ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നതടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍ പുറത്തിറക്കി. എല്‍ഡിഎഫിന്റേത് കോഴിക്കോടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളിലായി 60 ഇന പരിപാടികളാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ളത്. യുഡിഎഫ് പ്രകടനപത്രിക കൊച്ചിയില്‍ രേവന്ത റെഡ്ഡിയാണ് പുറത്തിറക്കിയത്.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുമെന്നും യുഡിഎഫ് പ്രകടനപത്രിക. ഇതര വാഗ്ദാനങ്ങള്‍: എല്ലാം കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കന്‍ അഞ്ചു രൂപയുടെ പലിശ രഹിത വായ്പ, ഇന്ദിരാ കാന്റീന്‍ പദ്ധതി, റബര്‍ താങ്ങുവില 300 രൂപയാക്കും, ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമാക്കും, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു പ്രത്യേക വകുപ്പ്, ശബരിമല ആചാര സംരക്ഷണത്തിനു നിയമം.
കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി നല്‍കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, ഈ അധ്യയന വര്‍ഷം 60,000 പേര്‍ക്ക് ജോലി, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ, വ്യവസായ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കോടി നിക്ഷേപം, അതിവേഗ തെക്ക് വടക്ക് റെയില്‍പാത, ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്നിവയാണു വാഗ്ദാനങ്ങള്‍.
പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
ബംഗാളിലെ മാള്‍ഡ ജില്ലയില്‍ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) സമയത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാര്‍ ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മാള്‍ഡയിലെ കാലിയചക്കില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ, പൊലീസും അര്‍ദ്ധസൈനിക വിഭാഗവും എത്തിയാണ് മോചിപ്പിച്ചത്.
ക്രൈസ്തവര്‍ ദേവാലയങ്ങളില്‍ പെസഹാ വ്യാഴം ആചരിച്ചു. ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മയുമായി ദേവലായങ്ങളില്‍ നടന്ന പാദക്ഷാളന ശുശ്രൂഷയില്‍ വിശ്വാസികള്‍ പങ്കെടുത്തു. വത്തിക്കാനില്‍ ലെയോ മാര്‍പാപ്പ പാദക്ഷാളന കര്‍മം നിര്‍വഹിച്ചു. അന്ത്യത്താഴ സ്മരണ പുതുക്കി ഇന്നു രാത്രി വീടുകളില്‍ അപ്പം മുറിച്ചു പങ്കുവയ്ക്കും. യേശുവിന്റെ കുരിശു മരണത്തെ അനുസ്മരിക്കുന്ന ദുഃഖവെള്ളി നാളെ.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്ര വിമാനത്താവള റണ്‍വേയിലൂടെ കടന്നു പോകുന്നതിനാല്‍ ഇന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കും. വൈകുന്നേരം 4.45 മുതല്‍ രാത്രി ഒമ്പതു വരെയാണു വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക.
പാലക്കാട് വടക്കന്തറയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്താന്‍ ആഹ്വാനം. രമേഷ് പിഷാരടി ജയിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണു ഭയന്നുപോയ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
വനിത ലീഗ് ദേശീയ സെക്രട്ടറി ൂര്‍ബീന റഷീദ് രാജിവച്ചു. പാര്‍ട്ടി വിടില്ല. വനിത ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണനെയന്ന് വാര്‍ത്താ സമ്മേളനത്തില്‍ നൂര്‍ബീന റഷീദ് ആരോപിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്തില്ല. നൂര്‍ബീന പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനത്ത് യുഡിഎഫ് സമ്മേളനത്തില്‍ പ്രസംഗിക്കും.
മലപ്പുറം ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളന്റിയര്‍മാര്‍ക്ക്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു തീരുമാനമെടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മാലം തികയാതെ പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് വീടിനു തീയിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍-അമീന ദമ്പതികളുടെ വീടിനു തീയിട്ടതിന് അമീനയുടെ സഹോദരീ പുത്രന്‍ ഫൈസലിനെയാണു പിടികൂടിയത്.
പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. യുദ്ധംമൂലം വിലവര്‍ധന തടയാനുള്ള ഈ ഇളവ് ജൂണ്‍ 30 വരെ തുടരും.
വിമാന യാത്രാനിരക്ക് വര്‍ധിപ്പിച്ചു. ഇന്‍ഡിഗോ ആഭ്യന്തര യാത്രകള്‍ക്ക് 500 കിലോമീറ്ററില്‍ താഴെ കുറഞ്ഞത് 275 രൂപയും 2000 കിലോമീറ്ററിന് മുകളില്‍ 950 രൂപയും കൂട്ടി. വിദേശ യാത്രകള്‍ക്ക് കാര്യമായ വര്‍ധനയുണ്ട്. ചെറിയ യാത്രകള്‍ക്ക് 2500 രൂപ വര്‍ധിച്ചു. ഗള്‍ഫിലേക്ക് 5000 രൂപയും യൂറോപ്പിലേക്ക് 10,000 രൂപയുമാണ് കൂട്ടിയത്.
ബംഗാളില്‍ ആം ജനത ഉന്നയന്‍ പാര്‍ട്ടിയും (എജെയുപി) അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീനും (എഐഎംഐഎം) തമ്മില്‍ സഖ്യമായി. ഹുമയൂണ്‍ കബീറിന്റെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇരു പാര്‍ട്ടികളും സഖ്യത്തിലെത്തിയത്.
വിവാഹത്തിനു മദ്യം വിളമ്പാത്തതിനു കൂട്ടത്തല്ല്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ അയല്‍വാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചത്. എട്ടു പേരെ പോലീസ് കസറ്റഡിയിലെടുത്തു.
2024 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 ലക്ഷം വോട്ടുകള്‍ അര്‍ദ്ധരാത്രിക്കു ശേഷം രേഖപ്പെടുത്തിയെന്ന് ആരോപണം. സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പരകല പ്രഭാകറാണ് ഇന്ത്യ ടുഡേയില്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ആകെ വോട്ടിന്റെ 4.16 ശതമാനം രാത്രി 11.45നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് പോള്‍ ചെയ്തതെന്നാണ് ആരോപണം.
പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ സംസ്ഥാനത്തെ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി
സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി ലാല്‍ഗുഡിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസ്. തിരുച്ചിറപ്പള്ളി ലാല്‍ഗുഡിയില്‍ സ്വന്തം പാര്‍ട്ടിയായ ഇന്ത്യ ജനനായക പുലികള്‍ കക്ഷിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം.
തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരു ധാരണയുമില്ലെന്നും കടുത്ത പ്രത്യാക്രമണത്തിനു ശേഷിയുണ്ടെന്നും ഇറാന്‍ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങളെ ഇറാന്‍ സൈനിക വക്താവ് തള്ളിക്കളഞ്ഞു. അമേരിക്കയും ഇസ്രായേലും പൂര്‍ണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കനേഡിയന്‍-അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ പത്മ വിശ്വനാഥന്‍ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ബ്രസീലിയന്‍ എഴുത്തുകാരി അന പൗല മായയുടെ ‘ഓണ്‍ എര്‍ത്ത് ആസ് ഇറ്റ് ഈസ് ബനീത്’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് പത്മയെ ഷോര്‍ട് ലിസ്റ്റില്‍ എത്തിച്ചത്.
