കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി.
സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും, തീരുമാനം എടുത്താൽ എല്ലാവരേയും അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിലെ വിമർശനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു.
രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ചിറയിൻകീഴിലെ സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. രമ്യ ഹരിദാസിന് ഒപ്പം ഉള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും പരാതി ഉയർന്നിരുന്നു. എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പ് ചുമത്തികേസെടുത്തിട്ടുണ്ട്.
ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷം വാട്സ് ആപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി.
പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്. പാർട്ടിയിലെ ഒരുവിഭാഗം അണികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി. അവരെക്കുറിച്ചാണ് പിണറായി പറഞ്ഞത്. പാർട്ടിയിലെ ചെറിയവിഭാഗം മാറി വോട്ട് ചെയ്തതുകൊണ്ടാണല്ലോ അവർ വിജയിച്ചത്. അതാണ് പിണറായി വിജയൻ സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പ്രതികരിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നും, രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നാലോ അഞ്ചോ അംഗങ്ങളുള്ള രഹസ്യ സംഘം പ്രവർത്തിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.
എറണാകുളം ഭാരത്‍മാതാ കോളേജിലെ മോർഫിംഗ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുന്നുവെന്നും കോളേജിന് പുറത്തുള്ളവരും അന്വേഷണപരിധിയിലുള്ളതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.
സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികൾ ചിത്രങ്ങൾ കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു.
എട്ടുവിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെ ദേശീയപാത 66-ൽ കയ്പമംഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. അപകടമുണ്ടായ സ്ഥലത്തിന് ഏതാനും മീറ്ററുകൾക്ക് മുൻപായാണ് വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിഞ്ഞുപോകാനുള്ള സൂചന നൽകി ബാരിക്കേഡുകൾ സ്ഥാപിച്ചത്.
കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള പലപ്പോഴുമുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി. കാന്തപുരത്തിൻ്റെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ പ്രൊപഗണ്ടയാണെന്നും കാന്തപുരത്തിനെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സമസ്‌ത മുഷാവറ അംഗം നാസർ ഫൈസി കൂടത്തായി പറഞ്ഞു.
കോഴിക്കോട് വടകരയ്ക്ക് സമീപം മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. അപകടത്തെത്തുടർന്ന് കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം 45 മിനിറ്റോളം തടസപ്പെട്ടു. ഇതിന്റെ ഭാഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്.
തിരുവനന്തപുരം അമ്പൂരി ജംഗ്ഷന് സമീപത്ത് വര്‍ഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതര്‍ പൂട്ടി. ആശുപത്രി നടത്തിപ്പുകാരനും അലോപ്പതി ലൈസൻസില്ലാത്ത വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത് വിഭാഗം നടപടിയെടുത്തത്.
കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി മട്ടാഞ്ചേരി പൊലീസ്. ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ(32) പിടിയിലായി.
തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. കന്നനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റായ മഹാരാജൻ ആണ് കൊല്ലപ്പെട്ടത്.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ ‘ശുദ്ധീകരണ ക്രിയകൾ’ നടത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉത്തർപ്രദേശിലെ സഹാറാൻപുരിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുനീക്കി. അനധികൃത നിർമാണെന്ന കണ്ടെത്തലിന് പിന്നാലെ മജിസ്ട്രേറ്റാണ് പള്ളി പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. അതിനിടെ, വിവരമറിഞ്ഞ് സ്ഥലത്തേക്ക് തിരിക്കാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി എംപി ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായും പരാതിയുണ്ട്
ബംഗാളിൽ ആക്രമണ ഭീഷണിയെ തുടർന്ന് വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ തുടങ്ങി വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കും വീടുകൾ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതിനെത്തുടർന്നാണ് ക്രിസ്തീയ സംഘടനകളുടെ നീക്കം.
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഖത്തറിലെ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. വിമാന ജീവനക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു.
ലഡാക്കിലെ അതിർത്തി മേഖലകളിൽ കുടിവെള്ള വിതരണവും കൃഷിയും സുഗമമാക്കുന്നതിനായി സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചു. ലേയിലെ ഉപ്ഷിയിലാണ് തികച്ചും പ്രകൃതിദത്തമായ രീതിയിൽ സിമന്‍റ് ഉപയോഗിക്കാതെ കൂറ്റൻ പാറക്കല്ലുകൾ മാത്രം അടുക്കിവെച്ച് ഈ തടയണ നിർമ്മിച്ചിരിക്കുന്നത്.
ബ്രസീലിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ത്യന്‍ ടീമിന് ഏറെ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമൊരുക്കുമെന്ന് ബ്രസീലിന്റെ മുന്‍ നായകന്‍ കഫു. ബ്രസീലും ഇന്ത്യയും തമ്മിലുള്ളത് മികച്ച മത്സരമായിരിക്കുമെന്നും തീര്‍ച്ചയായും ഈ മത്സരം ഇന്ത്യന്‍ ജനതക്കും ദേശീയ ടീമിനും നേട്ടങ്ങള്‍ മാത്രമേ കൊണ്ടുവരൂ എന്നും അദ്ദേഹം പറഞ്ഞു.
