ഇസ്രയേൽ മന്ത്രിസഭ കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതോടെ ഗാസയിൽ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും അറിയിച്ചു. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണഫായി വിജയൻ. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. നാല് പ്രധാന ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് ഉന്നയിച്ചുവെന്നും വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്‍റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു
ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നതെന്നും ദ്വാരപാലക ശിൽപ്പത്തിന്‍റെ വ്യാജ മോള്‍ഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനൽ ആര്‍ക്കോ വിറ്റുവെന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കോടതി ഇടപെടൽ ആശ്വാസകരമാണെന്നും പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലടക്കം പൊതിഞ്ഞ സ്വര്‍ണത്തിന് ഡിവൈൻ വാല്യൂ വളരെ കൂടുതലാണെന്നും ഇതിനാൽ തന്നെ വലിയ തുകയ്ക്കായിരിക്കും വിൽപ്പന നടന്നിട്ടുണ്ടാകുകയെന്നും പിന്നിൽ വമ്പൻ സ്രാവുകളാണെന്നും ശിൽപ്പി മഹേഷ് പണിക്കര്‍. വിശ്വാസത്തിന്‍റെ പേരിലുള്ള തട്ടിപ്പാണെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ തന്നെ വലിയ കൊള്ളയാണ് നടന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു..
താരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.എൻ്റെ ഒരു കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ വിശദീകരണം നൽകുന്നില്ല. പ്രജാ വിവാദവും സ്വർണ്ണ ചർച്ചയും മുക്കാനാണ് ഇത്തരം നടപടികൾ. എല്ലാം കുതന്ത്രമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളിൽപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് പീഠം നഷ്ടമായെന്ന് പോറ്റി ആരോപണമുന്നയിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
ശബരിമലയിലെ യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹത. മുൻ ദേവസ്വം പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. തന്ത്രിയുട നിർദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാർ പറയുന്നു. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാർ പറയുന്നു. യോഗ ദണ്ഡ് സ്വർണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിൽ സംശയം ഉണ്ട്.
നിയമസഭയില്‍ നടത്തിയ എട്ടുമുക്കാലട്ടി എന്ന പ്രയോഗത്തെ കുറിച്ച് വിദശീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടുമുക്കാലട്ടിയെന്നത് നാടൻപ്രയോഗമാണ്, പ്രതിഷേധത്തനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞത്, ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആള്‍ അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ കെഎസ്‌യുവിനെതിരേ മുദ്രാവാക്യവുമായി എംഎസ്എഫ്. പത്തുവർഷങ്ങൾക്ക് ശേഷം യൂണിയൻ എംഎസ്എഫിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് കെഎസ്‍യുവിനെതിരെ എംഎസ്എഫ് രംഗത്തെത്തിയത്. പ്രധാനപ്പെട്ട അഞ്ച് സീറ്റുകളിൽ കെഎസ്‍യു പിന്തുണയോടെയാണ് എസ്എഫ്ഐ വിജയിച്ചത്. മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചു.
12082 നമ്പർ തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്. തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിനും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിനെ വരവേറ്റ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ചങ്ങനാശ്ശേരിയിൽ നിന്നുമുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു.
സംഘാടന പിഴവ് ആരോപിച്ച് കനകക്കുന്നിലെ കഴിഞ്ഞ ദിവസത്തെ പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പേരൂർക്കടയിലെ ഇന്നത്തെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പരമാവധി ജീവനക്കാർ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ നിർദ്ദേശം. അതിനിടെ ചടങ്ങിനായി ദീർഘനേരം വെയിലത്ത് നിന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കുഴഞ്ഞുവീണു.
2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറും. ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണെന്നും, വൈകാതെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകൾ വരുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎൽഎ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സിനിമക്കാരോട് സമൂഹത്തിന് ഒരു തരം ഭ്രാന്താണെന്നും എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ലെന്നും കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 ാം വാർഷിക ആഘോഷത്തിന്‍റെ സമാപനവേദിയിൽ സംസാരിക്കവെ എംഎൽഎ പറഞ്ഞു. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്‍റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും എംഎൽഎ പറഞ്ഞു. അതേസമയം മോഹൻലാൽ അവതാരകനായി എത്തുന്ന ടിവി ഷോയ്ക്കെതിരെയും യു. പ്രതിഭ എംഎൽഎ വിമർശനം ഉന്നയിച്ചു.
വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെയുള്ള കുഴല്‍പ്പണം അപഹരണ കേസില്‍ പണം ഒളിപ്പിക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ച യുവാവ് അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ.എം. റിയാസ് (41) ആണ് അറസ്റ്റിലായത്.
കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ എറണാകുളം ജില്ലാ അഭിഭാഷകൻ അടക്കം ഏഴു പേര്‍ അറസ്റ്റിൽ. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്‍റെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ തീ പിടുത്തം എങ്ങിനെ ഉണ്ടായി എന്ന് കണ്ടെത്താൻ ഇന്ന് വിദഗ്ധ പരിശോധന നടക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദരും പങ്കെടുക്കും. അതേസമയം പരാതിക്കാരി ലതയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യ സുമയ്യ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീ കൊളുത്തി എന്നായിരുന്നു ലതയുടെ പരാതി.
പാലക്കാട് വാണിയംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിനെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാൽ വിനേഷിനെ ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. അതേസമയം വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യതയെന്ന് ഡോക്ടർ വ്യക്തമാക്കി.
എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരത്ത് കറവ പശു പേവിഷബാധയേറ്റ് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പതിയാരം നീര്‍ത്താട്ടില്‍ ചന്ദ്രന്റെ രണ്ട് വളര്‍ത്തു പശുക്കളില്‍ ഒരെണ്ണമാണ് പേ വിഷബാധയേറ്റ് ചത്തത്. ഈ പശുവിൻ്റെ പാൽ സമീപത്തെ വീടുകളിലും മറ്റും വിതരണം ചെയ്തിരുന്നു. പശു ചത്തതിന് പിന്നാലെ നാട്ടുകാർ ഭീതിയിലായി. പാൽ ചൂടാക്കാതെ കുടിച്ച സമീപവാസികളായ വീട്ടുകാര്‍ക്കും സമീപപ്രദേശത്തെ മറ്റു പശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തി.
ഹരിയാന ഐപിഎസ് ഓഫീസർ വൈ പുരൺ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ചണ്ഡീഗഡ് പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബർ 9 ന്, ഐഎഎസ് ഓഫീസറുടെ ഭാര്യ അമ്നീത് പി കുമാർ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാ പരാതി നൽകിയിരുന്നു. ഭർത്താവ് എഴുതിവച്ച ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.
വകുപ്പ് മേധാവിയുടെ മോശം പെരുമാറ്റത്തിനെതിരെ ദില്ലി എയിംസിലെ നേഴ്സുമാർ പ്രധാനമന്ത്രിക്ക് കത്ത് എഴുതി. വനിത നേഴ്സുമാരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപകരമായി വാക്കുകൾ ഉപയോഗിക്കുന്നു എന്നിവയാണ് ആരോപണം. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ തലവൻ ഡോ.എ കെ ബിസോയിക്കെതിരെയാണ് പരാതി. ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
അസമിൽ ബിജെപി നേതാവും മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. ഇന്നലെയാണ് മുതിർന്ന ബിജെപി നേതാവടക്കമുള്ളവർ രാജി വെച്ചത്, അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു.
വിദ്യാർഥിനികൾ ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഗവർണർ വിവാദപരാമർശം നടത്തിയത്. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ പെൺകുട്ടികൾ അതിൽ നിന്ന് വിട്ടുനിൽക്കണം. ഇത്തരം ലിവ് ഇൻ റിലേഷൻഷിപ്പിൽ അകപ്പെട്ടാൽ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം എന്നും ആനന്ദിബെൻ പട്ടേൽ പറഞ്ഞു.
ഇന്ത്യൻ കമ്പനികളടക്കം 50 ഓളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്കയുടെ കടുത്ത നടപടി. ഇറാനിയൻ എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിൻ്റെ പേരിൽ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് നടപടിയെടുത്തത്. ഇറാന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കമ്പനികൾക്കും എതിരെയടക്കമാണ് നടപടി.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടർന്നാണ് സ്ഫോടനം നടന്നതെന്ന് പറയുന്നു. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ്റെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയ സമയത്താണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.
ബരാക്ക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യാതൊന്നും ചെയ്യാതിരുന്നതിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചതെന്നും, രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്‌കാരം നല്‍കിയെന്നും ട്രംപ് പറഞ്ഞു. ഒബാമ ഒരു നല്ല പ്രസിഡന്റ് ആയിരുന്നില്ലെന്നും താന്‍ എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും അങ്ങനൊന്ന് മുന്‍പ് സംഭവിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) ആഹ്വാനം ചെയ്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്റർനെറ്റ് താൽക്കാലികമായി റദ്ദാക്കി. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് സർക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു.
