ഭരണഘടനയിൽ അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരന്റെ കടമയാണെന്നും, ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കുന്നുവെന്നും, ഭരണഘടന പദവിയിലുള്ളവർ വരെ അതിന് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം കുററപ്പെടുത്തി.
കേരളത്തിൽ ഐഎസിന്‍റെ ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്ന കേസിൽമേൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവിന് കൊച്ചി എന്‍ഐഎ കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്. നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും. 2018 ലാണ് റിയാസ് എൻഐഎയുടെ പിടിയിലായത്. ഇയാൾക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയിൽ തെളിഞ്ഞിട്ടുള്ളത്.
വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തുടരണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് നിലവിൽ കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടു വരാൻ ഇതു പ്രധാന കാരണമാണെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്ക് സി പി എം നേതൃത്വത്തിന്റ നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്ന് മന്ത്രി ആർ ബിന്ദുവും, കൗൺസിൽ അല്ല ആശയം മുന്നോട്ടു വെച്ചതെന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ പല ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടാമറിയാമെന്നും മന്ത്രി സജി ചെറിയാൻ. എല്ലാ ചെറുപ്പക്കാർക്കും ഇന്ന് സർക്കാർ ജോലി വേണം. വലിയ കുഴപ്പമില്ലാതെ പെൻഷൻ കിട്ടി ജീവിച്ചു പോകാൻ വേണ്ടിയാണിത്. ജോലിക്ക് കയറുന്നവരെ പ്രശ്നമുള്ളൂ, പിന്നെ ഒന്നും കാര്യമില്ല . ഒരിക്കൽ ഡയറക്ടറേറ്റിൽ പോയി നോക്കി. 50 ശതമാനം ആളുകളുമില്ലെന്നും അദ്ദേഹം കുററപ്പെടുത്തി.
പാക്കിസ്ഥാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്. ആദ്യ സൂചനകളിൽ ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയാണ് മുന്നിലെന്നും, ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന നാല് സീറ്റുകളില്‍ മൂന്നിലും ഇമ്രാന്‍റെ പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് (പിടിഐ) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുമാണ് വിജയം.
യുപിഎ കാലത്തെക്കാൾ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നല്കിയെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവകാശവാദമുന്നയിച്ചത്. എന്നാൽ കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും, നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്നു വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നിയിൽ കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും പങ്കെടുക്കും. തിരുവനന്തപുരത്ത് 29 നാണ് സമരാഗ്നിയുടെ സമാപനം.
ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍/ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിച്ച 1000 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുവാനുള്ള നോട്ടീസ് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
മുൻ എം പി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി ആദ്യം താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരക്കുകയും തുടർന്ന് താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറയുകയും, സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൗണ്ട് സിയോൺ ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായ ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ജെയ്സൺ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ജെയ്സന്റെ ഹർജി സുപ്രീംകോടതിയും തള്ളുകയായിരുന്നു. പാർട്ടി പരിപാടികളിലടക്കം ജെയ്സൺ സജ്ജീവമായിട്ടും ഒളിവിലാണെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നാണെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിനിയുടെ ആക്ഷേപം. പൊലീസിനെതിരെ ജില്ലാ കോടതിയിൽ വിദ്യാർഥിനി ഹർജി നൽകിയിട്ടുണ്ട്.
തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് മനുഷ്യാവകാശ പ്രവർത്തകർ സി.പി റഷീദിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ യാക്കരയിലെ ഫ്ലാറ്റിൽ എൻഐഎ സംഘത്തിന്റെ റെയിഡ്. ഇസ്മായിലിൻ്റെ ഫോൺ എൻ.ഐ.എ സംഘം പിടിച്ചെടുത്തു.ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എക്സാലോജിക് വിവാദം വിശദീകരിക്കാൻ പാര്‍ട്ടി കേഡറുകളെ സജ്ജമാക്കി സിപിഎം. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും കണക്കിൽ മാത്രമാണ് തർക്കം എന്നുമാണ് ചർച്ചകളിൽ നേതാക്കൾ പറയുന്നത്.
സപ്ലൈക്കോയിലെ സബ്സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചെങ്കിലും കഴിഞ്ഞ 29 ആം തിയതി നടന്ന ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല. 500 കോടി രൂപ കുടിശ്ശികയുണ്ടെന്നും, ഇനിയും കുടിശ്ശിക തീർത്തില്ലെങ്കിൽ ടെൻഡറിൽ പങ്കെടുക്കില്ലെന്നും വിതരണക്കാർ വ്യക്തമാക്കി. അടുത്തയാഴ്ച വീണ്ടും ടെൻഡർ ക്ഷണിക്കാൻ സപ്ലൈക്കോ തീരുമാനിച്ചിട്ടുണ്ട്.
ബിജെപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നും കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്നു പുറപ്പെടും. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയായിരിക്കും ഒരുക്കുക. ടിക്കറ്റ് നിരക്ക് 3300 രൂപയാണ്, ആസ്താ സ്പെഷ്യല്‍ ട്രെയിനുകളാണ് അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
കണ്ണൂർ തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റിയും കോലധാരിയും. ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും കൈതച്ചാമുണ്ഡി തെയ്യത്തിനിടെ ഇത് പതിവെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കർ പറഞ്ഞു. തെയ്യത്തെ കണ്ട് ഭയന്നോടിയവർക്ക് പരിക്കേറ്റതോടെയാണ് കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ പ്രശ്നങ്ങളുണ്ടായത്.
തിരുവനന്തപുരം അയിരൂപ്പാറ ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. കഴിഞ്ഞ മാസം 13ന് നടന്ന മർദ്ദനത്തിൻെറ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത്. പോത്തന്‍കോട് പൊലീസ് കേസെടുത്തു.
ഇടുക്കി നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെ സസ്പെൻഡ് ചെയ്തു. നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കൂടാതെ പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. ഇതും പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫ് ഡോ പി പുകഴേന്തി വിനോദിനെ സസ്പെന്റ് ചെയ്തത്.
മലപ്പുറത്ത് കൊണ്ടോട്ടി പുളിക്കലിൽ പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു മരിച്ചു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.
ഉത്തരാഖണ്ഡിൽ നൈനിറ്റാൾ ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി മദ്രസ നിര്‍മിച്ചുവെന്നാരോപിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായും, നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി. സ്കൂളുകൾ അടച്ചിടാനും നിർദ്ദേശം നൽകി.
അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ ധനിപൂരിൽ നിർമിക്കുന്ന മുസ്ലിം പള്ളിയുടെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക റംസാന് ശേഷം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്. മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാണ് പള്ളി അറിയപ്പെടുക.
ചൊവ്വാഴ്ച പുലർച്ചെ ഇന്‍ഡോറിലെ ഹർദ ജില്ലയിലെ ബൈരാഗർ പ്രദേശത്തെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ തീപിടിത്തത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി.
പശ്ചിമ ബംഗാളിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്നും, ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും കാണിച്ച് കൽക്കട്ട ഹൈക്കോടതിക്ക് അമിക്കസ് ക്യൂറി റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്.
രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് മോശം തുടക്കം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്.