20251107 140721 0000

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ

53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും,അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ച് നേതാക്കൾ. വി ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പത്രിക അവതരണത്തിൽ പങ്കെടുത്തു. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

 

സിംഗപ്പൂരിൽ ഒരു ബിസിനസ് തുടങ്ങാൻ മൂന്ന് ദിവസവും ഇന്ത്യയിൽ അത് 114 ദിവസവും, കേരളത്തിൽ അത് 236 ദിവസം വരെയാണ് എടുക്കുന്നതെന്നും ഇങ്ങനെ തുടരാനാവില്ലെന്നും, നിക്ഷേപകരെ സംരക്ഷിക്കാനും ഹർത്താലുകൾ തടയാനും കേരളത്തിൽ നിയമം വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അമിത രാഷ്ട്രീയവത്കരണത്തിൽ കേരളം രാജ്യത്തെ മോശം മാതൃകയെന്നും ശശി തരൂർ ദുബായിൽ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചർച്ചയിൽ പറഞ്ഞു.

 

എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു. ജോലിയിൽനിന്ന് വിടുതൽ നൽകാമെന്ന് ഉദ്യോഗസ്ഥർ ആന്‍റണിയെ അറിയിച്ചു. എന്നാൽ ജോലിയിൽ തുടരാം എന്നാണ് ആന്‍റണിയുടെ മറുപടി. കടുത്ത മാനസിക സംഘർഷം ഉണ്ടായപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതെന്നും ആന്‍റണി ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം.

 

ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തൽ. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോൺസർഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്നും സ്പോൺസർഷിപ്പിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞെന്നും കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിജിലൻസ് ഓഫീസറായിരുന്ന ആർ കെ ജയരാജ് വ്യക്തമാക്കി.

 

കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്നും ജനാധിപത്യത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയപാർട്ടിയുണ്ട് എന്നത് ലജ്ജകരമാണ്. ഗുണ്ടകളായ പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളില്ല. ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ടെന്ന് സിപിഎം മറക്കണ്ട. എന്തുവിലകൊടുത്തും സിപിഎം ഭീഷണിയെ കോൺഗ്രസ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ വിമതനായി മത്സരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ്. ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒജെ ജനീഷ് പറഞ്ഞു. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ല. സംസ്ഥാനത്ത് നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്നും എന്നാലും അത് പൂർണ്ണമല്ലെന്നും ജനീഷ് പറഞ്ഞു.

 

ആലപ്പുഴ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന തർക്കം സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടലോടെ പരിഹരിച്ചു. തർക്കത്തെ തുടർന്ന് ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച അമ്പലപ്പുഴ ഡിവിഷനിൽ നിന്ന് ലീഗ് സ്ഥാനാർഥി പത്രിക പിൻവലിക്കും. ഇതോടെ ഈ ഡിവിഷനിൽ കോൺഗ്രസിൻ്റെ എ. ആർ. കണ്ണൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി തുടരും.

 

പാലക്കാട് നഗരസഭയിലെ 50-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് കെ യുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്ന് പരാതി. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം തരാമെന്ന് നേതാക്കൾ വീട്ടിലെത്തി വാഗ്ദാനം ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം. നിലവിലെ സ്ഥാനാർത്ഥിയും കൗൺസിലറും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ എം. പി ആരോപിച്ചു.

 

മലപ്പുറം കൽപ്പകഞ്ചേരിയിൽ വനിത സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതായി പരാതി. പത്തൊൻപതാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ജസീദ കെസിയെ ആണ് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിക്കണമെന്നും അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാവുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കാറിൽ വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്.

 

സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ. അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാലാണ് ഭീഷണിപ്പെടുത്തിയത്.

 

കാസർകോട്ട് ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്.

 

വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വർക്കല താലൂക്ക് ആശുപത്രിയിൽ കുട്ടിയ്ക്ക് ചികിത്സ നൽകി.

 

കോഴിക്കോട് റിയല്‍എസ്റ്റേറ്റ് വ്യാപാരിയായ ആട്ടുര്‍ മുഹമ്മദെന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. മാമിയെ കാണാതായ ദിവസം സിസിടിവി പരിശോധിക്കുന്നതിലുള്‍പ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നാര്‍ക്കോട്ടിക് എ സി പി ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച് ഒ ജിജീഷ് ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ലോക്കല്‍ പോലീസും ,പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

 

തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

 

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളിൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ ഇയാൾ എത്തിയത്. റെയിൽവേ പൊലീസിനോട് ആളൂരിനെ കാണാനാണ് എത്തിയതെന്നും ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നും ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ പറഞ്ഞു.

 

കോഴിക്കോട് മേപ്പയ്യൂരിൽ കാറിടിച്ച് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. നെല്ല്യാടി ഭാഗത്തുനിന്ന് മേപ്പയ്യൂര്‍ ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് മേപ്പയ്യൂര്‍ ടൗണില്‍ വൈദ്യുതി മുടങ്ങി.

 

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി നിലമ്പൂർ സ്വദേശി പ്രബിഷിന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈതയാറിൽ നിന്നു കണ്ടെത്തിയത്. കേസിൽ അനിതയുടെ ആൺ സുഹൃത്ത് മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനിയെയും പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.

 

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

 

തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

 

തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടി ജില്ലാ ഭരണകൂടം പ്രളയമുന്നറിയിപ്പ് നൽകി. അതേസമയം, കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്.

 

ദില്ലി സ്ഫോടനം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും. കനേഡിയൻ പ്രധാനമന്ത്രിയുമായും ചർച്ച നടന്നു. ഡ്രോൺ ചെറുക്കാനുള്ള സംവിധാനം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും വരും. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നല്കി. ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ജി20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ദില്ലിയിൽ തിരിച്ചെത്തി.

 

അയോധ്യാ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം.പ്രധാനമന്ത്രി നരേന്ദ്രമോദി ധ്വജാരോഹണം നടത്തും, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.നാളെ അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും , ക്ഷേത്രനിർമ്മാണം പൂർത്തിയായ വേളയിലാണ് ചടങ്ങ്,2020 ൽ ക്ഷേത്ര നിർമ്മാണം തുടങ്ങി, 2024 ൽ പ്രാണ പ്രതിഷ്ഠ നടത്തിയതും മോദിയായിരുന്നു. ചടങ്ങിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയിൽ സുരക്ഷാ ശക്തമാക്കി.

 

ദില്ലിയിലെ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ സർവ്വകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

 

സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചന നല്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് സിന്ധിൻ്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.

 

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

 

ഡിഎംകെയെ വിമർശിക്കുന്നതിലൂടെ വിജയ് യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു. ബിജെപി ഡിഎംകെക്ക് എതിരാണ് അതിനാൽ വിജയ്ക്കും ഡിഎംകെയെ വിമർശിക്കേണ്ടി വരും. വിജയ് ഡിഎംകെയുടെ ലക്ഷ്യമല്ല. സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് വിജയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതാണ് കരൂരിൽ 41 പേർ മരിക്കാൻ കാരണമായതെന്നും ഇളങ്കോവൻ ചൂണ്ടിക്കാട്ടുന്നു.

 

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം വേഗത്തിൽ നടപ്പിലാക്കണമെന്നും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തർ. ഈ നവംബർ 17-ന് പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 2803 വേഗത്തിലും ആത്മാർത്ഥമായും നടപ്പിലാക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

 

പെഷാവറിൽ പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ സ്‌ഫോടനത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ സായുധ സംഘം വെടിവെപ്പും നടത്തി. ഭീകരാക്രമണമാണ് നടന്നതെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഖൈബർ പഖ്തൂൺ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറിൽ അതീവ സുരക്ഷാ മേഖലയിൽ ആക്രമണം ഉണ്ടായത്.

 

കാനഡ സർക്കാർ പൗരത്വ നിയമം പരിഷ്കരിക്കുന്നതിനായി ബിൽ സി 3. അവതരിപ്പിച്ചു. ബിൽ സി 3 നടപ്പിലാകുന്നതോടെ പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകും. വിദേശത്ത് ജനിച്ച ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള കനേഡിയൻ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *