20251220 141045 0000

കേരളത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ഇത്തവണയും പപ്പാഞ്ഞികൾ ഉയരുന്നു. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. ‘ഗലാ ഡി. ഫോർട്ട് കൊച്ചി’യുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്.

 

പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.

 

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.

 

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരമോന്നത കോടതി പരിശോധിക്കുക മതസ്വന്തന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ, മതാചാരങ്ങളിൽ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ, എന്നീ വിഷയങ്ങളാണ്. ഇതില്‍ സുപ്രധാന തീർപ്പ് ഉണ്ടായേക്കും.

 

ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യും പിണറായിയും ഒരേ വേദിയിൽ. എന്നാൽ കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുമെന്നും താൻ വേദിയിൽ ഉണ്ടാകില്ലെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണമെന്നും പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു.

 

സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം താൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി താൻ അയിത്ത ജാതിക്കാരനാണോയെന്നും ചോദിച്ചു. .

 

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ദില്ലിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോററി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു.

 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയ എം സ്വരാജിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയത്. എം സ്വരാജിൻ്റെ 2018 ലെ പ്രസംഗത്തിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്.

 

മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. നാഗ്‍പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. നാഗ്‍പൂരിലെ ഷിംഗോഡിയിൽ വെച്ചാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് എന്ന സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്.

 

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മതപരിവർത്തനം അല്ല വൈദികർ നടത്തിയതെന്ന് സിഎസ്ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയിൽ കോശി വ്യക്തമാക്കി. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനെതിരാണ് നാഗ്പൂരിൽ നടക്കുന്നത്. കഴിഞ്ഞ 12 വർഷമായി കുഗ്രാമങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം നൽകുന്നതാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഇതിനോട് പ്രതികരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.

 

മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് വൈദികന്‍റെ ഭാര്യ ജാസ്മിൻ. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും, സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോഴായിരുന്നു ബജ്റംഗ്ദൾ സംഘം എത്തിയത്. ഒരാളെയും തങ്ങൾ മതപരിവർത്തനം നടത്തിയിട്ടില്ല. ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും അവർ പറഞ്ഞു.

 

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല, സ്റ്റേറ്റ് ഷെയർ 500 കോടിയാണ്. 60% വിഹിതവും സംസ്ഥാനത്തിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയ്യാറാണ്. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു.

 

നിയമസഭ തെരരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും ചെറുപ്പക്കാർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും കഴിഞ്ഞതവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

 

കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് വക്കീൽ നോട്ടീസ്. അപകടം നടന്നിട്ട് കഴിഞ്ഞ ദിവസം ആണ് ഒരു വർഷം പൂർത്തിയായത്. കൊച്ചി കലൂർ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്.

 

ഗിഗ് വർക്കേഴ്സ് ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ ആപ്പുകളിലെ ഓർഡറുകൾ എത്തിക്കുന്ന ഓൺലൈൻ ഡെലിവറി തൊഴിലാളികളോട് ഇന്ന് ലോഗ് ഔട്ട് ചെയ്ത് പണി മുടക്കിന്റെ ഭാഗമാകാൻ ഗിഗ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്നാണാവശ്യം. മിനിമം വേതനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

 

ടിക്കറ്റ് നിരക്കായ 18 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വഴിയിലിറക്കി വിട്ട സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ആർടിസി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ നെല്ലിമൂട് സ്വദേശി സി അനില്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 26ന് നടന്ന സംഭവത്തിന് പിന്നാലെ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ ദിവ്യ കെഎസ്ആർടിസിക്ക് പരാതി നൽകിയിരുന്നു.

 

മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അസം സ്വദേശിയെ കയ്പമംഗലത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലകേസിലെ പ്രതി, കൊലചെയ്യപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തി. പരോളിലിറങ്ങിയ സമയത്തായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാളുടെ പരോൾ റദ്ദാവുകയും നാലാം ദിവസം വീണ്ടും ജയിലേക്ക് പോവുകയും ചെയ്തു. കേസില്‍ ഇയാൾ ജീവപര്യന്തം ശിക്ഷി ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 20 ദിവസത്തെ പരോളിൽ 24 ന് നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുക്കുകയായിരുന്നു.

 

കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി. കല്പത്തൂർ സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്ച രാത്രി 7.30നാണു സംഭവം. ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.

 

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടഞ്ഞ ആനയെ തളക്കുകയും ചെയ്തു.

 

കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

 

മുഹമ്മ പോലീസ് സ്റ്റേഷനിൽ സി പി ഒയെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സി പി ഒ എസ്.സന്തോഷ് കുമാർ (44) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

 

കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയെ മുൻകൂട്ടി അറിയിക്കാതെ നടത്തിയ ഈ നീക്കം കോൺഗ്രസ് ഹൈക്കമാൻഡിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, താൻ ഏതാനും ദിവസങ്ങളായി ഡൽഹിയിലുണ്ടായിരുന്നുവെന്നും അതിനിടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് ലഭിച്ചതിൽ തെറ്റില്ലെന്നുമാണ് അധിർ രഞ്ജൻ ചൗധരിയുടെ ഔദ്യോഗിക പ്രതികരണം.

 

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പുതിയ ഹജ്ജ് കോൺസലായി സദഫ് ചൗധരി ഐ.എഫ്.എസ് ചുമതലയേറ്റു. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിനിയാണ്. 31 കാരിയായ സദഫ് ചൗധരി 2020 ബാച്ച് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 23-ാം റാങ്ക് ജേതാവാണ്. ഇതാദ്യമായാണ് ഒരു വനിത ഐ.എഫ്.എസ് ഉദ്യോഗസ്ഥ ഹജ്ജ് കോൺസലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയിൽ വരുന്നത്.

 

ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലളിതമാക്കി. 2025-ൽ നടപ്പിലാക്കിയ ഈ പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, പേപ്പർ അടിസ്ഥാനത്തിലുള്ള മാനുവൽ അപേക്ഷകൾ ഒഴിവാക്കി, അപേക്ഷാ നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

മെയ് മാസത്തിലുണ്ടായ ഇന്ത്യ പാകിസ്ഥാൻ സൈനിക സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ലോകത്തുണ്ടായ പല സംഘർഷങ്ങളിലും ചൈന ക്രിയാത്മകമായ ഇടപെടൽ നടത്തിയെന്ന് വാങ് ഇ പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെയും ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *