ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന പുറത്തുവന്നിരുന്നു.
ശബരിമല സ്വർണ കവർച്ച കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് നിന്ന് ടാക്സ് അടയ്ക്കാതെ ഓടുന്ന അന്തർസംസ്ഥാന ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. ജില്ലയിൽ കഴക്കൂട്ടത്ത് ഉൾപ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിൽ പത്തോളം ബസുകളാണ് പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകൾക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്.
ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മുൻ എംഎല്‍എ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അനില്‍ അക്കര. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു.
പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ പികെ ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കാൻ ശ്രമം തുടങ്ങി. പാർട്ടിയുമായി പരസ്യ പോരിനിറങ്ങിയാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.കെ.ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. മണ്ണാർക്കാട് നഗരസഭയിൽ പത്ത് സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം. മുൻ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗം വരെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികളായി രംഗത്തുണ്ട്.
സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഷിബു ആരോപിക്കുന്നു. ഡ്രൈവർക്കെതിരെ കേസെടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടതായിരുന്നു. മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും ബന്ധു ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ലെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പ്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്‌വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുകയാണെന്ന് ആരോപിച്ച അരുണിമ, ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയാണ് രംഗത്ത് വന്നിരിക്കുന്നത്.
കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല.
ഇപ്പോൾ നടത്തുന്ന റിലേ ഒ.പി. ബഹിഷ്കരണം തുടരുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ. അഞ്ചാം ആഴ്ച്ചയിലേക്കാണ് പ്രതിഷേധം നീളുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ 21 വെള്ളിയാഴ്ച, 29 ശനിയാഴ്ച എന്നീ തീയതികളിൽ ഒ.പി, തിയറി ക്ലാസുകൾ എന്നിവ ബഹിഷ്കരിക്കുമെന്നും ചട്ടപ്പടി സമരം (Work to Rule) തുടരുമെന്നും സംഘടന. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, കൂടാതെ മറ്റ് സ്ഥിതിവിവര കണക്കുകൾ കൈമാറില്ല എന്നും വ്യക്തമാക്കുന്നു.
ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്.ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജഡ്ജിമാർ കൂട്ടത്തോടെ വിട്ടുനിന്നു. ഇത് ജഡ്ജിമാർക്കിടയിലെ യൂണിയൻവൽക്കരണമെന്ന് ഹൈക്കോടതി അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ട്.എന്നാൽ, ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ല കത്തിലുളളതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ അറിയിച്ചു.
എയ്ഡഡ് സ്കൂള്‍ നിയമനങ്ങ ളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസിന്‍റെ ഓപ്പറേഷൻ ബ്ലാക് ബോർഡ് റെയ്ഡില്‍ കണ്ടെത്തി.മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി.സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നു.കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം വരുത്തുന്നുവെന്നും കണ്ടെത്തി.
നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും കേസിന്‍റെ വിചാരണ തുടങ്ങിയില്ല . പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസമാണ് വിചാരണയുടെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇതിനിടെ കേസിലെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി അടുത്ത മാസം ആറിന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത് പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍,.കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.വിമാനത്താവളം കസ്റ്റംസിന്‍റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പൊലീസ് സ്വർണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. കോഴിക്കോട് കസ്റ്റംസ് (പ്രിവന്‍റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്‍റെ സത്യവാങ്മൂലം നല്‍കിയത്
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.തുടർച്ചയായ അഞ്ചാം തവണയാണ് നിതീഷ്കുമാർ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.
പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ഗുണ്ടാനേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പഞ്ചാബ് പോലീസ്. ഗുണ്ടാനേതാവ് ഹർജിന്ദർ ഹാരിയാണ് കൊല്ലപ്പെട്ടത്. വിദേശത്തുള്ള ഗുണ്ടാനേതാക്കളുമായടക്കം ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈയിടെ ജയിലിൽ നിന്നിറങ്ങിയ ഇയാൾ ഒരാളെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അമൃത്സർ കമ്മീഷണർ അറിയിച്ചു.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
ബെംഗളൂരു നഗരത്തെ ഞെട്ടിച്ച 7 കോടി രൂപയുടെ കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ വാൻ ഡ്രൈവർക്കും പണം കൊണ്ടുപോയ ഏജൻസിയിലെ ജീവനക്കാർക്കും കവർച്ചയിൽ പങ്കില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ് എത്തിയിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ 3 യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഹൗസ് സർജൻമാരായ കോയമ്പത്തൂർ സ്വദേശി സരൂപൻ (23), പുതുക്കോട്ടൈ സ്വദേശി രാഹുൽ സെബാസ്റ്റ്യൻ (23), തിരുപ്പത്തൂർ സ്വദേശി മുകിലൻ (23) എന്നവരാണ് മരിച്ചത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്.
ഇന്ത്യ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽപ്പെടുത്തിയ അൻമോൽ ബിഷ്ണോയിയെ എൻഐഎ ചോദ്യം ചെയ്യും. അമേരിക്ക നാടുകടത്തിയ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അൻമോൽ ബിഷ്ണോയ്. ഇയാളെ 11 ദിവസം എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. എൻഐഎ നടപടികളുമായി സഹകരിക്കുമെന്ന് അൻമോലിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. ഹരിയാന സോഹ്നയിലെ മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉമർ ഈ മസ്ജിദിൽ എത്തിയിരുന്നതായി കണ്ടെത്തൽ. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് 415 കോടിയുടെ കള്ളപ്പണ ഇടപാട് എന്നാണ് വിവരം. ചെയർമാൻ്റെ പാക് സന്ദർശനവും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാൻ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്‍റെ ഔദ്യോഗിക വസതിയിൽ പുള്ളിപ്പുലിയിറങ്ങിയതിനെ തുടർന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവിൽ ലൈൻസ് ഏരിയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ ബംഗ്ലാവ് ഉൾപ്പെടെ നിരവധി പ്രമുഖർ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവൻ, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാർട്ടേഴ്സുകൾ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയ മണ്ഡലങ്ങളിലും ഏറ്റവും കൂടുതൽ വോട്ടർമാരെ കൂട്ടിച്ചേർത്ത മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയ ഗോപാൽഗഞ്ചിൽ തുടർച്ചയായ അഞ്ചാം തവണയും ബിജെപി ജയിച്ചു. അരലക്ഷം പേരെ ഒഴിവാക്കിയ പൂർണിയ, മോതിഹാരി, എന്നിവിടങ്ങളിലും ബിജെപിയാണ് ജയിച്ചത്.
കർണാടകയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രവേശനത്തിൽ ഗണ്യമായ നേട്ടമുണ്ടാക്കുന്ന സ്കൂൾ മേധാവികൾക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും വിദേശ പഠന യാത്രകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 2026–27 അധ്യയന വർഷത്തിൽ, മുൻവർഷത്തെ അപേക്ഷിച്ച് സർക്കാർ സ്കൂളുകളിലും പി യു കോളേജുകളിലും പ്രവേശനം കുറഞ്ഞത് 15 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നതാണ് ലക്ഷ്യം.
കർണാടകയിലെ മുഖ്യമന്ത്രി പദവിക്കായി സമ്മർദ്ദം ശക്തമാക്കാൻ ഡികെ ഗ്രൂപ്പ്.കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചു.ഒരു പദവിയിലും ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ പറഞ്ഞു.സിദ്ധരാമയ്യക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു.പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.രണ്ടര കൊല്ലത്തിനുശേഷം മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിൽ അദ്ദേഹത്തിന് അമർഷമുണ്ട്.
തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് ദീക്ഷിത്. ശശി തരൂരിനെതിരെ അവസരവാദിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം എന്തിനാണ് ഇപ്പോഴും കോൺഗ്രസിൽ നിൽക്കുന്നതെന്നും ചോദിച്ചു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങൾ സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ നല്ലതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അക്കാര്യത്തിൽ ഒരു വിശദീകരണം നൽകണം. അത് ചെയ്യുന്നില്ലെങ്കിൽ നിങ്ങളൊരു അവസരവാദിയാണെന്നായിരുന്നു സന്ദീപ് ദീക്ഷിതിൻ്റെ വിമർശനം.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദ് പൂർണ്ണ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്ഥാൻ ഒരു റിസ്കും എടുക്കാൻ തയ്യാറല്ലെന്ന് സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
എസ്ഐആർ കാരണം ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. നാനൂറിലധികം പേർ അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നതായാണ് റിപ്പോർട്ട്. അതിർത്തിയിലെ ഈ അസാധാരണമായ സാഹചര്യം നിലനിൽക്കെയാണ് ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്എ) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻഎസ്എ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്.
മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിലെ വിശദാംശങ്ങൾ വ്യക്തമാക്കി യുഎസ് കോൺഗ്രസിന്‍റെ പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ 6 ഫൈറ്റർ ജെറ്റ് തകർത്തെന്ന പാക് അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഈ നാല് ദിവസത്തെ സംഘര്‍ഷങ്ങളെ ചൈന ശരിക്കും ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മേയർ സൊഹ്‌റാൻ മംദാനിയെ സന്ദർശിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും കണ്ടുമുട്ടുമെന്ന് ട്രംപ് അറിയിച്ചു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം അടക്കം ഉണ്ടായതിന് ശേഷമാണ് ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ച്ച. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് 48 മണിക്കൂറിന് ശേഷം, ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്എ) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻഎസ്എ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യത്തെ നിർണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്. ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
അത്യാധുനിക ജാവലിൻ മിസൈൽ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കുന്നതിന് അമേരിക്കൻ അനുമതി. 45.7 മില്യൺ ഡോളറിനാണ് മിസൈൽ സംവിധാനം വിൽപ്പന നടത്തുക. ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി (DSCA) ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് സര്‍ട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾക്ക് അനുമതി ലഭിച്ച കാര്യം അറിയിച്ചത്.
റഷ്യ-യുക്രൈൻ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി എൻബിസി റിപ്പോർട്ട്. കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടൽ.
350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണിൽ വിളിച്ച് ഞങ്ങൾ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടൽ വാദം തുടർച്ചയായി തള്ളുകയാണ് ഇന്ത്യ.
ഇന്ത്യൻ വ്യോമശക്തിയുടെ ഭാവിക്ക് നിർണ്ണായകമാകുന്ന സൈനിക നിർദ്ദേശവുമായി മോസ്കോ. അടുത്ത മാസം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെ, രാജ്യത്തിന്‍റെ ഭാവി ഫൈറ്റർ വിമാനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ അഞ്ചാം തലമുറ Su-57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്‍റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നൽകാൻ റഷ്യ തയാറാണെന്ന് അറിയിച്ചു.
