ചിതലരിക്കാത്ത ചരിത്രപുസ്തകം

ചെല്ലപ്പന്‍ ഭവാനി | നൊസ്റ്റാള്‍ജിയ

സ്വയം സമര്‍പ്പിതമായ നൃത്തോപാസന, എണ്ണിയാലൊടുങ്ങാത്ത സ്റ്റേജുകളില്‍ നൃത്തവുമായി ഒരു ആയുസുമുഴുവന്‍ ഊരുചുറ്റിയ നര്‍ത്തകി. തൊണ്ണൂറ് പിന്നിട്ടിട്ടും ഇടറാതെ മുദ്രകള്‍ പഠിപ്പിക്കുന്ന നൃത്താധ്യാപിക. ചെല്ലപ്പന്‍ ഭവാനി എന്ന നര്‍ത്തകിയുടെ വിശേഷണങ്ങള്‍ ഇതിലും ഒതുങ്ങുന്നില്ല. കേരളനടനം, ബാലെ, എന്നീ കലാരൂപങ്ങള്‍ക്ക് രൂപം നല്‍കിയ ഗുരു ഗോപിനാഥ തങ്കമണിയുടെ ശിഷ്യന്മാരില്‍ അവശേഷിച്ചിരുന്ന ശിഷ്യപ്രമുഖ. കേരളനടനവും ബാലെയും ശ്വാസവായു പോലെ കൊണ്ടുനടന്ന ഒരേയൊരു ചെല്ലപ്പന്‍ ഭവാനി. സിനിമയിലോ വലിയ സാംസ്‌കാരികവേദികളിലോ മുഖം കാണിക്കാത്തതുകൊണ്ട് ചെല്ലപ്പന്‍ ഭവാനി എന്ന ചിതലരിക്കാത്ത ചരിത്രപുസ്തകത്തെ ആരും മറിച്ചുനോക്കിയില്ല. കലോത്സവങ്ങളില്‍ കേരളനടനം ആടിത്തിമിര്‍ക്കുമ്പോഴും ആരും ഓര്‍ത്തില്ല ചെല്ലപ്പന്‍ ഭവാനി നല്‍കിയ സേവനങ്ങളെ. തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ അവര്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവശേഷിപ്പിക്കുന്നത് തന്റെ ആയുസ്സിനോളംതന്നെ നീണ്ട ചരിത്രമാണ്. അത് നൃത്തത്തിന്റെയും നാടകത്തിന്റെയും കൂടിയാകുന്നു. ആയുസ്സും ഓജസ്സും ബാക്കിയായിരുന്ന കാലത്ത് നൊസ്റ്റാള്‍ജിയ മാസികയ്ക്കുവേണ്ടി അവരെ തേടിപ്പോയിരുന്നു. ആ ജീവിതത്തിലേക്ക്….

പഴയകാലത്തില്‍ നിന്നുള്ള ഒരോര്‍മ്മയെ നമിക്കുന്ന ഒരു ചലച്ചിത്രത്തിന്റെ ഫ്ളെക്സിനു താഴെനിന്ന് എങ്ങോട്ട് എന്ന് വീണ്ടും സംശയിച്ചു. ഞാന്‍ തെരയുന്നതും പതിറ്റാണ്ടുകള്‍ക്കുമുമ്പത്തെ ഒരോര്‍മ്മയെയാണ്. മധ്യതിരുവിതാംകൂറിലെ ഉത്സവകാലങ്ങളെ ചിലങ്കയുടെ ധ്വനിയിലും വര്‍ണ്ണപ്പൊലിമനിറഞ്ഞ സ്റ്റേജ് അലങ്കാരങ്ങളിലും വിസ്മയിപ്പിച്ച ഓര്‍മ്മപ്പേരിലെ ഇന്നും ബാക്കിനില്‍ക്കുന്ന നൃത്തസാന്നിധ്യത്തെ. ഭാരതീയ നൃത്തകലാലയം എന്ന ബാനറില്‍ സൂപ്പര്‍ഹിറ്റ് ബാലേകള്‍ ഓരോ വര്‍ഷവും അവതരിപ്പിച്ചിരുന്ന ചെല്ലപ്പന്‍ ഭവാനി ദ്വയത്തിലെ ഭവാനീദേവിയെ.
ഭാരതീയ നൃത്തകലാലയം എന്ന ബോര്‍ഡ് എവിടെയെങ്കിലും വഴികാട്ടാനുണ്ടാവുമെന്നും കരുതി. മൊബൈല്‍ കടകള്‍, ചെറിയ തുണിക്കടകള്‍, മാടക്കടകള്‍ ഒക്കെ സൂചകമാകുന്ന വഴിത്തിരിവുകള്‍. എങ്ങും ഭാരതീയ നൃത്തകലാലയം എന്ന ബോര്‍ഡുകണ്ടില്ല.
കടകള്‍ക്കിടയിലൂടെയുള്ള

ഒരു ഇടവഴി പിന്നിട്ട് വീണ്ടും നടത്തം തുടര്‍ന്നു. തിരുനക്കര അമ്പലത്തിന്റെ ഇടത്തൂടെ വന്ന് പിന്നെ വലത്തോട്ടു തിരിഞ്ഞ്…. പ്രധാനവഴിയില്‍നിന്ന് ഇടവഴികളിലേക്ക്. വഴികള്‍ക്കിടയില്‍ പഴമയോടെ ആ ബോര്‍ഡ്, ‘ഭാരതീയ നൃത്തകലാലയം ചെല്ലപ്പന്‍ ഭവാനി’
ചരിത്രസ്മാരകം പോലെ രണ്ടു ഓടിട്ട കെട്ടിടം. പകിട്ടില്ലാത്ത ഒരു കെട്ടിടത്തിന്റെ മുന്നിലെത്തി വിളിച്ചു, ‘ടീച്ചറേ…”
‘ദാ വരുന്നു…” അകത്തുനിന്നും ടീച്ചറുടെ മറുപടി ശബ്ദം.
ചുമരില്‍ ഗുരുഗോപിനാഥിന്റെയും ഡാന്‍സര്‍ ചെല്ലപ്പന്റെയും ഫോട്ടകളില്‍ മാല ചാര്‍ത്തിയിട്ടുണ്ട്. കുമ്മായം തേച്ച് പഴക്കംചെന്ന ചുമരുകളില്‍ അവരുടെ പ്രകാശിതമായ ചിരി. അതിനടുത്ത് പൂതനാമോക്ഷത്തിലെ പൂതനയായി ഭവാനീദേവിയുടെ ചിത്രം. കൃഷ്ണനോടാണ് പ്രിയമെങ്കിലും പൂതനയെ പ്രണയിച്ചുപോയ അമ്പലപ്പറമ്പിലെ വേദിയെ ഓര്‍ത്തുപോയി. ഭവാനീദേവിയുടെ പൂതനയുടെ സൗന്ദര്യം പ്രണയിപ്പിച്ചിരുന്നു. അകത്തുനിന്നും വാതില്‍ക്കര്‍ട്ടന്‍ മാറ്റി കഥാനായിക, ഭവാനീദേവി ഇറങ്ങിവന്നു.
കണ്ണുകളില്‍ ഇപ്പോഴും മാഞ്ഞിട്ടില്ല കണ്‍മഷിക്കറുപ്പ്, മുഖത്തെ ചുളിവുകളില്‍ അഭിനയരസം കയറിയാല്‍ പ്രായം പോലും മറന്നുപോകും. ഒറ്റനോട്ടംകൊണ്ടോ അനക്കം കൊണ്ടോ ശകുന്തളയായും രാധയായും കൃഷ്ണനായും മാറാനൊരുങ്ങുന്ന മുഖം. ചുളിവുകള്‍ ചിത്രം വരച്ച കൈത്തണ്ടകളില്‍ ഇപ്പോഴുമുണ്ട് താളത്തിന്റെ ചാഞ്ചാട്ടം.
പ്രായമല്ല, മനസാണ് അരങ്ങില്‍ കയറുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍. ഭവാനീദേവിയുടെ മനസിന് ഇപ്പോഴും ചെറുപ്പമാണ്. ഇന്നും തുടരുന്ന നൃത്താധ്യാപന സപര്യ. ഡാന്‍സര്‍ ചെല്ലപ്പന്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ആ നിയോഗിയുടെ കര്‍മ്മംകൂടി ഏറ്റെടുത്തു നടത്തുകയാണ് ഭവാനീദേവി. ആളും ബഹളവുമില്ലെങ്കിലും അരങ്ങില്‍ ഭവാനീദേവിയുടെ ശിഷ്യയെന്ന വന്‍ബിരുദം തേടി കുട്ടികള്‍ വരാറുണ്ട്. ക്ളാസുകളും പരിപാടികളും ഭവാനീദേവിയുടെ മനസില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. വിശ്രമം എടുക്കാതെ ഇപ്പോഴും നൃത്തത്തിലൂടെ ആ ശരീരത്തെ കടഞ്ഞെടുക്കാറുണ്ട്.
85 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാലം, വേദിയില്‍ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി അഭിനയിക്കുന്ന കാലം. ചെല്ലപ്പന്‍ ഭവാനി അന്ന് 12 വയസുള്ള പെണ്‍കുട്ടിയായിരുന്നു. തങ്കമ്മ എന്നായിരുന്നു അന്നത്തെ പേര്. പഠിച്ചതുവരെ മതി സ്‌കൂള്‍പഠനം എന്നു പറഞ്ഞ് അച്ഛനായിരുന്നു തിരുവിതാംകൂര്‍ മഹാരാജാവിന്റെ മേല്‍നോട്ടത്തിലുള്ള ശ്രീ ചിത്രോദയം നൃത്തവിദ്യാലയത്തിലേക്ക് തങ്കമ്മയെയും കൂട്ടി പോയത്. അതിനുമുമ്പായി അപേക്ഷ അയച്ചിരുന്നു, എന്നാല്‍ അപേക്ഷയോടൊപ്പം വച്ച ഫോട്ടോയില്‍ തല ചെരിഞ്ഞാണ് നില്‍ക്കുന്നതെന്ന കാരണത്താല്‍ ഒഴിവാക്കി. തല ചെരിഞ്ഞിട്ടല്ല യഥാര്‍ത്ഥത്തിലെന്ന് കത്തെഴുതി അനുവാദം ചോദിച്ചശേഷമാണ് കുമരകത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള അന്നത്തെ യാത്ര.
ജാതിമതമൊക്കെ നോക്കുന്ന കാലമായിരുന്നു അത്. ജാതിയേതെന്നൊക്കെ വ്യക്തമായി ബോധ്യമായ ശേഷമേ നൃത്തവിദ്യാലയത്തില്‍ പ്രവേശനം ലഭിക്കൂ. രാജാവിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണങ്ങളൊക്കെ കഴിഞ്ഞു. ഇനി കുട്ടിക്ക് അഭിനയശേഷി ഉണ്ടോന്ന് അറിയാനുള്ള ടെസ്റാണ്. എന്തെങ്കിലും അഭിനയിച്ചുകാണിക്കാന്‍ തങ്കമ്മയോട് പറഞ്ഞു.
ഒരു അഭിനയഗാനം അറിയാം. അത് അവിടെ അവതരിപ്പിച്ചു.
‘കൊച്ചുപൂച്ചയെ കണ്ടീടുമ്പോള്‍
ഉണ്ടാം കൌതുകം….’ എന്നു തുടങ്ങുന്ന വരികള്‍ ചൊല്ലിക്കൊണ്ട് അഭിനയിച്ചുകാണിച്ചു. അതോടെ തങ്കമ്മയ്ക്ക് സെലക്ഷന്‍ കിട്ടി. ഗുരുഗോപിനാഥിനുമുന്നില്‍ ഇരുപത്തെട്ടരച്ചക്രം വെറ്റില, അടക്കയോടൊപ്പം ദക്ഷിണയായി വെച്ച് ശിഷ്യയായി തങ്കമ്മയും ചേര്‍ന്നു. ഗുരുവിന്റെ പത്നി തങ്കമണിയും അധ്യാപികയായി അവിടെയുണ്ടായിരുന്നു. നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമായിരുന്നു അന്ന് പഠിക്കാനുണ്ടായിരുന്നത്. പെണ്‍കുട്ടികളില്‍ മൂന്നുപേരും തങ്കമ്മമാരായിരുന്നു. അപ്പോഴാണ് ഗുരുഗോപിനാഥ് ചോദിച്ചത്, ‘വീട്ടില്‍ വല്ല രണ്ടാംപേര് വിളിക്കാറുണ്ടോ?”
‘ഭവാനി എന്നൊരെണ്ണമുണ്ട്.”
‘എന്നാപ്പിന്നെ, ഇനിത്തൊട്ട് ഭവാനീന്നായിക്കോട്ടെ നിന്റെ പേര്.”
അങ്ങനെ തങ്കമ്മ ഭവാനിയായി. കടുത്ത ശിക്ഷകളോടെയായിരുന്നു ഗുരുജി ശിഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൊട്ടാരത്തില്‍ നിന്നും 25 രൂപ സ്റൈപ്പെന്റ് ലഭിച്ചിരുന്നു. മൂന്നുമാസം കൂടുമ്പോള്‍ രാജാവും അമ്മത്തമ്പുരാട്ടിയും നൃത്തവിദ്യാലയത്തില്‍ നേരിട്ടെത്തും. അവര്‍ക്കുമുന്നില്‍ നൃത്തം അവതരിപ്പിക്കണം. കൊട്ടാരത്തിലുമുണ്ടാകും അവതരണം. അതിനിടയില്‍ത്തന്നെ മോഹിനിയാട്ടത്തില്‍ കല്യാണിക്കുട്ടിയമ്മടീച്ചറും കഥകളിയിലെ മുദ്രകളില്‍ കൃഷ്ണന്‍ നായരാശാനും പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. നാലുവര്‍ഷത്തെ പഠനം കഴിഞ്ഞു.
ഗുരുഗോപിനാഥന് മൂകാംബികദര്‍ശനം നിര്‍ബന്ധമായിരുന്നു. ഇടയ്ക്കിടെ മൂകാംബികയിലേക്ക് ഒരു പോക്കുണ്ട്. ആ സമയത്ത് ചിത്രോദയം നൃത്തവിദ്യാലയത്തിലെ കാര്യങ്ങള്‍ തകിടം മറിയുന്നുവെന്ന് രാജാവ് പരാതിപ്പെട്ടു. അങ്ങനെയെങ്കില്‍ ഗുരു ചിത്രോദയത്തില്‍ നിന്നും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് നീട്ടെഴുത്തുവന്നു. പഠിച്ചും പഠിപ്പിച്ചും അവിടെ നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാം. അല്ലാത്തവര്‍ക്ക് പോകാം എന്ന അവസ്ഥ വന്നപ്പോള്‍ ഭവാനി അച്ഛനെ വിളിച്ചുവരുത്തി.
”ഗുരുത്വദോഷം
കാണിക്കേണ്ട. ഗുരു എങ്ങോട്ടാണോ പോകുന്നത് അങ്ങോട്ട് പോയാല്‍ മതി.” എന്നായി അച്ഛന്‍. ഗുരു രാജിവെച്ച് മദ്രാസിലേക്ക് പോകാനാണ് തീരുമാനിച്ചത്. അങ്ങനെ ഗുരുവിനൊപ്പം ഭവാനിയും മദ്രാസിലേക്ക് പുറപ്പെട്ടു. കൂട്ടത്തില്‍ കൂടെ പഠിച്ചിരുന്ന ചെല്ലപ്പനുമുണ്ടായിരുന്നു. കൂടെ പഠിച്ചിരുന്നവരാണെങ്കിലും ഒന്നു മിണ്ടാനോ കാണാനോ പോലും അവസരങ്ങളുണ്ടായിരുന്നില്ല. ക്ളാസില്‍ വച്ചുമാത്രമാണ് കാണാന്‍ പറ്റിയിരുന്നത്. അവിടെ വെച്ച് അധികമൊന്നും സംസാരിക്കാനും പറ്റില്ല. ഇതുതന്നെയായിരുന്നു മദ്രാസിലെ പഠനകാലത്തുമുള്ള സ്ഥിതി.
മദ്രാസില്‍ പഠിപ്പിക്കലും പഠിക്കലുമായി ഗുരുജിക്കൊപ്പം കൂടി. ആ കാലത്ത് ഗുരുജി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. നൃത്തത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമ. അതില്‍ പൂതനാമോക്ഷം അവതരിപ്പിക്കാനുള്ള അവസരം ഭവാനിക്കായിരുന്നു. പത്മസുബ്രഹ്‌മണ്യത്തിന്റെ അച്ഛന്‍ സുബ്രഹ്‌മണ്യമായിരുന്നു സംവിധായകന്‍. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല. ഈ കാലത്താണ് ചെല്ലപ്പന്‍ ഭവാനിയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന് ഗുരുവിനെ അറിയിക്കുന്നത്. ഭവാനിക്കും എതിരില്ലായിരുന്നു. ഗുരു ഭവാനിയുടെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. ചെല്ലപ്പന്റെ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തരക്കേടില്ലെന്നു കണ്ടതോടെ അച്ഛനും വിവാഹത്തിന് സമ്മതംമൂളി.
ചമ്പക്കുളത്താണ് ചെല്ലപ്പന്റെ വീട്. ചമ്പക്കുളത്തുനിന്നും വരനും സംഘവും ബോട്ടും പിടിച്ച് കുമരകത്തെത്തി വിവാഹം നടക്കുമ്പോള്‍ രാത്രി ഒരുമണി. അര്‍ദ്ധരാത്രിയിലെ വിവാഹം കഴിഞ്ഞ് വരനും സംഘവും പെണ്ണിനെയുംകൊണ്ട് ചമ്പക്കുളത്തേക്ക് എത്തുമ്പോള്‍ പുലര്‍ന്നിരുന്നു. പിറ്റേദിവസത്തോടെ ഭവാനി, ചെല്ലപ്പന്‍ ഭവാനിയായി.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകംതന്നെ ചെല്ലപ്പനും ഭവാനിയും മദ്രാസിലേക്ക് വണ്ടികയറി. ഗുരുവിന്റെ കൂടെ നൃത്തം പഠിപ്പിക്കലുമായി തുടര്‍ന്നു. ഈ സമയത്താണ് സിലോണ്‍, ജാഫ്നയിലെ നൃത്തവിദ്യാലയത്തിലേക്ക് ഒരു നൃത്താധ്യാപികയെ വേണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ ചെല്ലപ്പനും ഭവാനിയും പോകട്ടെയെന്ന് ഗുരുഗോപിനാഥ് നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരുവരും ജാഫ്നയിലേക്ക് തിരിച്ചു.
മൂന്നുവര്‍ഷം ജാഫ്നയില്‍ പഠിപ്പിക്കല്‍. ഇടയ്ക്കിടെ നാട്ടിലേക്ക് വന്നുപോകും. മൂന്നുവര്‍ഷത്തിനുശേഷം കാരാര്‍ തീര്‍ന്നതോടെ ജാഫ്നയില്‍ നിന്നും പോന്നു. തിരിച്ചെത്തി തിരുവനന്തപുരത്ത് ഒരു വിദ്യാലയം തുടങ്ങാനായിരുന്നു ചെല്ലപ്പന്റെയും ഭാനിയുടെയും പ്ളാന്‍. എന്നാല്‍ ഗുരു നിര്‍ദ്ദേശിച്ചത് കോട്ടയത്തു തുടങ്ങാനായിരന്നു. അങ്ങനെയാണ് ജന്മനാടായ കോട്ടയത്തെത്തുന്നത്. ആദ്യം അല്‍പം പ്രയാസങ്ങളുണ്ടായെങ്കിലും പിന്നീടത് മാറിക്കിട്ടി. തുടര്‍ന്ന് ഒരു യാത്രയായിരുന്നു, കേരളം മുഴുവന്‍ യാത്ര. പകല്‍ പഠിപ്പിക്കല്‍ രാത്രി ബാലെയും നൃത്തവുമായി ഊരുചുറ്റല്‍. ബസിലും മറ്റുമായിരുന്നു രാത്രികള്‍ മുഴുവന്‍.
ഈ കാലത്തൊക്കെ സിനിമയില്‍ ഡാന്‍സുകാരിയായും നൃത്തസംഘാംഗമായും ഒക്കെ ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ, ചെല്ലപ്പന്‍ ഭവാനിയോട് പറഞ്ഞു, ‘നമുക്ക് ഡാന്‍സ് മതി. സിനിമയിലേക്ക് പോയാല്‍ ഇത് ശ്രദ്ധിക്കാന്‍ പറ്റാതാകും.”
സിനിമയില്‍ പോയാല്‍ കിട്ടുന്ന പ്രതിഫലത്തേക്കാള്‍ വലുതായിരുന്നു സ്റ്റേജുകളില്‍ അഭിനയിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം. വരുമാനക്കണക്കിലല്ല മനസിന് കിട്ടുന്ന ആനന്ദം മാത്രമായിരുന്നു കണക്കുകൂട്ടിയത്. നീണ്ടയാത്രകള്‍ക്കിടയില്‍ ചെല്ലപ്പന്‍ മരണത്തിലേക്ക് പോയി. ഭവാനി തനിച്ചായിരുന്നില്ല, കേരളനടനവും ബാലെയും ചെല്ലപ്പന്‍ ബാക്കിവെച്ചുപോയ നൃത്തകലാലയവും ഒക്കെ കൂട്ടിനുണ്ട്. ചെല്ലപ്പന്റെ സ്മൃതികളില്‍ ഭവാനി നിയോഗംപോലെ ഭാരതീയ നൃത്തകലാലയം നടത്തിക്കൊണ്ടുപോരുന്നു. ഇടയ്ക്ക് മകന്റെ ഭാര്യ ശോഭാരാമചന്ദ്രന്‍ കൂട്ടിനുണ്ടായിരുന്നു. നിരവധി സ്റ്റേജുകളില്‍ അമ്മായിഅമ്മയും മരുമകളും രാധയും കൃഷ്ണനുമായും ശിവനും പാര്‍വ്വതിയുമായൊക്കെ വേഷമിട്ടിരുന്നു. ജോലിയുടെ ആവശ്യാര്‍ത്ഥം അവര്‍ക്കും വിദേശത്തേക്ക് പോകേണ്ടിവന്നതോടെ ചെല്ലപ്പന്‍ ഭവാനി മാത്രമായി.
പ്രായം തളര്‍ത്താത്ത മനസിനോട് ഇനി എന്താണ് ആഗ്രഹം എന്ന് അന്ന് ചോദിച്ചപ്പോള്‍, ”ചെല്ലപ്പന്‍ചേട്ടന്‍ പോയതിനുശേഷം ഞാന്‍ കാര്യമായി സ്റ്റേജില്‍ കയറിയിട്ടില്ല. പിന്നണിയിലായിരുന്നു ഏറെയും. കൂടെ നല്ലൊരു നര്‍ത്തകിയെ കിട്ടിയാല്‍ ഒരു വേഷം ചെയ്യണമെന്നുണ്ട്.” ചെല്ലപ്പന്‍ ഭാവനിയുടെ കൈകള്‍ക്കും കാലുകള്‍ക്കും കണ്ണുകള്‍ക്കും യൗവ്വനം കൈവന്നിരുന്നോ? വന്നിരുന്നു.
നൃത്തമേഖലയിലെ
സംഭാവനകള്‍ പരിഗണിച്ച് കേരളസര്‍ക്കാരും ചില സംഘടനകളും അവാര്‍ഡുകള്‍ സമ്മാനിച്ച് ആദരിച്ചെങ്കിലും കേരളനടനത്തിന്റെയും ബാലെയുടെയും പ്രചാരകയ്ക്ക് അര്‍ഹിക്കുന്ന ആദരങ്ങള്‍ കിട്ടിയിട്ടില്ല. ആദരങ്ങളേക്കാള്‍ കലയില്‍ അര്‍പ്പിതമനസുമായി പോകുന്നവര്‍ക്ക് ഇല്ലെങ്കിലും ആദരങ്ങള്‍ കിട്ടാറില്ലല്ലോ. ഒരു ജീവായുസു മുഴുവന്‍ കലയ്ക്കുവേണ്ടി ഉപാസിച്ച ഭവാനീദേവിക്ക് ഓര്‍മ്മകളില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും നൃത്തത്തിന്റെ മുദ്രകളില്‍ മങ്ങലുണ്ടായിരുന്നില്ല അന്ന്. ഒരു മിനി ബാലെയെങ്കിലും സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള മനസുറപ്പോടെയായിരുന്നു ഭവാനീദേവി ഇരുന്നിരുന്നത്. ആദരവിനോ അവാര്‍ഡുകള്‍ക്കോ വേണ്ടിയല്ലാതെ, സ്വന്തം സംതൃപ്തിയ്ക്കും കലയ്ക്കും വേണ്ടിമാത്രം ഒരു മനുഷ്യായുസ് മുഴുവന്‍ ആടിത്തീര്‍ത്ത അപൂര്‍വ്വം മനുഷ്യരില്‍ അവസാനത്തെ കണ്ണികളില്‍ ഒരാള്‍കൂടി ഈ ഭൂമി വിട്ടൊഴിയുകയാണ്. ചെല്ലപ്പന്‍ ഭവാനിക്ക് ആദരാഞ്ജലികള്‍….

തയ്യാറാക്കിയത്:
കെ. സജിമോന്‍

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *