ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അദാനിക്കെതിരേ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും മാധ്യമ റിപ്പോര്‍ട്ടുകളും തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍ നഗരം. ഉച്ചവരെ വിജനമായിരുന്ന നഗരത്തിലേക്ക് ഉച്ചയോടെ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളവരുടെ പ്രവാഹം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കടകള്‍ തുറക്കാന്‍ അനുവദിക്കാതേയും ഗതാഗതം നിരോധിച്ചും വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയും തൃശൂര്‍ നഗരത്തെ പോലീസ് വിജനമാക്കിയിരുന്നു. ഉച്ചയ്ക്കു രണ്ടിന് കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ ഇറങ്ങുന്ന മോദി കാര്‍ മാര്‍ഗം തൃശൂരിലെത്തും. കോളജ് റോഡ് മുതല്‍ സ്വരാജ് റൗണ്ടിലൂടെ റോഡ് നടത്തും. തേക്കിന്‍കാട് മൈതാനിയില്‍ നായ്ക്കനാലിലെ സമ്മേളന നഗരയില്‍ മൂന്നു മണിയോടെയാണു മോദി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയിലേക്കു വിളിച്ചു വരുത്താവൂവെന്നു സുപ്രീം കോടതി.
തെളിവു ശേഖരണത്തിനോ കേസിന്റെ തുടര്‍ നടപടികള്‍ക്കോ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓണ്‍ലൈനായി ഹാജരാകണം. ഉദ്യോഗസ്ഥരുടെ വസ്ത്രം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോടതി പരാമര്‍ശം നടത്തരുത്. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത്. ഉച്ചയ്ക്കു മാസ്ക്കറ്റ് ഹോട്ടലിലെ വിരുന്നിലേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. സജി ചെറിയാന് വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ ബിഷപ്പുമാര്‍ പങ്കെടുത്തേക്കും.
ശബരിമലയില്‍ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നര്‍ ക്ഷാമം കാരണം ഒരാള്‍ക്ക് അഞ്ച് ടിന് അരവണയാണ് നല്‍കുന്നത്. പുതുതായി കരാര്‍ എടുത്ത കമ്പനികള്‍ ഇന്ന് കൂടുതല്‍ ടിനുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണം കൂടി. കഴിഞ്ഞ വര്ത്തേതിനേക്കാള് 5,101 കൂടുതല്‍ കേസുകളാണ് നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ 2,35,858 കേസുകളുണ്ടായത്. 2023 നവംബര്‍ വരെ 2,40,959 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ 700 വധശ്രമക്കേസുകളായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വധശ്രമക്കേസുകള്‍ 918 ആയി.
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തിരുവനന്തപുരം പാലോട് തെന്നൂര്‍ സൂര്യകാന്തി നാലു സെന്റ് കോളനിയിലെ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വര്‍ഷമായി രാധാകൃഷ്ണനും ഭാര്യ ഉഷയും അകന്നാണ് കഴിഞ്ഞിരുന്നത്. രണ്ടു മക്കളുണ്ട്. ഭാര്യയോടുള്ള സംശയവും ആക്സിഡന്റ് ക്ലെയിം തുക ലഭിക്കാന്‍ ഒപ്പിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം.
ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തൊന്നാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി വിവാദമായിരുന്നു.
പഞ്ചവാദ്യ കലാകാരന് ക്ഷേത്രക്കുളത്തില്‍ ജീവനൊടുക്കി. വര്‍ക്കല നാവായിക്കുളം രാധാകൃഷ്ണ വിലാസത്തില്‍ അജയ കൃഷ്ണനാണ് മരിച്ചത്. 20 വയസായിരുന്നു. അജയ കൃഷ്ണന്റെ ബൈക്കില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി
പൊന്മുടിയില് വീണ്ടും പുള്ളിപ്പുലി. ഇന്നു രാവിലെയാണ് പൊന്മുടി സ്കൂളിനു സമീപം പുലിയെ കണ്ടത്. ഡിസംബര്‍ 26 നും പൊന്മുടിയില് പുലിയിറങ്ങിയിരുന്നു.
സ്കൂള്‍ ബസ് മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. കാസര്‍കോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
ബോളിവുഡ് നടി അജ്ഞലി പാട്ടിലിനെ കബളിപ്പിച്ച് 5.79 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിചയപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പു സംഘമാണ് പണം തട്ടിയെടുത്തത്.
മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട് ഏറ്റെടുത്തു. പദ്ധതിയിട്ടത് മയക്കുമരുന്നു വില്പന കേന്ദ്രം ആക്രമിക്കാനായിരുന്നു. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവയ്ക്കുകയായിരുന്നെന്നാണു വിശദീകരണം.
ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ ജിം പരിശീലകന് 38 വയസുകാരനായ സുരേഷ് പൊലീസിന്റെ പിടിയിലായി. ദിലിബാബു എന്ന മറ്റൊരാളെ കൊന്ന് താന്‍ മരിച്ചെന്നു വ്യാജരേഖകളുണ്ടാക്കി പണം തട്ടാനായിരുന്നു ശ്രമിച്ചത്. കൊലപാതകത്തിനും തട്ടിപ്പിനും കൂട്ടുനിന്നതിന് ഇയാളുടെ രണ്ടു സുഹൃത്തുക്കളും അറസ്റ്റിലായി.
ആസാമില്‍ തീര്‍ത്ഥാടക സംഘത്തിന്റെ ബസും ലോറിയും കൂട്ടിയിടിച്ച് 12 മരണം. ഗോലഘട്ട് ജില്ലയിലെ ബാലിജാനില്‍ പുലര്‍ച്ചെ അഞ്ചിനാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു.
പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. ഈ മാസം 19 നു തമിഴ്നാട്ടില്‍ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ക്ഷണിക്കാനാണ് ശ്രമം.