Your paragraph text 7

ബ്രിക്സ് ഉച്ചകോടിക്കായി വിദേശ നേതാക്കൾ ദില്ലിയിലെത്തുന്ന പശ്ചാത്തലത്തിൽ ചേരിപ്രദേശങ്ങൾ മറയ്ക്കാൻ നടപടിയെടുത്തതിനെതിരെ കോൺഗ്രസ്. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അതേസമയം, മറ്റ് രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു.

‎സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്.

‎പിണറായിക്കെതിരായ ഇഡി നീക്കത്തെ രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം. ഇഡി ലക്ഷ്യം വയ്ക്കുന്നത് പാർട്ടിയെയാണെന്ന് പറഞ്ഞ് പിണറായിക്ക് പൂർണ്ണ പിന്തുണ നൽകുകയാണ് സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ.

‎തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാൻ ശ്രമിച്ചതിൽ പാർട്ടി വിജയിച്ചില്ലെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക്. സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‎സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്.

‎രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതൻമാർ മതവിധികൾ പറയുന്നത്, അതുകൊണ്ട് തന്നെ ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.


‎അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എകെ ഷാനിബ്. മരണത്തിനു കീഴടങ്ങിയ മനുഷ്യനെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, അത് നമ്മുടെ തന്നെ രാഷ്ട്രീയബോധത്തിന്റെ പരാജയമാണെന്ന് താൻ കരുതുന്നുവെന്ന് ഷാനിബ് പറഞ്ഞു.

‎ഓൺലൈൻ ആപ്പുവഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ തട്ടിപ്പ്. യാത്രയ്ക്കായി വാഹനം എത്തിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് മറ്റൊരു അക്കൗണ്ടിൽ നിന്നു പണമെത്തിയതായി വ്യാജ സന്ദേശമെത്തുക. ആശുപത്രി ആവശ്യം ഉൾപ്പടെ പറഞ്ഞ് വിളിക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി.

‎തൃശൂരിൽ ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്.

‎കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ കയറി നാലംഗ സംഘത്തിന്റെ ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും കവരാൻ ശ്രമിച്ചെന്നാണ് അതിഥി തൊഴിലാളികളുടെ പരാതി.

‎വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു.

‎വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ സിഐഎ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‎ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് ഡൽഹിയിൽ ഒരുക്കിയത് വൻ സുരക്ഷ. ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടൽ സ്ഥിതിചെയ്യുന്ന പ്രദേശം നോ ഫ്ലൈ സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിനടിയിലൂടെയുള്ള ഭൂഗർഭ പൈപ്പ് ലൈനുകളും വരെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നാണ് വിവരം.

‎ഷീ ജിൻപിങ്ങിനെതിരെ ദില്ലിയിൽ ടിബറ്റൻ അനുകൂലികളുടെ പ്രതിഷേധം. ടിബറ്റൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഭാരത് മണ്ഡപത്തിന് സമീപം പ്രതിഷേധിച്ചത്. “ടിബറ്റ് സ്വതന്ത്രമാക്കുക”, “ഷീ ജിൻപിങ് മൂർദാബാദ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

‎ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി നേതാവ് സൗരവ് ദാസ്. ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക് എന്നായിരുന്നു സൗരവ് ദാസിന്റെ ചോദ്യം. സിജെപി സമരത്തിനിടെ സമരക്കാർക്കും നേതാക്കൾക്കും ചൈനീസ് ബന്ധമുണ്ടെന്നും ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും ആരോപിച്ച് ബിജെപി അനുകൂല സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

‎മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) നാഷ്‌വില്ലെയ്‌ക്കെതിരായ മത്സരത്തിൽ പെനാൽറ്റി ബോക്‌സിന് പുറത്തു നിന്ന് തകർപ്പൻ ഗോളടിച്ച് അർജന്‍റീന ഇതിഹാസം ലയണൽ മെസി. എന്നാൽ മെസിയുടെ വണ്ടർ ഗോളിനും ഇന്‍റർ മയാമിയെ വിജയത്തിലെത്തിക്കാനായില്ല. ആവേശകരമായ പോരാട്ടം 2-2 സമനിലയിൽ കലാശിച്ചു.

‎വനിതാ ടെന്നീസിലെ പുതിയ ഒന്നാം റാങ്കുകാരി എലേന റൈബക്കിന യു എസ്‌ ഓപണ്‍ ചാമ്പ്യന്‍. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബെലാറസിന്റെ ആര്യന സബലെങ്കയെ കസാഖിസ്ഥാന്‍ താരം കീഴടക്കി (6-4,5-7,6-2).

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *