ബലാത്സം​ഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുഭാ​ഗത്തിന്റെയും വാദം പൂർത്തിയായി.അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധി ആദ്യം പുറപ്പെടുവിക്കും. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാ​ഗം അഭിഭാഷകൻ ആശ്യപ്പെട്ടിരിക്കുന്നത്.

 

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് പരസ്യമായി പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുന്‍കൂര്‍ ജാമ്യാേപക്ഷയിലെ കോടതി വിധി കാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ ഈ നിലപാടിൽ എഐസിസിക്കും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. രാഹുലിന് ഇനി പാർട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരൻ ആവര്‍ത്തിച്ചു.

 

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചതിന് തെളിവുകളുണ്ടെന്നും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. ഇന്നലെ നടന്ന വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. 2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആര്‍. പ്രതി പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്. ഫെന്നി നൈനൻ ഓടിച്ച കാറിൽ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

 

മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി

 

രാഹുലിനും ഷാഫിക്കുമെതിjzരെ ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെ KPCC സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്‍റെ പരാതി ഷാഫി പറന്പിൽ പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം.താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും അവര്‍ മുന്നറിയിപ്പ് ന്ല്‍കിയിരുന്നു.രാഹുൽ സന്ദേശം അയച്ചതിനും തെളിവുണ്ട്.പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുമെന്ന് അവര്‍ പറഞ്ഞു

 

ഷാഫിക്കെതിരെ രൂക്ഷ വിമർശനവുമായി CPM.രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് CPM ജില്ല സെക്രട്ടറി EN സുരേഷ് ബാബു പറഞ്ഞു.അത് ഷഹനാസ് തുറന്നു പറഞ്ഞു.CPM നേരത്തെ ഷാഫി ക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചു.ഷാഫി അന്നേ നടപടി എടുത്തില്ലെങ്കിൽ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നു.രാഹുൽ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

 

ആരോപണത്തിന് പിന്നാലെ സാംസ്കാരിക സാഹിതി ​ഗ്രൂപ്പിൽ നിന്നും നീക്കിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. വ്യക്തിപരമായ വിദ്വേഷത്തെ തുടർന്നാണ് നടപടിയെന്നും ഷഹനാസ് ആരോപിച്ചു. അതിൽ പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്തു. ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും സോഷ്യൽ മീഡിയയിൽ മെസേജ് വന്നു. ഷാഫിക്ക് അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ഷഹനാസ് ആവർത്തിച്ചു വ്യക്തമാക്കി.

 

ലൈംഗിക പീഡനക്കേസിൽ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയും വിവരങ്ങള്‍ വെളിപ്പെടുന്ന വിധം നവമാധ്യങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. രാഹുൽ ഈശ്വർ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണ് റിമാൻഡ് ചെയ്തത്. മോശം കമന്‍റിടുന്നവർക്ക് എതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് സൈബർ സെൽ ചുമതലയുള്ള എഡിജിപി പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ, കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. അയൽസംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന് കുരുക്ക് മുറുകും.

 

രാഹുൽ മാങ്കൂട്ടത്തിലിനെ ബം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയാളിയായ ഇയാൾ ബം​ഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ അവിടെയും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല.

 

തനിക്കെതിരായ സൈബര്‍ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇമെയില്‍ മുഖാന്തരമാണ് .പരാതി അയച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിക്കെതിരേയാണ് സന്ദീപ് വാര്യരുടെ നീക്കം.

 

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ രാഹുൽ ഈശ്വറിനെ വിട്ടത്. ടെക്നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ അയച്ചത് മുതൽ നിരാഹാരത്തിലാണ് രാഹുൽ ഈശ്വർ.

 

സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യത്തിൽ ഷെയർ ചെയ്ത കോഴിക്കോട് ചേളന്നൂർ സ്വദേശി അറസ്റ്റിൽ.ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാർ (56) നെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ള പീഡന പരാതിയുടെ പാശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി.

 

ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. ഈ കേസിൽ പത്മകുമാറിന്‍റെ അറസ്റ്റും രേഖപ്പെടുത്തി. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. ചൊവ്വാഴ്ച ജയിലിലെത്തിയാണ് അന്വേഷണ സംഘം പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ.

 

ശബരിമല സ്വര്‍ണകൊള്ളയിൽ ഇപ്പോള്‍ നടക്കുന്നത് കോടതിയുടെ മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണമാണെന്നും ഇനി സിബിഐയും എൻഐഎയും ഇഡിയും വരുമെന്നും അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒന്ന് വഴിമാറാൻ തള്ളിയതിനുള്ള നിയമ നടപടികള്‍ താൻ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിൽ എന്തോ സംഭവിച്ചന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

 

സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോര്‍ന്നു. ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്‍ഡിസി അറിയിച്ചു. തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്.

 

സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെഎസ്എഫ്‍ഡിസി എംഡി. ദൃശ്യങ്ങള്‍ പുറത്തുപോയതിൽ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്‍ഡിസി എംഡി പിഎസ് പ്രിയദര്‍ശൻ പറഞ്ഞു. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തുമെന്നും വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹാക്കിംഗ് ആണെന്ന് പ്രാഥമിക സംശയമെന്നും പ്രിയദര്‍ശൻ പറഞ്ഞു.

 

യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതർ. 800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. ജീവനക്കാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ യൂസർ ഐ.ഡി ഉപയോഗിച്ച് അംഗങ്ങളെ ചേർത്തു എന്ന ആരോപണം തെറ്റാണെന്നും ബാങ്ക് അധികൃതർ പറയുന്നു.

 

തൃശൂർ കുന്നംകുളം ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ചൂണ്ടൽ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.

 

നെടുമ്പാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റിൽ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ് കോലാലംപൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെയോട് കൂടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് പോയിന്റിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

 

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സംസ്ഥാനത്തെ തൊഴിലുടമകളോട് ബുധനാഴ്ച അഭ്യർത്ഥിച്ചു. കേരളത്തിൽ ഡിസംബർ 9, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂനമർദ്ദവും രൂപപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.

 

വൈദ്യുതാഘാതമേറ്റ പാമ്പിന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് പാമ്പ് പിടിത്തക്കാരൻ. എന്നാൽ ഈ രീതി ആരും അനുകരിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൃഗഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് സംഭവം നടന്നത്.

 

മദ്യപിച്ച 18കാരൻ അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന അപകടത്തിൻ്റെ ആശങ്കപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. വാഹനം ഓടിച്ച ഷദീഹ് മൊഹറം അൻസാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

 

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിക്കുന്ന വാച്ചിനെച്ചൊല്ലി പുതിയ വിവാദം. സിദ്ധരാമയ്യ 43 ലക്ഷം രൂപ വിലയുള്ള വാച്ചാണ് ധരിക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം. കഴിഞ്ഞദിവസം സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തിയപ്പോൾ ധരിച്ച വാച്ച് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യക്ക് അത്യാഡംബര വാച്ച് കെട്ടുന്നതിൽ കുഴപ്പമില്ലെന്നും ബിജെപി പരിഹസിക്കുന്നു.

 

 

പാൻ മസാലയുടെ എല്ലാ പാക്കറ്റുകളിലും വലുപ്പമോ ഭാരമോ പരിഗണിക്കാതെ റീട്ടെയിൽ വിൽപന വില നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിറക്കി. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ്, 2011 പ്രകാരമുള്ള മറ്റ് നിർബന്ധിത പ്രഖ്യാപനങ്ങളും ഇതോടൊപ്പം പാക്കറ്റുകളിൽ രേഖപ്പെടുത്തണം. ജിഎസ്ആർ 881(ഇ) വിജ്ഞാപനം വഴിയാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്. ഈ പുതിയ നിയമം 2026 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അധികൃതര്‍ അറിയിച്ചു

 

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂർ രംഗത്ത്.പ്രതിപക്ഷം പാർലമെൻ്റിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്നു.ചർച്ചകളിലൂടെ സർക്കാരിനെ വെല്ലുവിളിക്കുന്നതിന് പകരം ബഹളം വെച്ച് നടപടികൾ തടസ്സപ്പെടുത്തുന്നു.ചോദ്യോത്തരവേളയും ശൂന്യവേളയും പോലെ കേന്ദ്രമന്ത്രിമാരെ മുൾമുനയിൽ നിർത്താനുള്ള അവസരങ്ങൾ പാഴാക്കുന്നു.യുപിഎ ഭരണകാലത്ത് ബിജെപി ചെയ്തത് ഇപ്പോൾ ഇന്ത്യ സഖ്യം ആവർത്തിക്കുന്നു.നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനാണെന്നും ശശി തരൂർ പറഞ്ഞു.

 

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി ഉള്ളപ്പോഴാണ് കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി. 1988 ബാച്ച് യു പി കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുൻ ഉപരാഷ്ട്രതി ജഗദീപ് ധൻകർ അദ്ധ്യക്ഷനായുള്ള സമിതിയാണ് സെഗാളിനെ നിയമിച്ചത്.

 

കോ ൺഗ്രസ് എംപി രേണുക ചൗധരിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകാൻ ബിജെപി.പാർലമെൻ്റിൽ നായയുമായത്തിയ സംഭവത്തിലെ പ്രതികരണത്തിലാണ് നീക്കം.കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്ന അകത്തിരിക്കുന്നവരേക്കാൾ ഭേദമാണ് നായയെന്നായിരുന്നു പ്രതികരണം.തുടർന്ന് നായയുടെ ശബ്‌ദം അനുകരിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു

 

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകൾ താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ ഇൻ്റിഗോ റദ്ദാക്കി. നിരവധി സർവീസുകൾ വൈകി. ജീവനക്കാരുടെ കുറവ് ഉൾപ്പെടെ വിവിധ കാരണങ്ങളാണ് പ്രവർത്തനം തടസപ്പെടാൻ കാരണമെന്നാണ് വിവരം. അതേസമയം സംഭവത്തിൽ കേന്ദ്ര ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

അഹമ്മദാബാദിൽ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തകർന്ന എയർ ഇന്ത്യ വിമാനത്തിലെ (ബോയിംഗ് 787) ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുകെയിലേക്ക് തിരിച്ചയച്ച നിരവധി മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്ന അളവിൽ വിഷരാസവസ്തുക്കൾ കണ്ടെത്തിയതായി ബ്രിട്ടീഷ് ജുഡീഷ്യൽ ഓഫീസർ വെളിപ്പെടുത്തി. അപകടത്തിൽ മരിച്ച 53 ബ്രിട്ടീഷ് പൗരന്മാരുടെ കേസ് അന്വേഷിക്കുന്ന പ്രൊഫസർ ഫിയോണ വിൽകോക്സ്, ഡിസംബർ രണ്ടിനാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്ത അനുയായിയെന്ന് പേരുകേട്ടിരുന്ന മാർജോറി ഗ്രീൻ (Marjorie Taylor Greene) രാജി പ്രഖ്യാപിച്ചു. ജനുവരി 5 -ന് രാജിവയ്ക്കുമെന്നാണ് അറിയിപ്പ്. കാരണമായി പറഞ്ഞ വാക്കുകൾ ഒരു യഥാർത്ഥ ജനപ്രതിനിധി പറയേണ്ട വാക്കുകളാണ്. അത് റിപബ്ലിക്കൻ അംഗങ്ങൾ ശരിവച്ചു.

 

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണമരണം: ഇന്ത്യാക്കാരനെ ക്രിമിനൽ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യാക്കാരൻ രജീന്ദർ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരനായ ഇയാൾ അനധികൃത മാർഗങ്ങളിലൂടെയാണ് അമേരിക്കയിലെത്തിയത്. ഒറിഗോണിൽ വെച്ച് നവംബർ 24 ന് ഇയാൾ ഓടിച്ച സെമി ട്രക്ക് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നവദമ്പതികളായ വില്യം മൈക്ക കാർട്ടറും ജെന്നിഫർ ലിൻ ലോവറുമാണ് മരിച്ചത്.

 

 

ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ കർശനമായ വസ്ത്രധാരണ രീതികളെ ന്യായീകരിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഇ. നിർബന്ധിത ഹിജാബ് നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇറാനിയൻ വനിതകളുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ്, അമേരിക്കയും പാശ്ചാത്യ മുതലാളിത്തവും സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയാണെന്ന് ഖാംനഇ ഓൺലൈൻ പോസ്റ്റുകളിലൂടെ ആരോപിച്ചത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *