20250930 141121 0000

കെ എസ് ആ‌ർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്രയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നും സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.

 

കെ എസ് ആ‌ർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്രയെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ് പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും പക്ഷേ രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നാലാം ദിവസവും നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളമുണ്ടായി. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി.

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേയ്മിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു ചിത്തരഞ്ജൻ എംഎൽഎയുടെ പരിഹാസം. ചോദ്യോത്തരവേളയ്ക്കിടെയാണ് ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടുള്ള എംഎൽഎയുടെ പ്രതികരണം.

 

നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ന് സഭയില്‍ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്നും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാര്‍ കെഎസ്ആർടിസിയിലെ ഐഎന്‍ടിയുസി പ്രസിഡന്റ് കൂടിയായ എം വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തി ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. നാളെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം.

 

ശബരിമലയിലെ സ്വര്‍ണപ്പാളി 2019 ല്‍ തനിക്ക് കിട്ടിയിട്ടില്ല എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ല എന്നും വ്യക്തമാക്കി വ്യവസായി വിനീത് ജെയ്‌ന്‍. 2019 ലെ അഭിമുഖത്തെ ഇയാൾ തള്ളിപ്പറയുകയും ചെയ്തു. അത്തരത്തിൽ ഒരഭിമുഖവും നൽകിയിട്ടില്ലെന്നും രമേഷ് റാവുവിനെയും അറിയാം, ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ശബരിമലയിൽ പോയിട്ടുണ്ട് എന്നും വിനീത് പറഞ്ഞു.

 

വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.

 

തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകിയെന്ന് വിവരം. തലച്ചോറിലെ കാൻസറിന്, ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന വിവരമാണ് പുറത്ത് വരുന്നത്. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവാണെന്നും ഗ്ലോബെല ഫാർമ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.

 

താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ സനൂപിന്‍റെ മകൾ അനയയുടെ രാസ പരിശോധനാ ഫലം വൈകുന്നത് കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.കുട്ടി മരിക്കാൻ കാരണം അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ ഇന്നലെ പറഞ്ഞിരുന്നു.

 

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതികരണവുമായി പ്രതി സനൂപിൻ്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്നും നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും രംബീസ പറഞ്ഞു. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു.

 

ന്യൂമാഹി ഇരട്ട കൊലപാതകത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുൻ ഡിജിപി TP സെൻകുമാർ. കേസിൽ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണെന്നും പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ചത് 2 ഡിവൈഎസ്പിമാരാണ് രാഷ്ട്രീയക്കാർക്ക് സഹായം നൽകിയ ഉദ്യോഗസ്ഥർ പല സ്ഥാനമാനങ്ങളും നേടിയാണ് വിരമിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

 

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുടെ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

 

ഇടുക്കി ചെല്ലാർ കോവിൽ കുരുവിക്കാട്ടുപാറയിൽ ചാണകം ഉണക്കാനിട്ട കർഷകരിൽ നിന്ന് ചക്കുപള്ളം പഞ്ചായത്ത് പിഴ അടക്കാൻ നോട്ടീസ് നൽകി. ഇടുക്കിയിലെ ചക്കുപള്ളം, വണ്ടൻമേട് എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് കുരുവിക്കാട്ടുപാറ. വർഷങ്ങളായി സമീപത്തെ ക്ഷീരകർഷകർ ചാണകം ഉണക്കുന്നത് ഇവിടെയുള്ള പാറപ്പുറത്താണ്. അടുത്തയിടെ ഇവിടെയെത്തിയ ഒരാൾ ഇതിന്‍റെ ഫോട്ടോ എടുത്ത് കളക്ടർക്ക് പരാതി നൽകിയതോടെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡെത്തി പരിശോധന നടത്തി. ഇതാണ് കർഷകർക്ക് വിനയായി മാറിയത്.

 

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കരകളും സ്വദേശികളായ ജയന്തിയും ഭാസുരനുമാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മകളുടെ മൊഴി. വൃക്ക രോഗിയായിരുന്ന ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.ഇന്ന് രാവിലെ തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിലാണ് സംഭവം.

 

ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെയാണ് പൊലീസ് സംഘം ചെന്നെയില്‍ എത്തയത്. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്.

 

ക‍ർണാടകത്തിൽ സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു. കെഡിക്കേരി റസിഡൻഷ്യൽ സ്കൂളിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

 

ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ട് ഫോബ്സ്. മുകേഷ് അംബാനിയാണ് പട്ടികയുടെ തലപ്പത്ത്. 105 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മലയാളികളിൽ എം.എ. യൂസഫലിയാണ് ഒന്നാമത്. 51937 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. മൂത്തൂറ്റ് കുടുംബമാണ് സമ്പന്ന മലയാള കുടുംബം.

 

കരൂർ ദുരന്തത്തിന് പിന്നാലെ നേതാക്കൾ ഒളിച്ചോടിപ്പോയി എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ടിവികെ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ആധവ് അർജുനൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ടിവികെ ഈ പരാമർശം നടത്തിയത്. ടിവികെ നേതാക്കളും പ്രവർത്തകരും ദുരന്തസമയത്ത് ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിയതെന്ന് ആധവ് അർജുനൻ അവകാശപ്പെട്ടു.

 

വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. മുന്നണി വിപുലമാകുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസാമി പറഞ്ഞു. വിജയ്‍യുമായി ഇപിഎസ് സംസാരിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ പരാമർശം.

 

ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ എതിരാളികൾക്ക് എതിരെ AI ദുരുപയോഗം പാടില്ല വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, AI വീഡിയോകൾക്ക് ലേബലിംഗ് നിർബന്ധം എതിരാളികളുടെ സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും മാറി നിൽക്കണം നിരീക്ഷണം ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

 

ബിഹാർ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് ബിജെപി. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നുണ്ടെങ്കിലും, തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുൽ ഒരിക്കലും പറയില്ലെന്ന് ബിജെപി പരിഹസിച്ചു. സഖ്യം പൊളിയുന്നതിന്‍റെ തെളിവാണ് തർക്കമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം

ബിഹാറിന് യുവത്വം വേണമെന്ന പോസ്റ്ററുമായി ചിരാഗ് പാസ്വാൻ രംഗത്തെത്തി

 

രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ വമ്പന്‍ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓൺലൈൻ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകൾ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും മുമ്പ് എഐ സഹായത്തോടെ ഈ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്യും.

 

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര-ബിസിനസ് ബന്ധങ്ങള്‍ക്കാണ് ഈ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 100-ല്‍ അധികം വരുന്ന ബ്രിട്ടനിലെ ബിസിനസ് പ്രമുഖരും മറ്റും അടങ്ങുന്ന വന്‍ സംഘമാണ് സ്റ്റാര്‍മറെ അനുഗമിക്കുന്നത്.

 

ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വിരുന്ന് മെനുവിലും പാക്കിസ്ഥാന് ട്രോൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ ഓർമ്മ പുതുക്കുന്നതാണ് മെനു കാര്‍ഡ്. ഓപ്പറേഷൻ സിന്ദൂറിൽ ആക്രമിച്ച് തകർത്ത പാക് വ്യോമതാവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്കെല്ലാം നൽകിയിരിക്കുന്നത്.

 

സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിൽ അമേരിക്കയിലെ ജീവനക്കാർ. ഷട്ട് ഡൗൺ ഒമ്പതാം ദിവസവും തുടരുന്നതിനിടെ ജീവനക്കാരെ ഉടൻ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. അമേരിക്കയിൽ തുടരുന്ന ഷട്ട് ഡൗൺ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

 

നോബൽ സമ്മാനം ലഭിക്കാനുള്ള സാധ്യതകളിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഏഴോളം ആഗോള സംഘർഷങ്ങൾ അവസാനിപ്പിച്ചു എന്ന് അവകാശപ്പെടുമ്പോഴും നോർവീജിയൻ നോബൽ കമ്മിറ്റി തനിക്ക് പുരസ്‌കാരം നൽകാതിരിക്കാൻ ഒരു കാരണം കണ്ടെത്തും എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. നോബൽ സമ്മാനത്തിനായി നിരവധി രാജ്യങ്ങൾ ട്രംപിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട് അതിലൊന്ന് പാകിസ്ഥാനാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *