Screenshot 20260613 141344

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ. യുഡിഎഫ് ബജറ്റ് അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ദിശാസൂചികയെന്നും, പിന്നോക്കക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

‎കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്, വാർഷിക പദ്ധതിയിൽ 20500 കോടിയുടെ കുറവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‎മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം. കിഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും.

‎ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. 2074 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളേജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും.

‎സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നിവയ്ക്കായി കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി.

‎എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം ‘ചിത്രനഗരം’ പദ്ധതി നടപ്പിലാക്കും. സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

‎അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ അനുവദിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപ മാറ്റിവെച്ചു.

‎ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ കേരളത്തിലും പുതിയ റിസർച്ച് പാർക്ക് ആരംഭിക്കും. പദ്ധതിക്കായി 60 കോടി രൂപ നീക്കിവെച്ചു.

‎തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കായി ‘തിരുപ്പതി മോഡൽ’ ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ചു. വയോജന വകുപ്പിന് കീഴിൽ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പ്രായമായവരെ പരിചരിക്കുന്നതിനായി ‘കെയർ ഗിവർ പദ്ധതി’ ആവിഷ്കരിക്കും.

‎റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്തി. ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തി. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികളും ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കും.

‎പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപ ചെലവിൽ ‘അർബൻ ഗ്രോത്ത് മിഷനും, കൊച്ചി, ആലുവ, പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച് 10 കോടി രൂപ ചെലവിൽ ‘ഗ്ലോബൽ ഫർണിച്ചർ ഹബ്ബും, കൊച്ചി-തൃശൂർ മേഖലകളെ കേന്ദ്രീകരിച്ച് 10 കോടി രൂപ ചെലവിൽ ‘ഗ്ലോബൽ ഗോൾഡ് ഹബ്ബും’ സ്ഥാപിക്കും.

‎സർക്കാർ ജീവനക്കാരെ കാര്യമായി പരിഗണിക്കാതെ യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. ജീവനക്കാരുടെ മെഡിക്കൽ‌ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

‎കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

‎പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി പ്രത്യേക ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിങ് പൂർണ്ണമായി തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

‎മത്സ്യബന്ധന മേഖലയ്ക്ക് അധികമായി 50 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് പരിരക്ഷ പുതുക്കി നിശ്ചയിക്കും. മത്സ്യബന്ധന ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തി.

‎പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. സംസ്ഥാനത്തിന്റെ തനത് പരമ്പരാഗത ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ബ്രാൻഡ് കേരളം’ പദ്ധതി കൊണ്ടുവരും.

‎ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. നാട്ടിൽ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.

‎പുതിയ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കും. മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.

‎വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

‎അന്തരിച്ച നടൻ സലിം കുമാറിന് സ്മാരകം. എറണാകുളം ജില്ലയിലായിരിക്കും സ്മാരകം നിർമിക്കുക. ഇതിനായി ബജറ്റിൽ 1 കോടി വകയിരുത്തി.

‎യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ. മാണി.

‎യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി കെ എസ് ആർ ടി സി. അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കെഎസ്ആർടിസി ചലോ (KSRTC Chalo) മൊബൈൽ ആപ്പിലാണ് പുതിയ ഫീഡ്‌ബാക്ക് – റേറ്റിംഗ് സംവിധാനം ആരംഭിച്ചത്.

‎സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കോടതി വിധിയുമായി ഔദ്യോഗികമായി ചുമതലയേൽക്കാൻ എത്തിയ മുൻ ഡി.എച്ച്.എസ് ഡോ. റീനയ്ക്ക് കസേര വിട്ടുനൽകാതെ നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷി. തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി.

‎കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

‎മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ടി യുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോഗസ്ഥർ പരിഗോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്.

 

‎ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്. അൻസിബയുടെ മൊഴി ‘ഹിയർ സേ’ മാത്രമെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

‎ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി.

‎സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ്. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.

‎ തൃണമൂൽ കോൺഗ്രസിൽ പുതിയ പ്രതിസന്ധി. പാർട്ടി അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ട് 676 കോടി രൂപയുള്ള പാർട്ടി അക്കൗണ്ട് മരവിപ്പിക്കണമെന്ന് ട്രഷററും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസ്. ആവശ്യപ്പെട്ടു.

‎ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം. വെടിയൊച്ച കേട്ടതോടെ പ്രദേശത്തുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾ പരിഭ്രാന്തരായി ചിതറിയോടി.

 

‎യുഎസിലെ മിസ്സോറിയിൽ സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ്മ ദാത്‌ലയും മരണപ്പെട്ടു. ഇദ്ദേഹം ഉൾപ്പെടെ 12 പേരാണ് അപകടത്തിൽ മരിച്ചത്.

ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെയിറങ്ങും.ഹെയ്തിയാണ് ബ്രസീലിന്റെ എതിരാളികൾ. രാവിലെ 6:30 നാണ് മത്സരം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *