ശരീര സംരക്ഷണത്തില്‍ പലപ്പോഴും നമ്മള് വിട്ടുപോകുന്ന ഒന്നാണ് കാല് നഖങ്ങള്‍. ശരിയായ രീതിയില്‍ അവ സംരക്ഷിച്ചില്ലെങ്കില്‍ കുഴിനഖങ്ങള്‍ പ്രത്യക്ഷപ്പെടാം. നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളില്‍ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴിനഖം വരാന്‍ കാരണം. അതിനാല്‍ കാല് നഖങ്ങള്‍ പ്രത്യേകം വൃത്തിയായി കഴുകി സംരക്ഷിക്കേണ്ടതുണ്ട്. അതിനായി വീട്ടില്‍ തന്നെ മാസത്തില്‍ രണ്ട് തവണയെങ്കിലും പെഡിക്യൂര്‍ ചെയ്യാവുന്നതാണ്. അണുബാധയും പഴുപ്പും പൂപ്പലും ചിലരില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. ചെറിയ സര്‍ജറിയിലൂടെ കേടുവന്ന നഖം നീക്കം ചെയ്യാന്‍ സാധിക്കും. നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാന് അനുവദിക്കാതെ ഒരേ നിരപ്പില്‍ വെട്ടി നിര്‍ത്തിയാല്‍ കുഴി നഖം തടയാം. പച്ചമഞ്ഞളും വേപ്പെണ്ണയും ചേര്‍ത്തുള്ള മിശ്രിതം കുഴിനഖം മാറാന്‍ ഒരു പരിധിവരെ സഹായിക്കും. ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകള്‍ അതില്‍ ഇറക്കി വച്ചാല്‍ നഖത്തിന്റെ അതിയായ വേദന കുറയും. മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാന്‍ സഹായിക്കും. നാരങ്ങാനീരും വൈറ്റ് വിനഗറും ചേര്‍ത്ത് നഖത്തില്‍ പുരട്ടിയാല്‍ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.
കുഴിനഖം വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
