ഒരു വ്യക്തി ഒരു ദിവസം ആറ് മുതല്‍ 32 തവണ വരെ കോട്ടുവായ ഇടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ശുഭസൂചകമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാകാം. തെര്‍മോറെഗുലേഷന്‍ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവായ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്റെ ലക്ഷണമായി കണക്കാക്കാറില്ല. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമാണ്. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകളെ തുടര്‍ന്ന് പകല്‍സമയത്ത് ഉറക്കം അനുഭവപ്പെടാം, ഇത് അമിതമായി കോട്ടുവായ ഇടുന്നതിലേക്ക് നയിക്കാം. രാത്രിയില്‍ കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിലെ ചില അവസ്ഥകള്‍ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ അമിതമായി കോട്ടുവായ ഇടാം. ചില പഠനങ്ങള്‍ അനുസരിച്ച് അമിതമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവം കുറയുന്നതിന്റെ അഥവാ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു.
15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടരുത്!
