കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് സർക്കാർ കേന്ദ്രത്തിനു കത്ത് അയക്കും. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്.
കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചില തർക്കങ്ങൾ നടക്കുന്നുണ്ടെന്നും അത് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ. വിദ്യാഭ്യാസ വകുപ്പിന് കിട്ടേണ്ടിവരുന്ന 1450 കോടി രൂപ കിട്ടാതെ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് വിഷയം. മന്ത്രി എന്ന നിലയിൽ ശിവൻകുട്ടി നേരിട്ട് പോയി കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി പിന്നെയും സംശയങ്ങൾ ഉള്ളതാണ് ദൂരീകരിക്കാൻ ചർച്ചകൾ നടക്കുന്നത് അത് പരിഹരിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വിവര സാങ്കേതിക മേഖലയിൽ സംസ്ഥാനത്ത് 2031-നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്‍റേതാകണം. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും, ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും, കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തില്‍ നടപ്പാവുന്നില്ലെന്നും എഐസിസി വിമർശിച്ചു. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്നും നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നുവെന്നും ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറിയെന്നും വെള്ളാപ്പള്ളി നടേശൻ. കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കമാണെന്നും മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണരീതികൾ മാറ്റണം ആത്മാർത്ഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണമെന്നും പ്രൊഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂവെന്ന യുവതിയുടെ പ്രസ്താവനക്കെതിരെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഈ പ്രസ്താവന നടത്തിയ അധീന എന്ന പെൺകുട്ടിയുടെ ഉള്ളിൽ എത്ര വലിയ വിഷമാണ് എന്ന് അതിശയിച്ചു പോയെന്നും ആര്യ പറഞ്ഞു. പിന്നീടാണ് അവർ ആർഎസ്എസ് അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓർമ്മ വന്നത്. രാഷ്ട്രീയ പ്രവർത്തകർ നാടിന് മാതൃകയാകേണ്ടവരാണെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഒയാസിസിന് വെള്ളം നൽകാൻ സിപി എം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത്. വാളയാർ-കോരയാർ പുഴകളിൽ നിന്നും വെള്ളം എടുക്കാൻ പ്രതിപക്ഷ എതിർപ്പിനിടെ ഭരണസമിതി യോഗത്തിൽ അനുമതി നൽകി. കെട്ടിട നിർമാണാവശ്യത്തിനുള്ള മുഴുവൻ വെള്ളവും നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഒയാസിസിന്‍റെ കത്ത്. വെള്ളക്കടലാസിൽ നൽകിയ കത്ത് അജണ്ടയിൽ വെക്കാതെ ഭരണ സമിതി പാസാക്കി. കൃഷിക്കും ശുദ്ധ ജലത്തിനും ഉപയോഗിച്ചു വരുന്ന പുഴവെള്ളമെടുക്കുന്നത് അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തതായി പിതാവ് അറിയിച്ചു. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു. പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എം പി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.
അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റി. തകര്‍ന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. അടിമാലി കൂമ്പൻ പാറ ലക്‌ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അതേസമയം സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
കോഴിക്കോട് കടലുണ്ടി റെയില്‍വേ ലെവല്‍ ക്രോസിലെ കിഴക്കുവശത്തെ ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഇതുവഴി യാത്ര ചെയ്യാനിരുന്ന നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ഇരുഭാഗത്തും കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് കിലോമീറ്ററുകളോളം ചുറ്റിത്തിരിഞ്ഞാണ് യാത്ര തുടര്‍ന്നത്.
തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. രേഖകളിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ബോർഡിന്റെ അവകാശവാദം. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി.
140 കിലോമീറ്റർ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ. സർക്കാരിൻറെ അപ്പീൽ തള്ളണമെന്ന് ബസ് ഉടമകൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവൽക്കരണത്തിനാണ് ശ്രമമെന്നും ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഗർഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷനാണ് മരിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.
പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം.
കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. വിനാശകരമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. വീടുകളും സ്കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണു. തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകളിൽ ആശുപത്രികൾക്കും, പാർപ്പിട ഭവനങ്ങൾക്കും, വാണിജ്യ സ്വത്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകി. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ കാലയളവിൽ ലഭിച്ച പരിശീലനവും പരിചയ സമ്പത്തും അവർക്ക് ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിർദേശം.
നിതീഷിനെയും ലാലുവിനെയും ബിഹാർ ജനത വെറുത്തുവെന്നും ജൻസുരാജ് സർക്കാർ ഉണ്ടാക്കണമെന്ന് ബിഹാർ ജനത ആഗ്രഹിക്കുന്നുവെന്നും ജൻസുരാജ് പാർട്ടി ഇരുമുന്നണികൾക്കും ഭീഷണിയെന്നും ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. കിട്ടാവുന്ന വോട്ടുകൾ പരമാവധി നേടുമെന്നും ജൻസുരാജ് വോട്ട്കട്ടർ പാർട്ടിയാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.
തെക്കൻ കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ജഷൻപ്രീത് സിംഗിനെ തലപ്പാവില്ലാതെ യുഎസ് കോടതിയിൽ ഹാജരാക്കി. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിൽ സിഖ് സമൂഹം കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലായാണ് പ്രതിഷേധം ശക്തമാകുന്നത്.
ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ധാക്ക, ചിറ്റഗോങ് നഗരങ്ങളിലാണ് ഇസ്ലാമിക സംഘടനകൾ പ്രതിഷേധം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഹെഫാസത്ത്-ഇ-ഇസ്ലാം, ഇൻതിഫാദ ബംഗ്ലാദേശ് തുടങ്ങിയ തീവ്ര സംഘടനകൾ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
ഡിഎംകെയെ കുരുക്കിലാക്കി വീണ്ടും ജോലിക്ക് കോഴ. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ ജോലിക്ക് കോഴ എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 25 ലക്ഷം മുതൽ 35 ലക്ഷം വരെ രൂപ വാങ്ങി നിയമനം നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. മുഖ്യമന്ത്രി സ്റ്റാലിനാണ് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്. പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കെടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്.
ദില്ലിയിൽ വായുമലിനീകരണം കുറയ്ക്കാൻ ഇന്നലെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്തില്ല. ഈർപ്പം കുറവായിരുന്നതിനാലാണ് ഇതെന്നാണ് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ നൽകിയ വിശദീകരണം. ദില്ലിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും. കൂടാതെ ദില്ലിയിലെ കൂടുതൽ കെട്ടിടങ്ങളിൽ ആന്‍റി സ്മോഗ് ഗൺ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.
മൊൻ താ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
ബ്രസീലിനെതിരെ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പുതിയ നിയമം പാസായത്. ഭരണ അട്ടിമറി ശ്രമത്തിൻ്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡൻ്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിൻ്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്.
ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിർദേശത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്.
ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിൽ സംഘടിത കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വൻ പൊലീസ് റെയ്ഡിൽ കുറഞ്ഞത് 64 പേർ മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ നാല് ബ്രസീലിയൻ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. റെയ്ഡിൽ പൊലീസ് വലിയ അളവിൽ മയക്കുമരുന്ന് പിടിച്ചെടുത്തതായി റിയോ ഡി ജനീറോ സംസ്ഥാന ഗവർണർ ക്ലോഡിയോ കാസ്ട്രോ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
