കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.
ഇടതുപക്ഷം തള്ളിപ്പറയുമ്പോഴും ലേബർ കോഡിൽ കേരള സർക്കാരും കരട് വിജ്ഞാപനം ഇറക്കിയത് സമ്മതിച്ച് തൊഴിൽ മന്ത്രി ശിവൻകുട്ടി. തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങൾ സംസ്ഥാന തൊഴിൽ വകുപ്പ് തയാറാക്കി. ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തത് എന്നും നടപ്പാക്കാനുള്ള ഒരു തുടർ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു.
രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം, ശശി തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
വഖഫ് ഭൂമി തർക്കത്തിൽ പ്രതിസന്ധിയിലായ മുനമ്പത്തുകാർക്ക് ഇടക്കാല ആശ്വാസം. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. ഭരണഘടന ദിനത്തിൽ വന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു.
പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകൾ യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തി. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി. അവിടെയെത്തിയ ഒരു കെഎസ്ഇബി ജീവനക്കാരനാണ് അപേക്ഷകൾ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്നു എടുത്ത തീരുമാനമാണെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങനെ പങ്കെടുത്തു എന്നറിയില്ല പരിശോധിക്കേണ്ടത് കെപിസിസി ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സംസാരിച്ച കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി സ്വീകരിക്കാൻ ഇപ്പോൾ കഴിയില്ല നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത് ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണെന്നും സ്വത്തുക്കളുടെ മുഴുവൻ ഉത്തരവാദിത്തവും ദേവസ്വം ബോർഡിനാണ് ഉള്ളതെന്നും തന്ത്രി കണ്ഠരര് രാജീവരര്. തനിക്ക് അറിയാവുന്നതെല്ലാം പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ജോലി ചെയ്തിരുന്ന ആളായതുകൊണ്ട് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട് അതൊക്കെ എങ്ങനെ തനിക്കറിയാമെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തന്ത്രിമാരുടെ മൊഴിയെടുത്തതിന് പിന്നാലെ എ പത്മകുമാറിനെ എസ്ഐടി കൂടുതല്‍ ചോദ്യം ചെയ്തേക്കും.
ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണമാണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നുംഅദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോർട്ട്. പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽവകുപ്പിന്‍റെ നിർദ്ദേശം. അതുപ്രകാരമാണ് ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെ കൈവിലങ്ങ് ധരിപ്പിച്ചതെന്നും എസ്ഐടി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പൊലീസുകാർ വിശദീകരിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.
നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റിബലായി മത്സരിക്കുന്ന ഏട്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു.കഴക്കൂട്ടം വാര്‍ഡില്‍ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡില്‍ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡില്‍ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡില്‍ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരില്‍ ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡില്‍ ഷിജിന്‍, ജഗതിയില്‍ സുധി വിജയന്‍ എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
വയനാട് വൈത്തിരിയിൽ കോൺഗ്രസ് വനിത സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകി കോൺഗ്രസ്. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനെയാണ് എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞത്. വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. എന്നാൽ ആരെയും തടയുക പാർട്ടി നിലപാടല്ലെന്ന് എൽഡിഎഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.
രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. ശബരിമല സ്വർണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനൽ വഴി കെ എം ഷാജഹാന്‍ മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി.
കണ്ണൂർ പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച വി കെ നിഷാദ് സ്ഥാനാർത്ഥിയായി തുടരും. സ്ഥാനാർത്ഥിത്വത്തിന് നിയമതടസമില്ലെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സിപിഎം വ്യക്തമാക്കി. പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് നിഷാദ്, നന്ദകുമാർ എന്നിവരെയാണ് കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്.
കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള എസ്ഐ ബൈജുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. പൊലീസുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷന്‍ നൽകിയത് സുൽഫിക്കർ എന്ന ആൾക്കാണെന്നാണ് ഇന്നലെ അറസ്റ്റിലായ സ്പാ ജീവനക്കാരി രമ്യയുടെ മൊഴി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയർന്നതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോർ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നുവെന്നാണ് വിവരം.
കൊല്ലത്ത് ടിയർ ഗ്യാസ് ഷെൽ പൊട്ടി പൊലീസുകാർക്ക് പരിക്ക്. പരിശീലനത്തിനിടെ ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്‌റ്റേഷനിലെ എഎസ്ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ മാജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് ആദരസൂചകമായി അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു.
കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.
ഭരണഘടന അംഗീകരിച്ചതിന്‍റെ സ്മരണയ്ക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടനാ ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ സ്പീക്കർ ഓം ബിർള മറ്റു പാർലമെന്‍റ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നീ ഒമ്പതു ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്യും.
പശ്ചിമ ബംഗാളിലെ ഏകദേശം 14 ലക്ഷം എസ്‌ഐആർ ഫോമുകൾ അസാധുവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. വോട്ടർമാർ ഹാജരാകാത്ത കേസുകൾ, ഡ്യൂപ്ലിക്കേറ്റ്, മരിച്ചു പോയവർ, സ്ഥിരമായി സ്ഥലം മാറിയവർ എന്നിവരുടെ ഫോമുകളാണ് അസാധുവാക്കപ്പെട്ടിരിക്കുന്നത്.
കൊൽക്കത്ത മുർഷിദാബാദിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്നും ഡിസംബർ 6 ന് തറക്കല്ലിടൽ ചടങ്ങ് നടക്കുമെന്നും തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ. എന്നാൽ എംഎൽഎയുടെ പ്രഖ്യാപനം വോട്ടുകൾക്ക് വേണ്ടിയുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു.
ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്‌തു.
മധ്യപ്രദേശിലെ സെഹോറിലെ വിഐടി സർവകലാശാലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിൽ നടന്ന പ്രതിഷേധം വലിയ തോതിലുള്ള അക്രമത്തിലേക്ക് നീങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായതാണ് പ്രശ്നങ്ങളുടെ തുടക്കം. ശുചിത്വക്കുറവും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള പരാതികൾ സർവകലാശാല അവഗണിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.
കർണാടകയിലെ നേതൃത്വത്തിലെ തർക്കം വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ, ആശയക്കുഴപ്പം അവസാനിപ്പിക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാര പങ്കിടൽ സംബന്ധിച്ച് പാർട്ടിയിലെ അഞ്ചാറ് പേർക്കിടയിൽ രഹസ്യ കരാർ ഉണ്ടെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്.
ഓപ്പറേഷൻ സിന്ദൂറില്‍ പുതിയ വെളിപ്പെടുത്തൽ. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തിയെന്ന് സിഐഎസ്എഫിന്റെ വെളിപ്പെടുത്തല്‍. ഡ്രോൺ ഉപയോഗിച്ച് ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമണം നടത്താനായിരുന്നു ശ്രമമെന്നും കാവൽ ജോലിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ശ്രമം പരാജയപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തല്‍.
പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് റോഡ് ഷോ നടത്താൻ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നൽകി. രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തിൽ പറയുന്നത്. തമിഴ്നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.
കൊടും മഴയിൽ മുങ്ങി തായ്ലാൻഡ്. 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. തായ്ലാൻഡിന്റെ മിക്ക ഭാഗങ്ങളും വെള്ളപ്പൊക്ക കെടുതികൾ നേരിടുകയാണ്. 18ഓളം പേരാണ് ഇതിനോടകം പല ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക കെടുതികളിൽ മരിച്ചത്. സൈന്യം കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ആശ്വാസം. ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അയർലൻഡ് താരം ഡാര ഒഷേയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് റൊണാൾഡോയ്ക്ക് ഫിഫ അച്ചടക്ക സമിതി ഏർപ്പെടുത്തിയ മൂന്ന് മത്സരങ്ങളുടെ വിലക്കില്‍ ഫിഫ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാൽപതുകാരനായ റൊണാൾഡോയ്ക്ക് ലോകകപ്പിൽ പോര്‍ച്ചുഗലിനായി ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ മുതൽ കളിക്കാം.
