ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ബലേനോ. നേരത്തെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ഇന്ത്യന്‍ നിര്‍മിത ബലനോ പങ്കെടുത്തിരുന്നു. രണ്ട് എയര്‍ ബാഗും ആറ് എയര്‍ബാഗുമുള്ള ബലേനോയുടെ വകഭേദങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 6 എയര്‍ബാഗുള്ള ബലോനോ 32ല്‍ 26.52 പോയിന്റ് നേടിയാണ് 4 സ്റ്റാര്‍ നേടിയെടുത്തത്. അതേസമയം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 34.81 പോയിന്റ് നേടിക്കൊണ്ട് 3 സ്റ്റാര്‍ നേടാനും ബലേനോക്ക് സാധിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഇരട്ട എയര്‍ബാഗ് മോഡലിന്റെ പോയിന്റുകള്‍ 24.04 ലേക്ക് പിന്നെയും താഴ്ന്നു. ഈ മോഡല്‍ കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ തന്നെ നേടുകയും ചെയ്തു. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ബലേനോ പുറത്തിറങ്ങുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്ത്. അടിസ്ഥാന വകഭേദത്തില്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേയുള്ളൂ. മറ്റു വകഭേദങ്ങളില്‍ മാനുവലിനു പുറമേ എഎംടി ഓപ്ഷനുമുണ്ട്. 6.70 ലക്ഷം രൂപ മുതലാണ് ബലേനോയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് 9.92 ലക്ഷം രൂപ വരെ ഉയരും. ഡെല്‍റ്റ, സെറ്റ വകഭേദങ്ങളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി ഓപ്ഷനുമുണ്ട്.
4 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ബലേനോ
