷന്‍ ചികിത്സയില്‍ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും കൂണുകള്‍ക്ക് കഴിയും. സ്ഥിരമായി കൂണ്‍ കഴിച്ചാല്‍ മാത്രമേ മികച്ച തോതില്‍ ഈ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. കൂണ്‍ പാകം ചെയ്യുന്നതിന് മുന്‍പ് 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വിറ്റാമിന്‍ ഡി2 ആയി മാറുന്ന എര്‍ഗോസ്റ്റെറോള്‍ എന്ന സംയുക്തം കൂണില്‍ അടങ്ങിയിട്ടുണ്ട്.
