അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാന്‍ ആയിരുന്നു. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ആലപ്പുഴയിലെ നിർമ്മാണ അപകടത്തെ തുടർന്ന് വിശദീകരണവുമായി ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗതാഗത നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിർദ്ദേശം നൽകിയിരുന്നു എന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ അശോക ബിൽഡ്കോൺ കമ്പനിയോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവർ രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കില്ലെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉറപ്പ് തരണമെന്നും സുഹൃത്തായ രാജേഷ് വ്യക്തമാക്കി. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു . സർക്കാരിൽ നിന്ന് ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാൻ മുൻ കരുതൽ വേണം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിലെ അപകടത്തെ തുടർന്ന് കരാർ കമ്പനിയായ അശോക ബിൽഡ്കോൺ കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ വേണു ഗോപാൽ നൽകിയ വിശദീകരണം നാട്ടുകാർ തള്ളി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് വേണു ഗോപാൽ പറഞ്ഞു. കൂടാതെ, തങ്ങൾ സാധാരണയായി വാഹനങ്ങളെ കടത്തി വിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. എന്നാൽ, നിർമ്മാണ സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഗർഡർ അപകടത്തെ തുടർന്ന് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി.
അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ലെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഭരണപരമായ ബാധ്യതയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെയും സംയോജനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്ഥാവനക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി. ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല, ബിനോയ് വിശ്വത്തിൻ്റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുന്നുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി എം ശ്രീയെ ജയപരാജയങ്ങളുടെ അളവുകോൽ വെച്ച് അളക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് രാഷ്ട്രീയ ബോധ്യമുണ്ടെന്നും പി എം ശ്രീയെ കുറിച്ച് ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. സംസ്ഥാനം എന്ത് കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ആരാഞ്ഞ ഹൈക്കോടതി ഹർജിയിൽ നാളെ ഉത്തരവ് പറയും.
സപ്ലെൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ പുതുക്കാട് മണ്ഡലത്തിലെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ടൺ നെല്ല്. ഒന്നരമാസമായി കൊയ്തെടുത്ത വിരിപ്പൂ കൃഷിയുടെ നെല്ലാണ് പറമ്പുകളിലും വീട്ടുമുറ്റത്തും കിടക്കുന്നത്. സൂക്ഷിക്കാൻ ഇടമില്ലാതെ പല കർഷകരുടെയും നെല്ല് നശിച്ചുകൊണ്ടിരിക്കുകയാണ്. കൃഷി ചെയ്തെടുത്ത നെല്ല് സംഭരിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് കർഷകർക്കുള്ളത്.
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ശബരിമല സ്വർണ കൊള്ളയുമായി ബന്ധമുളള 2019 ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവിൽ ദേവസ്വം വിജിലൻസ് തിരു. സോൺ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശ്.
ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് തന്ത്രിയോട് അനുമതി തേടി എസ്ഐടി. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളിൽ നിലവിലുള്ള പാളികൾ, കട്ടിളപാളികൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടി നടപടി തുടങ്ങിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പാലക്കാട്ടെ പ്രമുഖ നേതാവ് പി.കെ.ശശി. ലണ്ടനിൽ കാൾ മാർക്സിൻറെ ശവകുടീരത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് എഴുതിയ ഫെയ്സ്‌ബുക് കുറിപ്പിലാണ് വിമർശനം. സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ലെന്നാണ് വിമർശനം. സിപിഎം ലോക്കൽ സെക്രട്ടറി സ്‌പിരിറ്റ് കേസിൽ അറസ്റ്റിലായ സംഭവം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പി.കെ.ശശിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ചർച്ചയാവുന്നത്.
കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ. ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന തരത്തിലുള്ളതാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. കൊല്ലൂർവിള സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ പരാമർശിച്ചുള്ളതാണ് പോസ്റ്റർ.
ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതായി ഇന്ന് ദില്ലിയിലെ എൽഎൻജെപി ആശുപത്രി സ്ഥിരീകരിച്ചു. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിലാലാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. അതേസമയം സ്ഫോടണം നടന്ന സ്ഥലത്ത് നിന്നും ആയിരം അടി (300 മീറ്റർ) ദൂരെയുള്ള കടയ്ക്ക് മുകളിൽ നിന്ന് ശരീര ഭാഗം കണ്ടെത്തി. ലജ്‌പത് റായ് മാർക്കറ്റിലെ കടയ്ക്ക് മുകളിൽ ഒരാളുടെ വേർപെട്ട കൈ കിടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് സൂചന. ഇന്നലെ ഹരിയാനയിൽ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്. അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ദില്ലിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ സമയം ചിലവിട്ടുവെന്നാണ് വിവരം.
ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ദില്ലിയിൽ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്.
ദില്ലിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. അൽഫല സർവകലാശാലയിലെ ഡോക്ടർമാരുടെ മുറികളിൽ നിന്നാണ് ഡയറിയും നോട്ട്ബുക്കുകളും കണ്ടെത്തിയത്. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന.
ദില്ലിയിലെ സ്ഫോടന അന്വേഷണം ഇന്ത്യ മികച്ച പ്രൊഫഷണലിസത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ.
ബിഹാർ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കയണമെന്ന് പ്രവർത്തകരോട് ആർജെഡി. ബിജെപി സ്‌പോൺസേർഡ് എക്സിറ്റ് പോൾ ഫലങ്ങൾ ആണ് പുറത്തുവന്നത്. മഹാസഖ്യത്തിന് 160 ന് മുകളിൽ സീറ്റ് കിട്ടുമെന്നാണ് ആർജെഡി നേതൃത്വം പറയുന്നത്.
യാത്രാനടപടികൾ എളുപ്പമാക്കുന്നതിനും സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് ഐഡൻറിറ്റി പരിശോധനക്കുമായി രാജ്യത്തെ കര, കടൽ, വ്യോമ കവാടങ്ങളിൽ ‘സ്മാർട്ട് പാസ്’ ഉടൻ ആരംഭിക്കുമെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു. റിയാദിൽ നടന്ന ‘ഡിജിറ്റൽ ഗവൺമെന്റ് 2025’ഫോറത്തിലാണ് വെളിപ്പെടുത്തൽ.
രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വേതനവും സുരക്ഷയും സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. സ്ത്രീകൾക്ക് സമ്മതമാണെങ്കിൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം എന്നാണ് യോഗി ആദിത്യനാഥ് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. വ്യാവസായിക, കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഉദ്ദേശം.
ഗുജറാത്തിൽ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഹമ്മദാബാദ് അമറേലി സെഷൻസ് കോടതിയുടെതാണ് വിധി. മൂന്നു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തുകയും ചെയ്തതിൽ അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കിഴക്കൻ ലഡാക്കിലെ തന്ത്ര പ്രധാന മേഖലയിൽ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി ഇന്ത്യ. ചൈനീസ് അതിർത്തിയോട് ചേർന്ന ന്യോമ വ്യോമതാവളമാണ് വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. ദില്ലിയിലെ ഹിൻഡൺ എയർപോർട്ടിൽ നിന്ന് ന്യോമയിെ മുദ് എയർഫീൽഡിലേക്ക് സി-130ജെ ‘സൂപ്പർ ഹെർക്കുലീസ്’ വിമാനം പറത്തിയാണ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഈ വ്യോമതാവളത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ യു.എസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറൽ സർക്കാരിൻ്റെ സുപ്രധാന സേവനങ്ങൾ പുനഃസ്ഥാപിക്കാൻ വഴി തുറന്നത്. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകാനും എയർ ട്രാഫിക് കൺട്രോൾ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു.
പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ആയിരുന്നു ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു.
