പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി ശക്തമാക്കിയതോടെ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം മേയില്‍ 3.93 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ വിലക്കയറ്റത്തോത് 3.48 ശതമാനമായിരുന്നു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വില സൂചിക മുകളിലേക്ക് നീങ്ങുന്നത്. ജനുവരിയില്‍ നാണയപ്പെരുപ്പ നിരക്ക് 2.74 ശതമാനം വരെ താഴ്ന്നിരുന്നു. കഴിഞ്ഞ മാസം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലാണ് ഏറ്റവുമധികം വര്‍ദ്ധനയുണ്ടായത്. ഭക്ഷ്യ വില സൂചിക മേയില്‍ 4.78 ശതമാനമായി ഉയര്‍ന്നു. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വില മുകളിലേക്ക് നീങ്ങി. ഗ്രാമങ്ങളില്‍ ഭക്ഷ്യ വില 4.85 ശതമാനവും നഗരങ്ങളില്‍ 4.66 ശതമാനവും ഉയര്‍ന്നു. വിലക്കയറ്റത്തോതില്‍ 6.15 ശതമാനം വളര്‍ച്ച നേടിയ തെലങ്കാനയാണ് ഒന്നാമത്. തമിഴ്നാട്(5.11 ശതമാനം), പുതുച്ചേരി(5 ശതമാനം), ആന്ധ്രപ്രദേശ്(4.9 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡെല്‍ഹി(2.5 ശതമാനം), ത്രിപുര(2.02ശതമാനം) എന്നിവിടങ്ങളിലാണ് നാണയപ്പെരുപ്പം ഏറ്റവും കുറവ്. കേരളത്തില്‍ നാണയപ്പെരുപ്പത്തോത് 4.3 ശതമാനമാണ്.
