Screenshot 20260331 1339472

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് തള്ളി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാന്‍ അധികാരം നല്‍കുന്ന ബില്ലിനു രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു.

 

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും, സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

 

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി.

 

സംസ്ഥാനത്തെ സഹകരണ വകുപ്പ് സോഫ്റ്റ്വെയര്‍ നവീകരണത്തിനുള്ള വിവാദ ടെണ്ടര്‍ നടപടികള്‍ മെയ് 19 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാര്‍ നല്‍കിയതിനെതിരെ ഏഴ് ഐടി കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വര്‍ഗീയ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. ബിജെപി ജയിക്കരുതെന്ന് കരുതുന്നവര്‍ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

വേങ്ങരയില്‍ മുന്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയാക്കിയ എല്‍ഡിഎഫും എസ്ഡിപിഐയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നേമത്ത് മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിനാണെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ മനഃപൂര്‍വം ബഹളമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനസ്സിലുള്ള ചോദ്യങ്ങള്‍ക്കല്ല, തന്റെ മുന്നില്‍ വരുന്ന ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

മരിച്ചവരുടെ പോക്കറ്റടിച്ചില്ലേ എന്ന് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിര്‍മ്മിക്കാത്തതിനു മാതൃഭൂമി പത്രത്തിലെ ലേഖനത്തിലാണു വിമര്‍ശനം. അതേസമയം വികസനത്തില്‍ സംവാദം തുടങ്ങിയെന്നും സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റോടെ സംവാദം തുടങ്ങിയെന്നും മുഖ്യമന്ത്രി.

 

കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്‍റണി. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞുവെന്നും ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞുവെന്നും നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ രാഷ്ട്രീയനിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും യോഗം വൈസ് പ്രസിഡന്റും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി. യോഗത്തിന്റെ തീരുമാനം പറയണമെങ്കിൽ കൗൺസിൽ കൂടിയശേഷം മാത്രമേ സാധിക്കൂവെന്നും തുഷാർ പറഞ്ഞു.

 

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്നമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തില്‍ പ്രതികരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. ഇന്നല്ലെങ്കിൽ നാളെ അത് യാഥാർത്ഥ്യമാകുമെന്നും സ്ത്രീകൾ മുന്നോട്ട് വരുന്നത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അവർ പറഞ്ഞു. അതേ സമയം കേരളത്തിലെ വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം യാഥാർഥ്യം ആകാൻ കാത്തിരിക്കുന്നു എന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസും പറഞ്ഞു.

 

ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. ഉമർ ഫൈസി മുക്കത്തിന്‍റേത് എക്സ്പയേർഡ് പ്രസ്താവനയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീയും പുരുഷനും ഒരുപോലെ പ്രാപ്തരാണെന്നും അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു.

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ക്ഷാമബത്ത കുടിശികയുടെ ഒരു ഗഡുവെങ്കിലും ഉടന്‍ നല്‍കാനാകുമോ എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമയം ചോദിച്ചതിനാല്‍ വിഷയം ഏപ്രില്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി.

 

ഉമ്മന്‍ ചാണ്ടിയെക്കൂടി സോളര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തണമെന്നു സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്‌കുമാര്‍ പറയുന്നതു താന്‍ നേരിട്ടു കേട്ടെന്നു മന്ത്രി ഗണേഷ്‌കുമാറിന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം കോടതിയില്‍. എസ്.ഇ.സഞ്ജയ്ഖാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇ.ആര്‍.അര്‍ജുന്‍രാജിനാണ് ഇങ്ങനെ മൊഴി നല്‍കിയത്.

 

തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്പി അശ്രദ്ധമായി ആംബുലന്‍സിലേക്ക് വലിച്ചിഴച്ചതിനാല്‍ തന്റെ ആരോഗ്യം തകര്‍ന്നെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. 2022 ല്‍ കാസര്‍കോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ 18 ദിവസം നിരാഹാര സമരം കിടന്നിരുന്നു. അപ്പോഴാണ് തനിക്കെതിരെ അതിക്രമം നടത്തിയത്.

 

ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്നും വി കുഞ്ഞിക്കൃഷ്ണൻ. ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ധനാപഹരണത്തിന്റ കൂടുതൽ തെളിവുകൾ ഇനിയും പുറത്തുവിടുമെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

 

വേടന്റെ പാട്ടുകൾക്ക് വിലക്ക്. ചെങ്ങന്നൂർ കാരക്കാട് ക്ഷേത്രോത്സവത്തിനിടെ അവതരിപ്പിച്ച ഗാനമേളയിൽ ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘത്തിനോട് സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.

 

 

ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് നാളെ തുടക്കം. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസാണിത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തില്‍ യഥാര്‍ത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക.

 

വാര്‍ത്താധിഷ്ഠിത ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍. പ്രൊഫഷണല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കു സമാനമായ പരിശോധനകള്‍ക്കും നടപടികള്‍ക്കും വിധേയമാകേണ്ടിവരുമെന്നാണു പുതിയ നിയമത്തിലെ നിര്‍ദ്ദേശം.

 

 

എൽപിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി 94000 ടൺ എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും. ബി ഡബ്ല്യു എൽമ്, ബിഡബ്ല്യു ടൈർ എന്നീ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോർമുസ് കടക്കാനുള്ളത്.

 

ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് തമിഴ്‌നാട് പോലീസ് കേസെടുത്തു. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് അഞ്ചു വകുപ്പുകള്‍ ചുമത്തി ചെന്നൈ പൊലീസ് കേസെടുത്തത്.

 

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകള്‍ക്ക് ഇറാന്‍ പാര്‍ലമെന്റ് നിരോധനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ടോള്‍ ചുമത്താനും ഇറാന്‍ തീരുമാനിച്ചു.

 

യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് അമേരിക്കയോട് ഇറാന്‍. ഇറാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാന്‍.

 

ഷാര്‍ജയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അതേസമയം യു.എ.ഇ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി.

 

നേപ്പാളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിക്കുന്നു. സിവില്‍ സര്‍വീസുകാരും അധ്യാപകരും രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നതു വിലക്കുന്നതടക്കമുള്ള നൂറിന പരിഷ്‌കരണ അജണ്ടയ്ക്ക് നേപ്പാളിലെ പുതിയ സര്‍ക്കാര്‍ അംഗീകാരം നല്‍കി.

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകനായ സത്‌വന്ത് സിങ്ങിന്റെ അനന്തരവനാണ് താനെന്ന വിവരം പുറത്തുവിടരുതെന്ന ബല്‍ജത് സിങ്ങിന്റെ (32) ആവശ്യം ന്യൂസിലാന്‍ഡിലെ കോടതി നിരാകരിച്ചു. ലഹരിമരുന്നു കേസില്‍ 2023 ല്‍ ഓക്‌ലന്‍ഡില്‍ പിടിയിലായ ബല്‍ജത് 22 കൊല്ലത്തെ ശിക്ഷ അനുഭവിക്കുകയാണ്. 700 കിലോ രാസലഹരി കടത്തിയതിനാണു കേസ്.

 

ഇസ്ഫഹാനിലെ ഇറാൻ ആയുധശേഖരത്തിൽ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് അമേരിക്ക. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ആയുധ ശേഖരത്തിൽ 2000 പൌണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചതായാണ് വിവരം. ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്തമായ ആക്രമണമാണ് ഇസ്ഫഹാനിലുണ്ടായതെന്നാണ് വിലയിരുത്തൽ. 2.3ദശലക്ഷം ആളുകൾ തിങ്ങിപാർക്കുന്ന ഇറാനിയൻ നഗരമാണ് ഇസ്ഫഹാൻ.

 

ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കൊച്ചിയിലിറങ്ങുന്നു. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോംഗാണ് ഇന്ത്യയുടെ എതിരാളികൾ. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ പാദത്തിൽ ഹോങ്കോംഗിനെതിരെ ഇന്ത്യ 1-0 ന് തോറ്റിരുന്നു.

 

 

.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *