മെലാടോണിന്റെ ദീര്‍ഘകാല ഉപയോഗം ഹൃദയസ്തംഭനം മുതല്‍ മരണത്തിനുവരെ കാരണമായേക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സ്വാഭാവികമായ ഉറക്കത്തിന് പലരും സ്വയം വാങ്ങിക്കഴിക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷയേക്കുറിച്ചാണ് പഠനം വിശകലനം ചെയ്തത്. മെലാടോണിന്‍ പാരാസിമ്പതറ്റിക് സിസ്റ്റത്തെ ആക്റ്റിവേറ്റ് ചെയ്യും. ഇതുമൂലം ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറയും. നേരത്തേ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവരുമൊക്കെ വീണ്ടും മെലാടോണിന്‍ അനിയന്ത്രിതമായി എടുക്കുന്നതിലൂടെ ഹൃദയമിടിപ്പിന്റെ താളംതെറ്റാനും രക്തസമ്മര്‍ദം കുറയാനും കാരണമാകും. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദ്രോഗങ്ങളിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കുകയും ചെയ്യും. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്നുള്ള സുനി ഡൗണ്‍സ്റ്റേറ്റ് ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തില്‍ പങ്കാളികളായവരെ രണ്ടുവിഭാഗമായി തിരിച്ചാണ് ഗവേഷണം നടത്തിയത്. ഒരുവര്‍ഷത്തിലേറെയായി മെലാടോണിന്‍ ഉപയോഗിക്കുന്നവരില്‍ മെലാടോണിന്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത 90ശതമാനം കൂടുതലാണെന്നു കണ്ടെത്തിയത്. പൂര്‍ണ്ണമായും ഹൃദയം പ്രവര്‍ത്തനം നിര്‍ത്തുകയല്ല മറിച്ച് ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഓക്‌സിജന്‍ അടങ്ങിയ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരികയാണ് ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
