പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ആരംഭിച്ചു. പ്രോടേം സ്പീക്കറായ
ജി.സുധാകരന്‍ മുന്‍പാകെ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ.
140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എംഎല്‍എയായി എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.
ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് നിയമസഭയിലുള്ളത്. കോണ്‍ഗ്രസിന് 63 അംഗങ്ങളും മുസ്ലീം ലീഗിന് 22 അംഗങ്ങളും കേരള കോണ്‍ഗ്രസിന് 7 അംഗങ്ങളും ആര്‍എസ്പിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. സിപിഐഎമ്മിന് 26 അംഗങ്ങളും സിപിഐക്ക് എട്ട് അംഗങ്ങളുമാണുള്ളത്.
നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി ഹൌസിൽ നിന്ന് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത് ഇലക്ട്രിക് സൈക്കിളിൽ. പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മൻ ഉപയോഗിച്ചത് ഇലക്ട്രിക് സൈക്കിൾ ആയിരുന്നു.
കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഒഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎൽഎമാരായി സത്യപ്രതിജ്ഞ ചൊല്ലി കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബിജെപിയുടെ മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത് ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ. 4 വർഷത്തിന് ശേഷമാണ് യൂത്ത്കോൺഗ്രസുകാർക്കെതിരായ വകുപ്പ് കുറവ് ചെയ്ത് റിപ്പോർട്ട് നൽകിയത്.
സിൽവർ ലൈൻ റദാക്കിയതിൽ മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. ദേശീയപാതയും, മെട്രോയും, ഗെയിൽ പൈപ്പ് ലൈനും ഉപേക്ഷിക്കരുതെന്നായിരുന്നു പരിഹാസം.
കമ്മ്യൂണിസത്തിൽ വിമർശനത്തിന് ആരും അതീതരല്ലെന്നും, വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്തെന്നും മുതിർന്ന സിപിഎം നേതാവ് എം വി ജയരാജൻ. തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം, പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. മരങ്ങൾ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്.
മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി.
ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. വിജയലഹരിയിൽ പരിസരബോധം മറന്നെന്നും ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത് അതുകൊണ്ടാണെന്നും അദ്ദേഹം കുറിച്ചു.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായുള്ള നിയമനടപടികൾ അതിവേഗം പുരോഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള അന്തിമ ഘട്ടമായ എക്സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്നാണ് സൂചന.
തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി.
തമിഴ്നാട്ടിൽ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഹാജർ നിയമങ്ങൾ കർശനമാക്കി വിവിധ വകുപ്പുകൾ. മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടർന്ന് ജീവനക്കാർ ഓഫീസ് സമയം പാലിക്കണമെന്ന് വകുപ്പുകൾ പുതിയ നിർദേശം പുറപ്പെടുവിച്ചു.
ദില്ലിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വർധനവിനെ തുടർന്ന് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കാൻ ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമ ജീവിതം നയിക്കാൻ തീരുമാനിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. പട്നയിലെ വസതി ഒഴിഞ്ഞ പ്രശാന്ത്, ആശ്രമത്തിലേക്ക് താമസം മാറും.
സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാൾ അവധി.
അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ ബ്രിട്ടന്റെ അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ പറന്ന് റഷ്യൻ യുദ്ധവിമാനം. കരിങ്കടലിന് മുകളിൽ വച്ചാണ് സംഭവം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് യുകെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്നുകില്‍ ഇറാനുമായി കരാര്‍, അല്ലെങ്കില്‍ മോശപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
