അതീവ ജാ​ഗ്രതയിൽ ദില്ലി. ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 16 മെട്രോസ്റ്റേഷനുകൾ അടച്ചു. ദില്ലിയിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്തറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു.

 

നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. ദില്ലിയിൽ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം പാർലിമെന്റ് മാർച്ചിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബ്ഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി.

 

സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി. ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് സിജെപി പറഞ്ഞു. ധർമ്മേന്ദ്ര പ്രധാനേക്കാൾ യുവാക്കൾക്ക് മോദി പ്രാധാന്യം നൽകണം. മോദിയുടെ ട്വീറ്റ് ക്രൂരമായ തമാശയാണെന്നും ആവശ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും സിജെപി പറയുന്നു.

 

രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ. സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തണമെന്നും മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നൽകുമെന്നും അണ്ണാ ഹസാരെ കത്തിൽ ചൂണ്ടിക്കാട്ടി.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് മോദിയുടെ സോഷ്യൽ മീഡിയ പ്രതികരണം. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറയുന്നു.

 

പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഭാവിയെ തകർത്തത് മോദിയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കണമെന്നും അവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഈ ആവശ്യങ്ങൾ വ്യക്തമെന്നും രാഹുൽ പറഞ്ഞു.

 

ദില്ലിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ സ്റ്റേഷൻ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് വ്യക്തമാക്കി. മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് ബാർ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്.

 

കോക്റോച്ച് ജനത പാർട്ടി (സിജെപി) പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽനിന്ന് നീക്കിയത്.

 

സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.

 

ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാൻ നീക്കം നടത്തിയ ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് വലയിലായത്. കോഴിക്കോട് സിറ്റി സൈബർ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റർ പങ്കുവച്ചാണ് എൻഎഫ്ഡിസി ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ഡൽഹിയിലെ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുള്ളത്.

 

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ മരണത്തില്‍ ഡോക്ടര്‍ എം കെ റാമിന്‍റെ അറസ്റ്റിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി എസ് സി , എസ് ടി പ്രത്യേക കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അനുമതി കിട്ടിയാല്‍ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്തേക്കും.

 

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ വിപുലീകൃത സംസ്ഥാന സമിതി സെപ്ത്ബർ രണ്ടാം വാരത്തിൽ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ. ഇന്നും നാളേയുമായി നടക്കുന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

 

യുഡിഎഫ് മുന്നണി യോഗം കഴിഞ്ഞ രണ്ടു മാസമായി ചേരാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികൾ.ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകൾ പറഞ്ഞ് മുന്നണി യോഗം ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി.

 

ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും.സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാൻ ആലോചിക്കുന്നത്.

 

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത മേഖലയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. മണ്ണിടിച്ചിലിന്‍റെ കാരണം കണ്ടെത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇന്ന് എത്തുന്നത്. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നോ നിർമ്മാണം നടത്തിയത് എന്ന് പരിശോധിക്കും.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിർത്തിവെച്ച തുരങ്കപാതാ പദ്ധതിയുടെ ഭാവി തീരുമാനിക്കുക.

 

ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ അഴിമതി നടന്നതായി കണ്ടെത്തി. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകാൻ കോൺട്രാക്‌ടർമാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ഉദ്യോഗസ്ഥർ പണംവാങ്ങുന്നുവെന്നാണ് കണ്ടെത്തിയത്. 30 ഉദ്യോഗസ്ഥർ ഓൺലൈനായി 45 ലക്ഷം വാങ്ങിയതിൻ്റെ തെളിവ് ലഭിച്ചു.

 

സിക്കിം തുരങ്കം അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അനീഷ് മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കും.

 

വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്ക് സർവീസ്. ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്ക് സർവീസ്.

 

തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രച‌രിപ്പിക്കുന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞ് സിപിഎം നേതാവ് പി കെ ശ്രീമതി. പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോ​ഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.

 

സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയിലെ ഏഞ്ചൽ മേരി ബസിലെ ജീവനക്കാരാണ് പെൺകുട്ടി ഉൾപ്പെടെ നാല് വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും കയ്യിൽ കടിച്ചുപരിക്കേൽപിക്കുകയും ചെയ്തത്.കേസെടുത്തെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും വിദ്യാർത്ഥികളുടെ ആരോപണമുണ്ട്.

 

കൊച്ചിയിലെ പി & ടി കോളനി ഫ്ലാറ്റ് നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 14 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് 24 കോടിയോളം രൂപയാണ് ആകെ ചെലവഴിച്ചത്.നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിലെ ചോർച്ചയും മറ്റ് പോരായ്മകളും പുറത്തുവന്നു.നിർമ്മാണത്തിലെ അനാസ്ഥ പുറത്തുവന്നതോടെ കോളനിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.

 

ലോക്സഭയിൽ വനിതാ എംപിമാർക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ തൃണമൂൽ കോൺ​ഗ്രസ് എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ. ലോക്സഭയുടെ വർഷകാല സമ്മേളനത്തിന്റെ ഇനിയുള്ള കാലയളവിലേക്കാണ് കല്യാൺ ബാനർജിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്.

 

കോവിഡ് കാലത്ത് യുകെയിൽ പിപിഇ കിറ്റിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതിമാർ കുറ്റക്കാരെന്ന് കണ്ടെത്തി. ഇന്ത്യൻ വംശജരായ ജോ​ഗേഷ് ഭണ്ഡാരി(59) ഭാര്യ മീനാക്ഷി ഭണ്ഡാരി(58) എന്നിവരാണ് തട്ടിപ്പ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ കമ്പനിയിൽ ജീവനക്കാരനായ ക്രെയ്​ഗ് മോറിസും(43) കേസിൽ കുറ്റക്കാരനാണ്.

 

അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് ‘123 എഗ്രിമെൻ്റ്’ എന്നറിയപ്പെടുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

 

തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്‌സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു.

 

ബെംഗളൂരുവിൽ നടപ്പാതയിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താൻ നീക്കം. നടപ്പാതയിലൂടെ ഇരുചക്ര വാഹമോടിക്കുന്നവ‍ർക്കെതിരായ പിഴ 500 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തണെമന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ​ഗതാ​ഗത വകുപ്പ് മന്ത്രി ബൈരാതി സുരേഷിന് കത്ത് നൽകി.

 

ഫോർഡ് ഫാക്ടറികളിലെ സെൽഫ് സർവീസ് കിയോസ്ക്കുകളിൽനിന്ന് ചിപ്സും കുക്കീസും മോഷ്ടിച്ചെന്ന് ആരോപിച്ച് ജീവനക്കാരെ പുറത്താക്കിയ നടപടി വൻ വിവാദത്തിലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കമ്പനി. ഫോർഡും കിയോസ്ക്കുകൾ സ്ഥാപിച്ച ഭക്ഷണവിതരണ കമ്പനിയായ അരാമാർക്കുമാണ് ഫോർഡ് ഫാക്ടറികളിലെ കിയോസ്ക്കുകളിൽ വീണ്ടും പരിശോധന നടത്തുന്നത്.

 

ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ.24 മണിക്കൂറിൽ 906 എം.എം മഴയാണ് വസാദിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ഗുജറാത്തിൽ ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വടക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

 

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാനയിലെ സർക്കാർ എൻജീനിയർ അറസ്റ്റിൽ. പുനരുപയോ​ഗ ഊർജ വികസന കോർപ്പറേഷനിലെ ഡിവിഷണൽ എൻജിനീയറായ മുത്യം വെങ്കട്ടരമണയെയാണ് തെലങ്കാനയിലെ അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) പിടികൂടിയത്.

 

ദില്ലിയിലെ സിജെപി സമരത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചതോടെ കേരള സ്കൂളിലെ 10 മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് സ്റ്റേഷനിൽ കുടുങ്ങി.പ്രിൻസിപ്പാൾ അടക്കമെത്തി വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം നീണ്ട അനിശ്ചിതത്തിനൊടുവിൽ വിദ്യാർഥികളെ പിന്നീട് മറ്റൊരു ഗേറ്റ് വഴി പൊലീസ് പുറത്തിറക്കി.

 

ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *