20251107 140721 0000

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസ്സിസ്റ്റന്റ് ഡയറക്ടർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. രാവിലെ പത്തര മുതൽ “ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

 

ശബരിമലയിൽ ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. സെക്ടറുകളുടെ വിസ്തീർണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാൻ. അല്ലാതെ വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു.

 

ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

 

ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി വേണ്ടത്ര പൊലീസില്ല. ദേവസ്വം മന്ത്രിയെ കാണാനില്ല. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റാൻ മാത്രമാണ് താൽപ്പര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കൊല്ലം വിജിലന്‍സ് കോടതിയിൽ എസ്ഐടി അപേക്ഷ നൽകും. അതേസമയം, ശബരിമലയിൽ നിന്നും ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനക്കായി എസ്ഐടി ഇന്ന് കോടതിയിൽ ഹാജരാക്കും.

 

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നും തീര്‍ത്ഥാടകര്‍ വ്യക്തമാക്കിയിരുന്നു.

 

എസ് ഐ ആറിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചതോടെയാണ് അടിയന്തരമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

 

എസ്ഐആറിലെ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദമാക്കി. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ കമ്മീഷൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും അറിയിച്ചു.

 

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നി‍ർദ്ദേശം. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ‍ർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് അവധി.

 

ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്. ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കളക്ടറുടെ വിമർശനം. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി. അതേ സമയം സമ്മർദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പിൽ ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ

പ്രചരിക്കുന്ന ഓഡിയോ എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതാണെന്നാണ് കളക്ടറുടെ വിശദീകരണം.

 

പയ്യന്നൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം ഭീഷണി വ്യക്തമാക്കുന്ന കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്. കോൺഗ്രസ്‌ ബിഎൽഎ വൈശാഖ്‌ ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ടിനു ശേഷമെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.

 

തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ കൊലവിളി പരാർശം നടത്തിയ ടീന ജോസിനെതിരെ മന്ത്രി വി ശിവൻകുട്ടി. ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമൻ്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും, ജനാധിപത്യ സമൂഹത്തിൽ, ഒരു പൗരന്റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശിവൻകുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.

 

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കാനുള്ള തീരുമാനത്തിൽ നിന്ന് മുനമ്പം സമര സമിതി കൺവീനർ ജോസഫ് ബെന്നി പിൻമാറി. വഖഫ് വിഷയത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിൽ ഒരു മുന്നണിയുടെ ഭാഗമായി മൽസരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സമര സമിതിയിൽ അഭിപ്രായമുയർന്നതോടെയാണ് പിൻമാറ്റം.

 

ആലപ്പുഴയിൽ പാർട്ടി വിട്ട സിപിഎം നേതാവ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഎം മുൻ എൽസി സെക്രട്ടറി പി അരവിന്ദനാണ് ബിജെപി സ്ഥാനാർത്ഥിയായത്. 17 വർഷം സിപിഎം തുറവൂർ പഞ്ചായത്തംഗമായിരുന്നു അരവിന്ദൻ. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിലാണ് അരവിന്ദൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത്. സിപിഎം സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നത്.

 

കണ്ണൂർ പയ്യന്നൂർ നഗരസഭയിൽ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി.

 

പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ കയ്യാങ്കളി. പാലക്കാട് പിരായിരിയിലാണ് സംഭവം. വാർഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ സാദിഖ് ബാഷയും തമ്മിലായിരുന്നു സംഘർഷം. ശിവപ്രസാദിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

 

കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍. മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്‍റെ നേതൃത്വത്തിലായിരിക്കുമെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.

 

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പി മോഹനൻ പറഞ്ഞു.

 

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന ഇവർ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. ടിന്റു ജി വിജയൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

 

ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ അച്ഛൻ, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയെടുത്ത് പൊലീസ്. ആനന്ദിന് തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. മത്സരിക്കാനുള്ള താൽപര്യം പാർട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിൻ്റെ മൊഴി. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാര്യയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല.

 

വർക്കലയ്ക്കടുത്ത് ട്രെയിനിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് റെയിൽവേയിൽ ജോലിയും മതിയായ നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് കേരള സർക്കാരാണ് വഹിക്കുന്നത്.

 

വിയ്യൂർ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ മർദനമെറ്റ പി.എം മനോജിനെ നാളെ നേരിട്ട് ഹാജരാക്കണം എന്ന് എൻഐഎ കോടതി നിർദ്ദേശിച്ചു. മറ്റൊരു പ്രതി അസറുദ്ധീന് വിദ്ഗദ ചികിത്സ നൽകാനും കോടതി ഉത്തരവിട്ടു. മനോജിനെ വീഡിയോ കോൺഫറസിലൂടെ ഹാജരാക്കിയിരുന്നു, തന്റെ ദേഹത്തുള്ള പരിക്കുകൾ മനോജ്‌ കാണിച്ചു കൊടുത്തു, തുടർന്നാണ് കോടതി നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചത്.

 

വടകരയിൽ മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ അറസ്റ്റ്. വടകര പുതുപ്പണം മാങ്ങില്‍ കയ്യില്‍ താമസിക്കുന്ന തോട്ടുങ്കല്‍ നൗഷാദി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

 

ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

ചെങ്കോട്ട സ്ഫോടനക്കേസിൽ ഡോ. ഉമർ ഉൻ നബിയെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന അമീർ റഷീദ് അലിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് പ്രതിക്കായി കോടതി നിയോഗിച്ച അഭിഭാഷക സ്മൃതി ചതുർവേദിയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവർ വെളിപ്പെടുത്തി.

 

ദില്ലിയിലെ ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും അവരുടെ സഹായം സംഘത്തിനു ലഭിച്ചതായും അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്.

 

തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി മുനിരാജൻ ‌അറസ്റ്റിലായിട്ടുണ്ട്.

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43 നേതാക്കൾക്ക് കോൺഗ്രസ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതിനാണ് നേതാക്കൾക്ക് അച്ചടക്ക സമിതി നോട്ടീസ് അയച്ചതെന്ന് കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

 

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ളദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

 

തീവ്രവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനിയെ (40) മൂന്ന് സഹതടവുകാർ ആക്രമിച്ചു. സബർമ തി സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയാണ് സംഘർഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷിച്ച ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനയിൽ കുറ്റാരോപിതനായ ജിലാനിയെയും മറ്റ് രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

 

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിർത്താൻ പൊലീസിനോട് പാകിസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുനാനക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ മാസം ആദ്യം വാഗ അതിർത്തി വഴി ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലെത്തിയ 2,000 സിഖ് തീർഥാടകരിൽ ഒരാളാണ് 48-കാരിയായ സരബ്‌ജിത് കൗർ. നവംബർ 13-ന് തീർത്ഥാടകർ മടങ്ങിയെങ്കിലും സരബ്‌ജിത് കൗറിനെ കാണാതാവുകയായിരുന്നു .പിന്നീട്തദ്ദേശ ഹുസൈനെ ഇവ‍ർ വിവാഹം കഴിച്ചതായി ലാഹോറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

 

രണ്ട് പ്രമുഖ ഓൺലൈൻ ഗെയിമിംഗ് കമ്പനികളായ വിൻസോ (WinZO), ഗെയിംസ്‍‌ക്രാഫ്റ്റ് (Gameskraft) എന്നിവയ്ക്കെതിരെ ശക്തമായ നടപടി ആരംഭിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഗെയിമർമാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അൽഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ബെംഗളൂരുവും ദില്ലിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ രണ്ട് ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്

 

അയൽരാജ്യമായ ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഐൻ എൽ-ഹിൽവേയിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ലെബനനിൽ ഇസ്രായേലി നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു നടന്നത്.

 

ദക്ഷിണാഫ്രിക്കയിൽ ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിക്കായി മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അമേരിക്കൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനിൽക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *