Screenshot 20260613 141344

‎കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

‎

‎ഭക്തര്‍ക്ക് സംശയം ഉണ്ടായതിനാലാണ് കെ ബി പ്രദീപിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രശസ്തനായ ക്രമിനല്‍ ലോയര്‍ എന്ന നിലയ്ക്ക് കേസ് നന്നായി വാദിക്കും എന്ന ഉദ്ദേശ്യത്തിലായിരിക്കും നിയമനം. ഇത് വിവാദമായപ്പോള്‍ ഭക്തജനങ്ങള്‍ക്ക് വളരെയധികം പ്രയാസമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

‎

‎നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‎

‎കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തും.

‎

‎നിപ രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

‎

‎ആരോഗ്യവകുപ്പ് നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും, ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല, ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല എന്നും പിണറായി വിജയൻ പറഞ്ഞു.

‎

‎കൺടെയ്ൻമെന്റ് സോണിലുള്ള ജനങ്ങളെ ഫോണിൽ വിളിക്കാൻ ജനപ്രതിനിധികളെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി. എ. മുഹമ്മദ് റിയാസ് എം. എൽ. എ.

 

‎സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി. ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നും സർക്കുലറിലുണ്ട്.

‎

‎ഇന്ത്യ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ്‌ കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‎

‎ഐപിഎസ് തലപ്പത്തെ മാറ്റത്തിൽ കേഡർ ചട്ടങ്ങള്‍ മറികടന്നാണ് നിയമനമെന്ന പരാതിയുമായി ഐജിമാർ ഡിജിപിയെ സമീപിച്ചു. സർവ്വീസിൽ മോശം പ്രകടനം കാഴ്ചവച്ച ചിലരെ ജില്ലകളിൽ നിയമിച്ചതിൽ ഡിജിപിക്കും അമർഷമുണ്ട്.

‎

‎എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതിൽ ഡിജിപിയും അതൃപ്‌തിയിൽ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങൾ ധരിപ്പിക്കും എന്നാണ് വിവരം.

‎

‎ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത്. ഡോ.റീനയ്‌ക്കെതിരായ നടപടിക്ക് കാരണം 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത് എന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്.

‎

‎കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി, സുരേഷ് ഗോപിയുമായി നേരത്തെ തന്നെ അടുപ്പമുണ്ടെന്നും നടന്നത് വ്യക്തിപരമായ സന്ദർശനം മാത്രമാണെന്നും സി.പി.എം നേതാവും മുൻ എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ. ബിജെപിയിൽ പോകുമെന്ന വിമർശനം തോട്ടത്തിൽ രവീന്ദ്രൻ തള്ളി.

‎

‎പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ തികളാഴ്ച വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസമായി മുടങ്ങിയിരുന്നു.

‎

‎കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി. കേസുമായി ബന്ധപ്പെട്ട് എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചിരുന്നു.

‎

‎മുഖ്യമന്ത്രിക്ക് വധഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണികോൾ വിളിച്ച ആറ്റിങ്ങൽ സ്വദേശി സോണി തോമസ് പിടിയിലായി. മദ്യലഹരിയിലാണ് ഇയാൾ കോൾ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

‎

‎യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.

‎

‎തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ മുരാരി ബാബു അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.

‎

‎ബിഹാറിലെ ബക്സർ ജില്ലയിൽ ഡുമ്രാവോൺ പ്രദേശത്ത് അത്യപൂർവമായ മോഷണക്കേസ് . 132 അടി ഉയരമുള്ള ടവർ പൊളിച്ചു കടത്തി മോഷ്ടാക്കൾ. ടവറിനൊപ്പം ഉണ്ടായിരുന്ന ജനറേറ്ററും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു.

‎

‎ഒഡീഷയിൽ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതൽ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല.

‎

‎തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വീട്ടിൽ ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) ഉദ്യോഗസ്ഥരുടെ പരിശോധന. കാളിഘട്ടിലെ അഭിഷേകിൻ്റെ വസതിയിലാണ് പരിശോധന നടന്നത്.

‎

‎യുഎഇയിൽ നിന്ന് ഇറാനിലേക്ക് വൻതോതിൽ പണം കൈമാറിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. 300 കോടി ഡോളർ യുഎഇയിൽ നിന്ന് ഇറാനിലേക്ക് കൈമാറിയെന്നായിരുന്നു വാർത്തകൾ .

‎

‎ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട് വിമാനത്തിനാണ് തീപിടിച്ചത്. . അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്.

‎

‎ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിൻ്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു.

‎

‎വേൾഡ്കപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് വേണ്ടി നെയ്മർ കളത്തിലിറങ്ങില്ല. മൊറോക്കോയുമായുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരിക്കിൽ നിന്നും മോചിതനാവാത്ത താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി.

‎

‎

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *