വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കത്തിൽ നിന്ന് പിന്മാറി സുതാര്യമായ നടപടി സ്വീകരിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതാണ്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും നിയമസഭ ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്തെ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകികൊണ്ടുള്ള ചര്‍ച്ച പുരോഗമിക്കുന്നു. പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ധനപ്രതിസന്ധിയിൽ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചർച്ചയാകാമെന്ന് ധനമന്ത്രി മറുപടി നൽകുകയായിരുന്നു.

 

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്‍റർ ഇന്ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക. അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിച്ച് സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കി എന്നിവയും ലക്ഷ്യമിടുന്നു.

 

എംഎസ്സി എൽസ കപ്പലപകടത്തിൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നും 1400 ടൺ പാസ്റ്റിക് മാലിന്യമുണ്ടായിയെന്നും മന്ത്രി സജി ചെറിയാൻ. എന്നാൽ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. ചില കണ്ടെയ്നറുകളിൽ നിന്ന് കുമ്മായം കടലിൽ കലർന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്നാൽ എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകൾ പരിശോധിച്ച് സിഎംഎഫ്ആർഐ നടത്തിയ പരിശോധനയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാൻ സഭയെ അറിയിച്ചു.

 

 

എൻഎസ്എസ് സമദൂരത്തിൽ നിന്നു മാറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ജെ കുര്യൻ. എൻഎസ്എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമാണ് ജനറൽ സെക്രട്ടറി നിലപാട് പറഞ്ഞത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിൽ കണ്ടുവെന്നും സുകുമാരൻ നായരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം ഉറപ്പിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്‍റെ സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് വ്യക്തമാക്കിയ കോടതി, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബർ 15 ന് വീണ്ടും പരിഗണിക്കും.

 

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിൽ പ്രതികരിച്ച് മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് എ പത്മകുമാര്‍ പറഞ്ഞു. സ്വർണ പീഠം എടുത്തത് കൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല.അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ആദ്യം കാണാതായെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകുകയും പിന്നീട് അയാളുടെ ബന്ധുവീട്ടിൽ നിന്ന് തന്നെ പീഠം കണ്ടെത്തുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

സ്വര്‍ണ പീഠം കൈവശമുണ്ടായിരുന്നിട്ടും കള്ളം പറയുകയും ദേവസ്വം ബോര്‍ഡിനെ കള്ളന്മാരാക്കുകയും ചെയ്ത സ്പോണ്‍സര്‍ക്കെതിരെ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് പറഞ്ഞു. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ പകിട്ട് ഇല്ലാതാക്കാൻ ചിലരുമായി ചേര്‍ന്ന് സ്പോണ്‍സര്‍ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നാണ് സംശയിക്കുന്നതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു.

 

സ്വര്‍ണ പീഠം കാണാതാവുകയും പിന്നീട് തന്‍റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റി. പീഠം കാണാതായ സംഭവത്തിൽ താൻ എവിടെയും പരാതി നൽകിയിട്ടില്ല. ഹൈക്കോടതി സ്വമേധയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനോ ദേവസ്വത്തിന്‍റെ പേര് ചീത്തയാക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

 

 

പെരിയാർ കടുവ സങ്കേതത്തിന് 75 വയസ്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. എരുമേലിയിലെ ഏയ്ഞ്ചൽ വാലിയിൽ നിന്നും തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂർ – മേഘമല കടുവ സങ്കേത്തതിലേക്ക് നടത്തിയ ജീപ്പ് റാലിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തിരുവനന്തപുരത്തുള്ള ഫോർ ബൈ ഫോർ അഡ്വഞ്ചേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു റാലി.

 

 

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ ഇന്ന് മുതൽ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. അവസാന തീയതി ഒക്ടോബർ 14 ആണ്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും

 

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ രണ്ടാം മത്സരം നടന്ന കോട്ടയം താഴത്തങ്ങാടിയില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ വിജയിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനം. നടുഭാഗം ചുണ്ടൻ മൂന്നാമതെത്തി.

 

കണ്ണൂരില്‍ പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാൻ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

 

ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. പരിശോധന തുടങ്ങിയപ്പോൾ തന്നെ വിദേശത്തുനിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കർണാടക പൊലീസിന്‍റെ സഹായം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.

 

 

പുതുപരിയാരം പഞ്ചായത്തിൻ്റെ കേരളോത്സവത്തോടനുബന്ധിച്ച് സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദനമേറ്റു. പാലക്കാട് മുട്ടിക്കുളങ്ങരയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. കേരളോത്സവത്തിലെ സമ്മാനം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘമാണ് അക്രമം നടത്തിയത്. സമ്മാന വിതരണം തിങ്കളാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് തർക്കം കൈയാങ്കളിയായി മാറിയത്.

 

അപകട കേസിലെ എഫ്ഐആര്‍ അട്ടിമറി നടത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് റെയ്ഞ്ച് ഡിഐ‍ജിയുടെ ശുപാർശ. പത്തനംതിട്ട മുൻ എസ് പി വിനോദ് കുമാർ, തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, എസ്എച്ച്ഒ സന്തോഷ് എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ഐജിക്ക് നൽകിയ ശുപാർശ. തിരുവല്ലയിൽ എഐജിയുടെ സ്വകാര്യവാഹനം ഇടിച്ച് പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

 

കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു. ‌കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചു.

 

പഹൽഗാം ആക്രമണത്തിന് പിന്നാലെ അടച്ച ജമ്മുകശ്മീരിലെ 12 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. ഇതിൽ ഏഴെണ്ണം കശ്മീരിലും അഞ്ചെണ്ണം ജമ്മുവിലുമാണ്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അടുത്തിടെ ഒരു സുപ്രധാന സുരക്ഷാ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ നടന്ന സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷമാണ് നടപടി.

 

തപാല്‍ വകുപ്പ് രാജ്യത്തിനകത്തുള്ള വേഗത്തിലുള്ള തപാല്‍ സേവനമായ ഇൻലാൻഡ് സ്പീഡ് പോസ്റ്റിന്‍റെ ഡോക്യുമെന്‍റ് നിരക്കുകള്‍ പരിഷ്കരിച്ചു. ഒക്ടോബർ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വിശ്വസനീയത, സുരക്ഷ, ഉപഭോക്തൃ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകളും ഈ പരിഷ്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ. കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

 

കരൂരിലെ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്. ഫോൺ വിളിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

 

തമിഴകം വെട്രി കഴകം പ്രസിഡന്റ് വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കരൂർ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേൾക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

 

കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ പരാമര്‍ശം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നം എഫ്ഐആറിലുണ്ട്. അതേസമയം ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഒരു കമ്മീഷനെ നിയമിച്ചു. വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശനാണ് കമ്മീഷന്റെ അധ്യക്ഷ. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

 

 

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ് മാത്രം ഉത്തരവാദിയല്ലെന്ന് പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ്. നടന്നത് അപകടം മാത്രമാണെന്നും വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല. ആർസിബി ആൾക്കൂട്ട ദുരന്തം പോലെയൊരു അപകടം ആണ് കരൂരിലുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആരെയും കുറ്റപ്പെടുത്താൻ താൽപര്യമില്ല, എന്നാൽ അവഗണിക്കാമായിരുന്ന അപകടമാണ് നടന്നത്. ഒരു ഗ്രൗണ്ടിലോ മറ്റോ ആയിരുന്നു റാലിയെങ്കിൽ അപകടത്തിന്റെ തോത് കുറഞ്ഞേക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഐഎസ് റിക്രൂട്ട്മെന്‍റ് കേസിലെ രണ്ട് പ്രതികളെയും എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവിൽ പറഞ്ഞു.

 

പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ തിരിമറി നടത്തി പ്രതികളെ രക്ഷിക്കുന്ന ഓട്ടോപ്സി മാഫിയയിലെ 4 പേർ പിടിയിൽ. ഉത്തർ പ്രദേശിലെ സംഭാലിലാണ് സംഭവം. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മോർച്ചറി സൂക്ഷിപ്പുകാർ എന്നിവരടക്കമുള്ളവരാണ് ഈ ഓട്ടോപ്സി മാഫിയയിലുള്ളത്. മരണ കാരണം അടക്കം മാറ്റിയെഴുതാൻ 50000 രൂപ വരെയാണ് കേസിലെ പ്രതികളിൽ നിന്ന് ഈടാക്കുന്നത്.

 

ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിന്റെ അറസ്റ്റ് അന്യായമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ഗീതാഞ്ജലി അംഗ്മോ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്റ്റ് ഉത്തരവ് ഇതുവരെ കുടുംബത്തിന് നൽകിയിട്ടില്ലെന്നും, ജയിലിൽ പോയി അദ്ദേഹത്തെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

 

സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നാണ് നിവേദനത്തിലെ ആവശ്യം. നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിയെ അറസ്റ്റ് ചെയ്തത്.

 

മാവോയിസ്റ്റുകളുമായി സന്ധി സംഭാഷണത്തിനില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാവോയിസ്റ്റുകളുമായി വെടിനിർത്തൽ ഇല്ലെന്നും ആയുധം വെച്ച് കീഴടങ്ങേണ്ടവർക്ക് കീഴടങ്ങാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വെടിനിർത്തൽ നടപ്പാക്കി ചർച്ച തുടരുണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് കടുപ്പിക്കുന്നത്. ഇതിനിടെ ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 252 മാവോയിസ്റ്റുകളെ വധിച്ചെന്നാണ് കണക്കുകൾ.

 

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു. പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

 

ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.ജുംമു സ്റ്റുഡന്റ്‌സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

 

അമേരിക്കയിലെ മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *