തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച അന്വേഷണം നാല് മാസത്തിന് ശേഷം എന്തായി എന്ന് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം ഒരു അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചത്. എന്നാൽ അന്വേഷണം പൂര്‍ത്തിയായെന്നാണ് എഡിജിപി അറിയിക്കുന്നത്. മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ റിപ്പോർട്ട് നൽകുമെന്നുമാണ് എഡിജിപി അജിത് കുമാർ പ്രതികരിച്ചത്.
തൃശൂർ പൂരം അലങ്കോലമായതിനെപ്പറ്റി മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ചതെന്നാണ് വിവരമെന്നും , എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതിൽ വ്യക്തതയില്ലെന്നും റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജൻ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചതിന് ശേഷം മറുപടി നൽകാമെന്നും അദ്ദേഹം വിശദീകരിച്ചു.
തൃശ്ശൂര്‍ പൂരംകലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് നാല് മാസത്തിന് ശേഷവും അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം കലക്കിയത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയെന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയുമെന്നും സുനിൽ കുമാർ പറഞ്ഞു.
പൂരം കലക്കിയത് മുഖ്യമന്ത്രിയെന്ന് വിവരാവകാശരേഖ തെളിയിക്കുന്നുവെന്ന് കെ. മുരളീധരന്‍. സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയത്. പൂരം കലക്കിയ ആളെത്തന്നെ അന്വേഷണം ഏല്‍പ്പിച്ചെന്നും, എഡിജിപിയെ തൊട്ടാല്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു
അന്തർദേശീയ ഗൂഡാലോചനയാണ് പൂരം കലക്കലിന് പിന്നിലെന്ന് പാറമ്മേക്കാവ് ദേവസ്വം ആരോപിച്ചു. തൃശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം.ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഢസംഘമുണ്ട്.പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാൻ രാജ്യാന്തര ഗൂഢാലോചന നടന്നുവെന്നും. വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം
രാത്രി എഴുന്നള്ളിപ്പുകളിൽ പൊലീസ് തടസമുണ്ടാക്കിയെന്നും ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.
തൃശൂര്‍ പൂരം വിവാദത്തെ പറ്റി അഭിപ്രായം പറയേണ്ടത് തൃശൂർ ജില്ലാ കമ്മിറ്റിയാണെന്ന് നിർവാഹക സമിതി അംഗം പ്രകാശ് ബാബു. പൂരം അലങ്കോലമായതിനെപ്പറ്റി സിപിഐ സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം അലങ്കോലമായത് തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐ ക്കു ബോധ്യപ്പെടുന്നില്ലെന്ന്
സിപിഐയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട് വന്നാലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂ എന്നും, തൃശൂർപൂരവുമായി ബന്ധപ്പെട്ടും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ഏഴരവര്‍ഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. പ്രതിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ വിചാരണക്കോടതിയാണ് പൾസർ സുനിയുടെ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ചത്.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിന്മേൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടക്കുന്നെന്ന ഗുരുതര ആരോപണവുമായി പി വി. അൻവർ എം.എൽ.എ. തനിക്ക് ലഭിച്ച തെളിവുകൾ എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നും പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് അജിത് കുമാറാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അൻവർ ആരോപിച്ചു.
പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും, ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു.
എൻസിപി നേതാവ് എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ ചര്‍ച്ച തുടങ്ങി. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടി പ്രസിഡന്‍റാക്കണമെന്നാണ് എകെ ശശീന്ദ്രന്‍റെ ആവശ്യം. എന്നാൽ മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്ന് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.
തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമസ്ത തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകള്‍ അടച്ചുകെട്ടിയതു മൂലം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് പരാതി.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഉടന്‍ ആരംഭിക്കും. അധികൃതരുടെ നിർദേശം കിട്ടിയാലുടൻ ഡ്രഡ്ജിംഗ് തുടങ്ങും. ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാകും ഡ്രെഡ്‍ജിംഗ്. മൂന്ന് ദിവസത്തെ കരാരാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എംഡി വ്യക്തമാക്കി.
തൊഴിൽ സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യൻ ആലോചിച്ചിരുന്നതായി സുഹൃത്ത് ആൻമേരി. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും ആൻമേരി കൂട്ടിച്ചേർത്തു.
തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തായത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിലിലുണ്ട്.
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിൽ, ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ, രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയിൽവിട്ടു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെ കസ്റ്റഡിയിൽ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ചോദ്യം ചെയ്തസമയം പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോഗിച്ചതെന്നുമാണ് പോലീസ് വാദം.
മൂന്നാർ എക്കോ പോയിന്റിൽ കൊല്ലത്തുനിന്നെത്തിയ വിനോദ സഞ്ചാരികളെ ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചു. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം. ബോട്ടിങിനായി എക്കോ പോയന്റിലെത്തിയ കൊല്ലത്തു നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘത്തെ കരാർ ജീവനക്കാരനും ഗൈഡുകളും ചേർന്ന് അസഭ്യവർഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം പാർക്കിങ് ജീവനക്കാരാണ് ആദ്യം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ തലവടിയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് തൂങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ ഓമന ഗുരുതരാവസ്ഥയിലാണ്.
ഒഡീഷയിലെ പ്രശസ്ത ഗായിക രുക്‌സാന ബാനു (27) മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. രുക്‌സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്നും വിഷബാധയേറ്റാണ് മരണമെന്നുമുള്ള ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. സുപ്രീം കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്. അക്കൗണ്ടിന്‍റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടില്‍ ഇപ്പോള്‍ കാണാനില്ല. പകരം യുഎസ് ആസ്ഥാനമായുള്ള റിപ്പിളിന്‍റെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷന്‍ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീർ തെരഞ്ഞെടുപ്പില്‍ നാഷണൽ കോൺഫറൻസിൻ്റെ വോട്ടുകൾ പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ ഗുലാം അഹമ്മദ് മിർ പ്രതികരിച്ചു. ഒരു വിഭാഗം നാഷണൽ കോൺഫറൻസ് പ്രവർത്തകർ വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്ന് ഗുലാം അഹമ്മദ് മിർ പറയുന്നു.
വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി ഇൻഡിഗോ എയർലൈൻസിന്റെ പരസ്യം. സ്ത്രീശക്തി എന്താണ് എന്നതിനെ കുറിച്ചുള്ള വാക്യങ്ങളാണ് ഇൻഡിഗോയ്ക്കെതിരെ വിമർശനം ഉയരാൻ കാരണം. വിമാനത്തിലെ വനിതാ ക്യാബിൻ ക്രൂ എങ്ങനെയാണ് പുരുഷാധിപത്യത്തിൽ നിന്ന് രക്ഷപ്പെടുന്നത് എന്ന് കാണിക്കാനായിരുന്നു എയർലൈനിൻ്റെ പരസ്യം ലക്ഷ്യമിട്ടത്. എന്നാൽ, ആ സന്ദേശവും എയർലൈനിൻ്റെ പ്രവർത്തനങ്ങളും തമ്മിൽ കടുത്ത വൈരുദ്ധ്യമുണ്ട് എന്നാണ് വിമർശനം.
ബെംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റിപ്പോര്‍ട്ട് തേടി. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയത്.
സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം ഈ മാസം 23 ന് ആഘോഷിക്കാൻ വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും.
വായനക്കാരെ ഏറ്റവും സ്വാധീനിക്കുന്ന സാഹിത്യകൃതികൾക്കുള്ള ഗോൾഡൻ പെൻ അവാർഡിനായി അറബി ഭാഷ സംസാരിക്കുന്ന എഴുത്തുകാരിൽനിന്ന് സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. പുരസ്കാരം നേടുന്ന കൃതികൾ ജി.ഇ.എ സിനിമകളാക്കുമെന്ന് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ അൽ ശൈഖ് അറിയിച്ചു.
ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയിലേക്ക്. സ്ഫോടനവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. എന്നാൽ പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
തെക്കന്‍ ലെബനനില്‍ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണം യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് യു.എസ് വ്യക്തമാക്കി. ഇസ്രായേലും ഹിസ്ബുല്ലയും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.