20251017 141017 0000

സംസ്ഥാന സ്കൂള്‍ കായികമേളയിൽ തുടര്‍ച്ചയായ രണ്ടാം തവണയും 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്‍റിന്‍റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിന്‍റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിന്‍റ് മാത്രമാണുള്ളത്.

 

സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക.

 

സംസ്ഥാന സ്കൂൾ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ വീണ്ടും പ്രായ തട്ടിപ്പ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ സൈന്റ്റ്‌ ജോസഫ്സ് സ്കൂളിലെ മറുനാടൻ താരത്തിനെതിരെയാണ് പരാതി. സബ് ജൂനിയർ വിഭാഗത്തിൽ രണ്ട് സ്വർണം നേടിയ താരത്തിനു പ്രായം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസ് സ്കൂളാണ് പരാതി നൽകിയത്. അതേസമയം കായികമേളയിലെ പ്രായത്തട്ടിപ്പ് പരാതിയിൽ കര്‍‌ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രായത്തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത് ചതിയാണെന്നും തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.

 

ഉഭയകക്ഷിബന്ധം വഷളാകുന്നതിനിടെ സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി നിമിഷ നേരം കൊണ്ട് പിരിച്ചുവിട്ടത്. സിപിഐയുടെ കൈവശമുളള ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പാമായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസിൽ യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ എൻ ബാലഗോപാലും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.

 

മെസ്സിയുടെ കളിക്കെന്ന പേരില്‍ കലൂര്‍ സ്റ്റേ‍ഡിയം നവീകരിക്കുന്നതില്‍ ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഇല്ലെന്ന് ഉമതോമസ് എംഎല്‍എ പറഞ്ഞു. സ്റ്റേഡിത്തിന് ബലക്ഷയം ഉള്ളതാണ് അതു പരിഹരിക്കാനുള്ള നടപടികൾ ആണോ സ്വീകരിച്ചതെന്നതിൽ വ്യക്തത വേണമെന്നും ജിസിഡിഎയുടെ ജനറൽ കൗൺസിൽ മെമ്പറാണ് താൻ തന്നെ ഒരു യോഗത്തിലും വിളിച്ചിട്ടില്ല എന്നും എം എൽ എ പറഞ്ഞു.

 

കാർഷിക സർവകലാശാലയിൽ ഉയർന്ന ഫീസിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ടിസി വാങ്ങിയ പോയ വിഷയത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ചു. വിദ്യാർത്ഥിയെ തിരികെ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. ഫീസ് ഘടനയിൽ‌ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

ശബരിമല സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്സ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്നും ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.

 

 

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചു. പ്രതികളെ ജയിലിൽ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോള്‍ ആണോ എന്ന് കത്തിൽ പറയുന്നില്ല. അതേസമയം, പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്ന് ജയിൽ എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ വ്യക്തമാക്കി.

 

ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് ജയിലിനുള്ളിലും ലഹരി വില്പനയെന്ന് ജയിൽ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിർമാണി മനോജും ലഹരിവില്പനയുടെ കണ്ണികളാണെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ജയിലിൽ കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിലെ പ്രതികൾക്ക് നൽകിയ ജാമ്യപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. പ്രതികൾക്ക് നേരെ പകരം വീട്ടലിന് സാഹചര്യമുണ്ടെന്നും സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഇത് വർഗീയസംഘർഷത്തിന് വഴിവെക്കുമെന്നുമാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികൾ പ്രധാനസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ വിവരവും സംസ്ഥാനം കോടതിയെ അറിയിച്ചു.

 

ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് മുഖേന കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജസ്റ്റിസുമാരായ എസ് എ ധർമ്മാധികാരി, ശ്യാം കുമാർ വി എം എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളി സർക്കാർ യുപി സ്കൂളിന് നേരെ ആക്രമണം. സ്കൂളിന്റെ ജനലും വാതിലും തകർത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ജനൽചില്ലുകൾ പൊട്ടുന്ന ശബ്ദവും മറ്റും പ്രദേശവാസികൾ കേട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വിരലടയാള വിദഗ്ധരെ എത്തിച്ച് പരിശോധന നടത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

 

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തൃശൂര്‍ തെക്കേപ്പുറത്തെ കെട്ടുതറിയിൽ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. ഏറെനാളായി അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ്‌ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു കൊമ്പൻ. ഇന്ന്കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന.

 

പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.

 

കേരളത്തിൽ എസ്ഐആർ പ്രയാസമാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ പ്രതികരിച്ചു. വോട്ടവകാശമുള്ള ആരും പട്ടികയിൽ നിന്ന് പുറത്താകില്ലെന്നും പ്രവാസികൾ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറുമായി സഹകരിക്കണമെന്നും തെരഞ്ഞെടുപ്പിനെ എസ് ഐ ആർ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി എൻഡിഎയിൽ അഭിപ്രായ ഭിന്നത തുടരുന്നു. ബിജെപി നിലപാട് തള്ളി ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി രംഗത്തെത്തി. നിതീഷ് തന്നെയാണ് എന്‍ഡിഎയുടെ മുഖമെന്നും നിതീഷിൻ്റെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും നിതീഷിൻ്റെ സദ്ഭരണവും, മോദിയുടെ നേതൃത്വവും എൻഡിഎക്ക് വൻഭൂരിപക്ഷം നൽകുമെന്നും ജിതൻറാം മാഞ്ചി പറഞ്ഞു.

 

ദില്ലിയിലെ 20കാരിയുടെ ആസിഡ് ആക്രമണ പരാതി നാടകമെന്ന് പൊലീസ്. പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വഴിത്തിരിവായി. പ്രതികൾ എന്ന് പെണ്‍കുട്ടി പറഞ്ഞ മൂന്ന് പേരും ആക്രമണം നടന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു.

 

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. കാലിൽ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ പറഞ്ഞു. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും, കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും വിജയ് ക്ഷമ ചോദിച്ചു. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞതിനാലാണ് കരൂരിൽ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതെന്ന് വിജയ് വിശദീകരണം നൽകി.

 

ടിവികെ അധ്യക്ഷൻ വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. ദുരന്തത്തിൽ മരിച്ച രമേശിന്‍റെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവർത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പരാതി.

 

സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കേസ് എടുക്കാൻ വിചാരണക്കോടതിയുടെ നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവു എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.

 

മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാര്‍ജിച്ചു. ഇതേതുടര്‍ന്ന് ആന്ധ്രാ തീരത്ത് കടൽക്ഷോഭവും ശക്തമായി. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് മോൻത. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലെന്ന നിലയിൽ ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി.

 

തീവ്രവാദ സംഘടനായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ടെക്കിയെ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പൂനെയിലെ കൊണ്ട്‍വ ഏരിയയിൽ താമസിക്കുന്ന സുബൈർ ഹംഗാർഗേക്കർ എന്ന യുവാവിനെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പങ്കുണ്ടെന്നാണ് വിവരം. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്. എന്നാൽ, ഏകദേശം 3,50,000 വരുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ കണക്കുകളെടുക്കുകയാണെങ്കിൽ ഇത് ഏകദേശം 10 ശതമാനത്തോളം വരും.

 

രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറം ഉള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രാഹുൽ തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം വാക്കുകൾക്കതീതമാണ്. മറ്റൊരു നേതാവിനെയും താൻ സഹോദരൻ എന്ന് വിളിക്കാറില്ല. ഫോണിൽ പോലും രാഹുൽ സഹോദരൻ എന്നാണ് വിളിക്കുന്നത്. ആശയവ്യക്തതയുള്ള ബന്ധം ആയി തങ്ങളുടെ സൗഹൃദം വളർന്നുകഴിഞ്ഞുവെന്നും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസ്സ് മുൻ എംഎൽഎയുടെ കൊച്ചുമകന്‍റെ വിവാഹച്ചടങ്ങിലായിരുന്നു പരാമർശം.

 

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരിൽ 50 പേരും. ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം.

 

യുഎസ് സർക്കാരിന്റെ അടച്ച് പൂട്ടൽ 27ാം ദിവസം പിന്നിട്ട തിങ്കളാഴ്ച അമേരിക്കയിൽ ഉടനീളം വൈകിയത് 3370 വിമാനങ്ങൾ. ശമ്പളം അടക്കമുള്ളവ ലഭിക്കാതെ വന്നതോടെ അവശ്യ തൊഴിലാളികൾ ജോലിക്ക് എത്താതെ വന്നതോടെയാണ് ഇത്. ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ അടക്കം ജീവനക്കാ‍ർ ജോലിക്ക് ഹാജരാകുന്നില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *